മലയാളികളുടെ സ്വന്തം ആക്ഷൻ ഹീറോയാണ് ബാബു ആന്‍റണി. 'ചിലമ്പ്' എന്ന ചിത്രത്തിലൂടെ ക്യാരക്‌ടർ റോൾ ചെയ്‌തുകൊണ്ടാണ് ബാബു ആന്‍റണി സിനിമയിലെത്തുന്നത്. 'വൈശാലി' അടക്കമുള്ള സിനിമകളിൽ നിരവധി അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അദ്ദേഹം മലയാളിക്ക് സമ്മാനിച്ചിട്ടുണ്ടെങ്കിലും മികവുറ്റ ആക്ഷൻ കഥാപാത്രങ്ങളിലൂടെയാണ് ബാബു ആന്‍റണി പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിച്ചത്.
'ചന്ത', 'ഉപ്പുകണ്ടം ബ്രദേഴ്‌സ്' തുടങ്ങി സിനിമകളിലെ ആക്ഷൻ സീനുകൾ ബാബു ആന്‍റണിയെ 90കളിൽ ജനിച്ചവരുടെ പ്രിയപ്പെട്ട താരമാക്കി മാറ്റി. തുടര്‍ന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലും ഇടവേളകളില്ലാതെ അദ്ദേഹം സിനിമകൾ ചെയ്‌തുകൊണ്ടിരുന്നു. പന്ത്രണ്ടിലധികം സിനിമകളിൽ നായകനായും അഭിനയിച്ചിട്ടുണ്ട്.
2023ല്‍ പുറത്തിറങ്ങിയ 'ആർഡിഎക്‌സ്' അടക്കമുള്ള സിനിമകളിലും അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ തന്‍റെ സിനിമ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് ബാബു ആന്‍റണി. ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്‌ടബോധത്തെ കുറിച്ച് തുറന്നു പറയുകയാണ് നടന്‍.
"ഒരു ആക്ഷൻ ഹീറോ ആയി ഞാൻ അവരോദിക്കപ്പെട്ടെങ്കിലും എന്‍റെ കഴിവുകൾ മുഴുവൻ പുറത്തെടുക്കാൻ സാധിക്കുന്ന ആക്ഷൻ ചിത്രങ്ങൾ ഇതുവരെയും സംഭവിച്ചിട്ടില്ല. ഞാൻ നായകനായി എത്തുന്ന ചിത്രങ്ങളൊക്കെ തന്നെയും ചെറിയ ബജറ്റ് സിനിമകളായിരുന്നു. പിന്നീട് വലിയ സിനിമകളിൽ വില്ലനായും അല്ലാതെയുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ പൂർണ്ണതയോടെ പലപ്പോഴും ആക്ഷൻ രംഗങ്ങൾ ചെയ്യാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ് വസ്‌തുത," ബാബു ആന്‍റണി പറഞ്ഞു.
തന്‍റേത് ഒരു ഗ്ലൂമി ക്യാരക്‌ടര്‍ ആണെന്നും പൊതുവെ അവസരം ചോദിക്കുന്നതിനോട് മടിയാണെന്നും അദ്ദേഹം പറഞ്ഞു. "ഗ്ലൂമി ക്യാരക്‌ടറാണ് എന്‍റേത്. അതുകൊണ്ട് തന്നെ ഒരു വലിയ ആക്ഷൻ സിനിമ ചെയ്യണമെന്നുള്ള ആഗ്രഹം ഏതെങ്കിലും നിർമ്മാതാക്കളോടോ സംവിധായകരോടോ എന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. മാർക്കോ പോലെ ഒരു മുഴുനീള ആക്ഷൻ സിനിമ ഇന്നും എന്‍റെ സ്വപ്‌നമാണ്. ഇപ്പോൾ മലയാളത്തിൽ നിന്നും തമിഴില്‍ നിന്നും നിരവധി അവസരങ്ങൾ ഇടതടവില്ലാതെ ലഭിക്കുന്നുണ്ട്. അതൊക്കെ തന്നെയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ്," അദ്ദേഹം പറഞ്ഞു.
