ഹൈദരാബാദ്: ആപ്പിൾ തങ്ങളുടെ ബജറ്റ് ഫ്രണ്ട്‌ലി ഐഫോണായ ഐഫോൺ എസ്‌ഇ 4 അവതരിപ്പിക്കാനൊരുങ്ങുകയാണ്. 2025 മാർച്ചിലോ ഏപ്രിലിലോ അവതരിപ്പിക്കാനാകുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നതെങ്കിലും പ്രതീക്ഷിച്ചതിലും നേരത്തെ വിപണിയിലെത്തുമെന്നാണ് സൂചന. ഈ ആഴ്‌ച തന്നെ വില കുറഞ്ഞ ഐഫോണായ എസ്‌ഇ 4 പുറത്തിറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
എസ്ഇ സീരീസിലെ നാലാമത്തെ ഐഫോണായിരിക്കും എസ്‌ഇ 4. മുൻ മോഡലായ ഐഫോൺ എസ്ഇ 3 ഫോൺ 2022ലാണ് പുറത്തിറക്കിയിരുന്നത്. നാലാം തലമുറ മോഡലിൽ ഡിസൈൻ, സ്പെസിഫിക്കേഷൻ എന്നിവയിൽ അപ്‌ഗ്രേഡുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഈ ആഴ്‌ച തന്നെ എസ്‌ഇ 4 പുറത്തിറക്കുമെന്ന് സൂചിപ്പിക്കുന്നതാണ് ബ്ലൂംബെർഗ് റിപ്പോർട്ടുകൾ. വിൽപ്പന പിന്നീട് ആരംഭിക്കുമെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഐഫോൺ എസ്ഇ4 നായി ആപ്പിൾ ലോഞ്ച് ഇവന്‍റ് സംഘടിപ്പിക്കാനും സാധ്യത കുറവാണ്. പത്രക്കുറിപ്പിലൂടെ പുറത്തിറക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്.
ഈ ഫോണിനെ സംബന്ധിച്ചുള്ള വിവരങ്ങൾ നിരവധി തവണകളിലായി ചോർന്നിരുന്നു. ഐഫോൺ എസ്‌ഇ 4 ന്‍റെ ഡമ്മി അടുത്തിടെ ചോർന്നിരുന്നു. ഐഫോൺ എസ്‌ഇ 4ന്‍റെ ഡിസൈനിൽ പ്രതീക്ഷിക്കാവുന്ന അപ്‌ഗ്രേഡുകളും മറ്റ് സ്‌പെസിഫിക്കേഷനുകളും പ്രതീക്ഷിക്കാവുന്ന വിലയും പരിശോധിക്കാം.
![IPHONE SE4 PRICE INDIA IPHONE SE4 FEATURES ഐഫോൺ എസ്‌ഇ 4 IPHONE SE4 LEAKS](https://etvbharatimages.akamaized.net/etvbharat/prod-images/09-02-2025/23507613_iphone-se.jpg)
ഐഫോൺ എസ്‌ഇ 4: ഡിസൈൻ
ഐഫോണിന്‍റെ ആദ്യ തലമുറ മോഡലിന് സമാനമായ ഡിസൈനാണ് എസ്ഇ ഫോണുകളുടെ ലൈനപ്പിലും നൽകിയിരിക്കുന്നത്. വലിയ ബെസലുകളും ടച്ച് ഐഡിയും അടങ്ങുന്ന പാറ്റേൺ ആണിത്. എന്നാൽ എസ്‌ഇ4 മോഡലിൽ എന്തെങ്കിലും രൂപമാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ബെസലുകളും ടച്ച് ഐഡിയും മാറ്റി ഫേസ് ഐഡിയുള്ള വലിയ ഡിസ്‌പ്ലേ ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം. എസ്‌ഇ4 ഫോണിന്‍റെ ഡിസൈൻ ഐഫോൺ 14ന് സമാനമാകുമെന്നും ആപ്പിൾ ഇന്‍റലിജൻസിന്‍റെ സെലക്‌ടീവ് എഐ ഫീച്ചറുകൾ ഇതിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
പുതിയ ഡിസൈൻ, അപ്‌ഡേറ്റ് ചെയ്‌ത സ്പെസിഫിക്കേഷനുകൾ, പുതിയ ഫീച്ചറുകൾ എന്നിവയുമായി ഫോൺ പുറത്തിറക്കാനും സാധ്യതയുണ്ട്. ആപ്പിളിന്‍റെ ഏറ്റവും പുതിയ എ18 ചിപ്പ് ഉപയോഗിച്ചായിരിക്കും ഫോൺ പ്രവർത്തിക്കുകയെന്നും സൂചനയുണ്ട്. പഴയ ലൈറ്റ്‌നിങ് പോർട്ടിന് പകരം യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ടായിരിക്കും എസ്‌ഇ 4ന് നൽകുക.
