കൊടൈക്കനാലിൻ്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രം 'അഞ്ചാം നാള്‍ വെള്ളിയാഴ്ച്ച' ടൈറ്റിൽ പ്രകാശനം നടന്നു. കെ സി ബിനു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'അഞ്ചാം നാൾ വെള്ളിയാഴ്ച്ച' എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ വച്ച് നിർമ്മാതാവ് ജി.സുരേഷ് കുമാർ ദിനേശ് പണിക്കർ ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, എന്നിവർ ചേർന്നു നിർവ്വഹിച്ചു.
ഭാരത് ഭവനിൽതിരുവനന്തപുരം ഫിലിം ഫ്രെറ്റേർണറ്റിയും, മ്യൂസിക്ക് ഫ്രെറ്റേർണിറ്റിയും ചേർന്നു നടത്തിയ എം.മണി അനുസ്‌മരണ ധീരസമീരേ.. എന്ന അരോമ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിത്തിണക്കിയ ഗാനസ്‌മൃതി പരിപാടിക്കിടയിലായിരുന്നു ഈ ടൈറ്റിൽ ലോഞ്ച് നടന്നത്.
സുരേഷ് കുമാർ, ദിനേശ് പണിക്കർ, പ്രമോദ് പയ്യന്നൂർ ക്കൊപ്പം, ചടങ്ങിലെ മുഖ്യാതിഥിയും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണറ്റി ചെയർമാനുമായ കേന്ദ്രമന്ത്രിസുരേഷ് ഗോപിയും ആശംസകൾ നേർന്നു സംസാരിച്ചു.
കൊടൈക്കനാലിലെ ഒരു റിസോർട്ടിൽ എത്തുന്ന വിനോദ സഞ്ചാരികളിൽ മലയാളി കുടുംബത്തിലെ ഒരംഗത്തിൻ്റെ മരണമാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതിയെ മുന്നോട്ടു നയിക്കുന്നത്. ചിത്രത്തിലുടനീളം ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെയാണ് അവതരണം.
താരപ്പൊലിമയേക്കാളുപരി കഥയുടെ കെട്ടുറപ്പിനു പ്രാധാന്യം നൽകി പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ജ്വാലാ മുഖിഫിലിംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.