ഗഗനചാരി എന്ന വ്യത്യസ്‌സ ചിത്രത്തിലൂടെ മലയാള സിനിമയില്‍ പരീക്ഷണ കഥകൾക്ക് പുതിയ മാർഗം തുറന്നുകൊടുത്ത യുവ സംവിധായകനാണ് അരുണ്‍ ചന്തു. സയന്‍സ് ഫിക്ഷന്‍ മോക്യുമെന്‍ററിയായ 'ഗഗനചാരി'ക്ക് ശേഷം എത്തുന്ന അരുൺ ചന്തുവിന്‍റെ പുതിയ സിനിമയും മികച്ച പ്രമേയത്തിലും കഥാപശ്ചാത്തലത്തിലുമാണ് ഒരുങ്ങുന്നത്.
മലയാളത്തിലെ ആദ്യ സോംബി ജോണര്‍ കഥപറയാൻ ഒരുങ്ങുകയാണ് ടീം. വല എന്നാണ് സിനിമയുടെ പേര്. അടുത്തിടെ പുറത്തിറങ്ങിയ വലയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ ശ്രദ്ധേയമായിരുന്നു. ഭൂമിയില്‍ നിന്നും ഉയരത്തിലേക്ക് വളർന്നു പന്തലിച്ച ചുവപ്പന്‍ പേശികളുമായാണ് വലയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ എത്തിയത്.
സിനിമയുടെ രസകരമായ അനൗണ്‍സ്‌മെന്‍റ് വീഡിയോയും പുറത്തിറങ്ങിയിരുന്നു. ഗോകുല്‍ സുരേഷും അജു വര്‍ഗീസും ഭാഗമായ പ്രൊമോഷണൽ വീഡിയോ സിനിമയുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. ഭയവും തമാശയും മലയാളത്തിന്‍റെ സോംബികളെ വ്യത്യസ്‌തരാക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം ചിത്രം ഗനനചാരിയുടെ തുടര്‍ച്ചയാണോ, അതോ സ്‌റ്റാൻഡ് അലോൺ ചിത്രമാണോ, അതുമല്ലെങ്കില്‍ പുതിയ യൂണിവേഴ്‌സിന്‍റെ തുടക്കമാണോ എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ് സിനിമയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
'നമ്മളൊരു സിമുലേഷനിലാണോ, ലോകാന്ത്യം അടുത്തിരിക്കുകയാണ്, മരിച്ചവര്‍ ഉയര്‍ത്തു വരുമ്പോള്‍ നിലനില്‍പ് മാത്രമാണ് ഒരേയൊരു വഴി' എന്നീ വാചകങ്ങളോടെയാണ് അണിയറ പ്രവര്‍ത്തകര്‍ വലയുടെ പോസ്‌റ്റര്‍ പുറത്തുവിട്ടത്. ഈ വാചകങ്ങളെയും ചൂഴ്ന്ന് പരിശോധിക്കുകയാണ് സിനിമ പ്രേമികള്‍.
വൈറസ് ബാധയേറ്റ് സത്വങ്ങളായി മാറുന്ന ഭീകര രൂപികളായ മനുഷ്യരെയും ജീവികളെയുമാണ് സയന്‍സ് ഫിക്ഷന്‍ ലോകത്ത് സോംബികളെന്ന് വിളിക്കുന്നത്. ഇവരുടെ ആക്രമണത്തില്‍ പെടുന്നവരും സോംബികളായി മാറുന്നതാണ് മുൻ സോമ്പി ചിത്രങ്ങളിൽ പ്രതിപാദിക്കുന്നത്. ഹോളിവുഡ് അടക്കമുള്ള വിദേശ ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ഭാഷകളില്‍ വളരെ കുറച്ചു സോമ്പി സിനിമകൾ മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്.
തമിഴിൽ ജയം രവി നായകനായ മിരുതൻ, തെലുഗുവിൽ സോമ്പി റെഡ്‌ഡി, ഹിന്ദിയിൽ സെയ്‌ഫ് അലി ഖാൻ നായകനായ ഗോ ഗോവ ഗോൺ തുടങ്ങിയവയാണ് പ്രധാന ഇന്ത്യൻ സോമ്പി ജോണർ ചിത്രങ്ങൾ. മലയാളത്തിലെ ആദ്യ സോംബി ചിത്രങ്ങളിലൊന്നായാണ് ഇപ്പോള്‍ 'വല' ഒരുങ്ങുന്നത്. 2025ലാകും ചിത്രം തിയേറ്ററുകളിലെത്തുക.
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം ഗഗനചാരിയിലെ അനാര്‍ക്കലി മരിക്കാര്‍, കെബി ഗണേഷ്‌കുമാര്‍, ജോണ്‍ കൈപ്പള്ളില്‍, അർജുൻ നന്ദകുമാർ എന്നിവരും വലയുടെ ഭാഗമാണ്. മാത്രമല്ല, മാധവ് സുരേഷും ഭഗത് മാനുവലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍ സുരേഷും മാധവ് സുരേഷും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും വലയ്ക്കുണ്ട്.
അണ്ടർഡോഗ്‌ഡ് എന്‍റര്‍ടെയിന്‍മെന്‍റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിൻ്റെ സഹനിർമ്മാണം ലെറ്റേഴ്‌സ് എന്‍റര്‍ടെയിന്‍മെന്‍റ്‌സാണ്. ടെയ്‌ലര്‍ ഡര്‍ഡനും അരുണ്‍ ചിന്തുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം സുര്‍ജിത് എസ് പൈ, സംഗീതം ശങ്കര്‍ ശര്‍മ്മ, എഡിറ്റിംഗ് സിജെ അച്ചു, മേക്കപ്പ് ആര്‍ജി വയനാടന്‍, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോണ്‍, വിഎഫ്എക്‌സ് മേരാക്കി, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എഎസ്, സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. ഫൈനല്‍ മിക്‌സ് വിഷ്‌ണു സുജാഥന്‍, ക്രിയേറ്റീവ് ഡയറക്‌ടര്‍ വിനീഷ് നകുലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍ എന്നിവരും നിര്‍വ്വഹിക്കുന്നു.
Also Read: മലയാള സിനിമ നിർമ്മാണം ചിലവേറുന്നു, കോടാലിയാകുന്നോ ഡിജിറ്റൽ വിപ്ലവം? - JIBU JACOB ABOUT DIGITAL CINEMA