ഇന്ത്യ, ചൈന തുടങ്ങിയ വലിയ വിപണികളെ ലക്ഷ്യം വച്ചായിരിക്കും ഈ ബജറ്റ് ഫ്രണ്ട്‌ലി ഐഫോൺ പുറത്തിറങ്ങുക എന്നാണ് പ്രതീക്ഷിക്കുന്നത്. താങ്ങാനാവുന്ന വിലയിലുള്ള ഐഫോണുകൾക്ക് ആവശ്യക്കാരുമുണ്ടായിരിക്കും. കുറഞ്ഞ വിലയ്ക്ക് പ്രീമിയം സവിശേഷതകൾ ലഭിച്ചാൽ നിരവധി പേരെ ഇത് ആകർഷിക്കും.
ഐഫോൺ എസ്‌ഇ 4: പ്രതീക്ഷിക്കാവുന്ന വില
ഐഫോൺ എസ്ഇ 4ന് മുൻമോഡലിനേക്കാൾ ഉയർന്ന വില പ്രതീക്ഷിക്കാം. ഗൂഗിളിന്‍റെയും സാംസങിന്‍റെയും മിഡ് റേഞ്ച് ഫോണുകളുടെ വിലയ്‌ക്ക് സമാനമായിരിക്കും എസ്ഇ 4ന്‍റെ വിലയും. ഐഫോൺ എസ്ഇ 3 പുറത്തിറക്കിയത് 429 ഡോളർ (ഏകദേശം 37,661 രൂപ) പ്രാരംഭവിലയിലാണ്. അതിനാൽ തന്നെ എസ്ഇ 4ന്‍റെ വില ഏകദേശം 499 (ഏകദേശം 43,806 രൂപ) ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
അതേസമയം ഐഫോൺ എസ്ഇ 3 ഇന്ത്യയിൽ പുറത്തിറക്കിയത് 43,900 രൂപയ്‌ക്കായിരുന്നു. പിന്നീട് ഏതാനും മാസങ്ങൾക്കുള്ളിൽ വില വർധനവ് ഉണ്ടായിട്ടുണ്ട്. നിലവിൽ ഐഫോൺ എസ്ഇ 3യുടെ അടിസ്ഥാന 64 ജിബി സ്റ്റോറേജ് മോഡലിന് 47,600 രൂപയാണ് വില. ഇത് കണക്കിലെടുക്കുമ്പോൾ എസ്ഇ 4ന്‍റെ ഇന്ത്യയിലെ വില 50,000 രൂപയിൽ താഴെയാകാം.
Also Read:
- മൂന്നായി മടക്കാവുന്ന ഫോൺ: ഹുവായ് മേറ്റ് എക്‌സ്‌ടി അൾട്ടിമേറ്റ് ആഗോള ലോഞ്ചിനൊരുങ്ങുന്നു; ഇന്ത്യയിൽ പുറത്തിറക്കുമോ?
- സാംസങ് ഗാലക്‌സി എസ് 25 അൾട്രയിൽ വിലയ്‌ക്കനുസരിച്ചുള്ള അപ്‌ഗ്രേഡുകളുണ്ടോ? എസ് 24 അൾട്രയുമായി താരതമ്യം ചെയ്യാം...
- ലോകത്തിലെ ഏറ്റവും വണ്ണം കുറഞ്ഞ ഫോൾഡബിൾ ഫോൺ: ഓപ്പോ ഫൈൻഡ് എൻ 5 വരുന്നു; ലോഞ്ച് ഫെബ്രുവരിയിൽ
- ഐഫോൺ 16ന് സമാനമായ ആക്ഷൻ ബട്ടൺ: വേറിട്ട ഡിസൈനിൽ നത്തിങ് ഫോൺ 3 എ സീരീസ്; ലോഞ്ച് മാർച്ച് 4ന്
- സാംസങ് ഗാലക്‌സി എസ് 25 സീരീസ് കുറഞ്ഞ വിലയിൽ എവിടെ ലഭിക്കും? വിവിധ രാജ്യങ്ങളിലെ വിലയറിയാം...
- കൂടുതൽ കാലം ഈട് നിൽക്കുന്ന ഫോണാണോ വേണ്ടത്? വിവോ വി 50 വരുന്നു, അഞ്ച് വർഷത്തെ സ്‌മൂത്ത് പെർഫോമൻസ് ഗ്യാരണ്ടി!! ലോഞ്ച് ഫെബ്രുവരി 17ന്