തെലുങ്ക് ദേശത്ത് നിന്നും പുഷ്‌പരാജ് ലോകം മുഴുവനും കൊടുങ്കാറ്റായി ആഞ്ഞുവീശാൻ ഇനി ദിവസങ്ങൾ മാത്രം. അല്ലു അര്‍ജുന്‍ ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പുഷ്‌പ ദ റൂള്‍'. സിനിമയുടെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ 'പുഷ്‌പ ദ റൂളി'ന്‍റെ ആദ്യ പകുതിയുടെ ഡബ്ബിംഗിന് ശേഷം വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകനും ഡബ്ബിംഗ് ആർട്ടിസ്‌റ്റുമായ ജിസ് ജോയ്. വർഷങ്ങളായി അല്ലു അർജുന് വേണ്ടി താരത്തിന്‍റെ സിനിമകളുടെ മലയാളം പതിപ്പിൽ ഡബ്ബ് ചെയ്യുന്നത് ജിസ് ജോയ് ആണ്. 'പുഷ്‌പ ദ റൈസി'ലും ജിസ് ജോയിയായിരുന്നു അല്ലു അര്‍ജുന് വേണ്ടി ശബ്‌ദം നല്‍കിയത്.
ഓരോ സിനിമ കഴിയുന്തോറും അല്ലു അര്‍ജുന്‍ വളരുകയാണെന്നും ഫഹദ് ഫാസിൽ പൊളിച്ചടുക്കിയിട്ടുണ്ടെന്നും കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഒട്ടേറെ മാസ് സീനുകള്‍ രണ്ടാം ഭാഗത്തിലുണ്ടെന്നും ജിസ് ജോയ് പറഞ്ഞു.
"നിങ്ങളെ പോലെ തന്നെ പുഷ്‌പ 2 വരാൻ കാത്തുക്കാത്തിരിക്കുയായിരുന്നു ഞാനും. ആ കാത്തിരിപ്പിന് വിരാമം ആയിരിക്കുകയാണ്. പുഷ്‌പ 2ന്‍റെ ഡബ്ബിംഗ് ഫസ്‌റ്റ് ഹാഫ് കഴിഞ്ഞു. ഇനി സെക്കൻഡ് ഹാഫ് ഡബ്ബിംഗ് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആരംഭിക്കാനിരിക്കുന്നത്.
എനിക്ക് ചിത്രം വളരെ ആസ്വാദ്യകരമായി തോന്നി. ഒരു നാഷണൽ അവാര്‍ഡ് വിന്നർ എങ്ങനെ പെര്‍ഫോം ചെയ്യുമോ ആ രീതിയിലുള്ള പക്വതയോടെയാണ് അല്ലുവിന്‍റെ അഭിനയം. ഓരോ സിനിമ കഴിയുന്തോറും അദ്ദേഹം വളരുകയാണ്. വളരെ മനോഹരമായി അദ്ദേഹം പെര്‍ഫോം ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഒട്ടേറെ മാസ് സീനുകള്‍ രണ്ടാം ഭാഗത്തിലുണ്ട്. നമ്മുടെ സ്വന്തം ഫഹദ് ഫാസിൽ പൊളിച്ചടുക്കിയിട്ടുണ്ട്. നല്ല സ്ക്രീൻ പ്ലേ, നല്ല പാട്ടുകള്‍, സുകുമാര്‍ സാറിന്‍റെ ഡയറക്ഷൻ, മികവുറ്റ സിനിമാറ്റോഗ്രാഫി, രശ്‌മിക മന്ദാനയുടെ ആകർഷണീയമായ അഭിനയം അങ്ങനെ എല്ലാം എടുത്തു പറയേണ്ടതാണ്" -ജിസ് ജോയ് പറഞ്ഞു.
സെക്കൻഡ് ഹാഫ് ഡബ്ബിംഗിന് ശേഷം പുതിയ അപ്‍ഡേറ്റുമായി വീണ്ടും വരാമെന്നും ജിസ് ജോയി പറഞ്ഞു. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഡിസംബർ 5നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രം ഇതിനോടകം തന്നെ 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്‌റ്റുകള്‍ പുറത്തുവിട്ട റിപ്പോർട്ടുകൾ.