ആക്ഷൻ സിനിമകൾ ചെയ്യാന്‍ ഇഷ്‌ടമുള്ള വ്യക്‌തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. "ഉറപ്പായും ഒരു അഭിനേതാവ് എന്ന രീതിയിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിക്കുന്നത് നല്ലത് തന്നെയാണ്. പക്ഷേ എനിക്ക് ആക്ഷൻ സിനിമകൾ കാണാനും ചെയ്യാനും വളരെയധികം ഇഷ്‌ടമുള്ള ഒരാളാണ്. ഞാൻ സിനിമകളിൽ ചെയ്‌തിട്ടുള്ള ആക്ഷൻ രംഗങ്ങളൊക്കെ വളരെയധികം ശ്രദ്ധേയമായിരുന്നു. എനിക്ക് നന്നായി ആക്ഷൻ രംഗങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് തന്നെയാണ് വിശ്വാസം" ബാബു ആന്‍റണി കൂട്ടിച്ചേര്‍ത്തു.
തന്നെവച്ച് വലിയൊരു ആക്ഷന്‍ ചിത്രം ഒരുക്കാന്‍ ആരും തയ്യാറായില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. "മലയാളത്തിൽ ഒരുപക്ഷേ സൗത്ത് ഇന്ത്യയിൽ മാർഷൽ ആർട്‌സ് കൈമുതൽ ആയിട്ടുള്ള ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളായിരുന്നു ഞാൻ. എന്നിട്ടും ഒരു വലിയ ആക്ഷൻ ചിത്രം എന്നെ വെച്ച് ഒരുക്കാൻ ആരും തയ്യാറായില്ല. 90കളിലെ എന്‍റെ സ്‌റ്റാർഡം ആ സമയത്ത് ഏതെങ്കിലും ഒരു സംവിധായകൻ മുതലാക്കേണ്ടതായിരുന്നു. പൂർണ്ണമായും എന്നെ നായകനാക്കി ഒരു ആക്ഷൻ ചിത്രം ഒരുക്കാൻ സംവിധായകർ തയ്യാറായില്ലെന്ന് പറഞ്ഞുകൂടാ. ചില പ്രോജക്‌ടുകൾ വന്നിരുന്നു. പക്ഷേ അക്കാലത്ത് ഒരു ആക്ഷൻ ചിത്രം ഒരുക്കാൻ ധാരാളം ബജറ്റ് ആവശ്യമായിരുന്നു. ഒരു മോഹൻലാൽ ചിത്രത്തിന് പോലും ഒരു കോടി രൂപയിൽ താഴെയാണ് അക്കാലത്ത് ബജറ്റ്," നടന്‍ വ്യക്‌തമാക്കി.
തന്‍റെ സ്‌റ്റാർഡം സമയത്ത് തനിക്ക് അവസരങ്ങള്‍ ലഭിക്കാതെ പോയെങ്കിലും നിലവില്‍ പൂര്‍ണ്ണ ആത്‌മവിശ്വാസത്തിലാണ് ബാബു ആന്‍റണി. "ഇപ്പോഴും സമയം വൈകിയിട്ടൊന്നുമില്ല. ഇപ്പോഴും മാർഷൽ ആർട്‌സ് പ്രാക്‌ടീസ് ചെയ്യുന്നുണ്ട്. പഠിപ്പിക്കുന്നുണ്ട്. പ്രായം ശരീരത്തിനെ ബാധിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്നു. ഞാൻ നായകനാകുന്ന ഒരു വലിയ ആക്ഷൻ ചിത്രം ഉടൻ സംഭവിക്കും എന്നാണ് പ്രതീക്ഷ. പല പ്രോജക്‌ടുകളും ചർച്ചകളിലാണ്. ചർച്ചകൾ നടക്കുന്നുണ്ട്. ഞാൻ നായകനാകുന്ന വലിയൊരു ആക്ഷൻ ചിത്രം ഇതുവരെയും സംഭവിച്ചിട്ടില്ലാത്തത് ഒരു ദുഃഖമായി കരുതുന്നു," ബാബു ആന്‍റണി തുറന്നു പറഞ്ഞു.
Also Read: 'സുല്‍ത്താന്‍ റീലോഡിങ്'! ചന്ത പോസ്‌റ്റുമായി ബാബു ആന്‍റണി - Babu Antony new project