ആരാധകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രമാണ് 'എമ്പുരാന്‍'. സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് അണിയറപ്രവര്‍ത്തകര്‍.
'ലൂസിഫര്‍' ഫ്രാഞ്ചൈസിയിലെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്ററും വീഡിയോയും റിലീസ് ചെയ്‌തിരിക്കുകയാണ്. മണിക്കുട്ടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പോസ്‌റ്ററും വീഡിയോയുമാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത്. 'എമ്പുരാനി'ല്‍ മണി എന്ന കഥാപാത്രത്തെയാകും മണിക്കുട്ടന്‍ അവതരിപ്പിക്കുക.
'ലൂസിഫറി'ല്‍ ഒരു കഥാപാത്രത്തിന് മണിക്കുട്ടന്‍ ശബ്‌ദം നല്‍കിയിരുന്നു. ലൂസിഫറില്‍ ശബ്‌ദം മാത്രമാണ് നല്‍കിയതെങ്കില്‍ 'എമ്പുരാനി'ല്‍ താന്‍ ശക്‌തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയാണെന്നാണ് നടന്‍ പറയുന്നത്.
മണിക്കൂട്ടന്‍റെ വാക്കുകളിലേക്ക്-
"എന്തടാ ലൂസിഫറില്‍ ഡബ്ബ് ചെയ്‌തവര്‍ ഒക്കെ എമ്പുരാന് വേണ്ടി പ്രൊമോഷന് വന്നിരിക്കുന്നോ എന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്. ലൂസിഫറില്‍ എന്‍റെ ശരീരം ശബ്‌ദം മാത്രമായിരുന്നെങ്കില്‍ എമ്പുരാനില്‍ എന്‍റെ സാന്നിധ്യം ഒരു ശക്‌തമായ കഥാപാത്രമാണ്.
ലൂസിഫറില്‍ ഒരു കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യാന്‍ രാജു എന്നെ വിളിച്ചിരുന്നു. എന്‍റെ ഡബ്ബിംഗ് രാജുവിന് ഒരുപാട് ഇഷ്‌ടപ്പെട്ടിരുന്നു. തിരുവനന്തപുരം ഭാഷ എനിക്ക് നന്നായി വരുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അന്ന് രാജു ഒരു വാക്ക് നല്‍കിയിരുന്നു. ലൂസിഫറിന് രണ്ടാം ഭാഗം വരികയാണെങ്കില്‍ അതില്‍ മണിക്കുട്ടന്‍ ഒരു കഥാപാത്രം ചെയ്യുമെന്ന്. ആ വാക്ക് അദ്ദേഹം പാലിച്ചത് കൊണ്ടാണ് എമ്പുരാനില്‍ ഇതുപോലൊരു നല്ല കഥാപാത്രം എനിക്ക് ലഭിക്കാന്‍ കാരണമായത്.
എമ്പുരാനില്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിന്‍റെ പേരും മണിക്കുട്ടന്‍ എന്നാണ്. സിനിമിയല്‍ വന്നപ്പോള്‍ പലരും പറഞ്ഞിട്ടുണ്ട്, ഈ പേര് മാറ്റിക്കൂടെ എന്ന്. ഇപ്പോള്‍ അതേ പേരില്‍ ഞാന്‍ അഭിനയിക്കുന്നു. വളരെ മനോഹരമായാണ് ആ കഥാപാത്രത്തെ കുറിച്ച് രാജു നറേറ്റ് ചെയ്‌തു തന്നത്. പല സീനുകളെ കുറിച്ചും പറയാന്‍ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് തുറന്നു പറയാത്തത്. ഞാന്‍ അന്തം വിട്ടത് പോലെ എല്ലാ പ്രേക്ഷകരും അന്തം വിടുമെന്നാണ് എന്‍റെയും പ്രതീക്ഷ." -ഇപ്രകാരമാണ് മണിക്കുട്ടന്‍റെ വാക്കുകള്‍.
തന്‍റെ ഏറെക്കാലമായുള്ള ആഗ്രഹം സാധിച്ചതായും ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ മണിക്കുട്ടന്‍ പറയുന്നു. മോഹന്‍ലാലിന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ തന്‍റെ ഫോട്ടോ വരണം എന്നതായിരുന്നു മണിക്കുട്ടന്‍റെ ആഗ്രഹം. ഈ ആഗ്രഹം സഫലമായി എന്നാണ് നടന്‍ പറയുന്നത്. മണിക്കുട്ടന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററും വീഡിയോയും മോഹന്‍ലാലും തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരുന്നു.
"ഒരുപാട് കാലങ്ങളായി കാത്തിരുന്ന ആഗ്രഹമാണ് ലാലേട്ടന്‍റെ പേജില്‍ എന്‍റെ ഒരു ഫോട്ടോ വരുക എന്നുള്ളത്. ഒരുപാട് സന്തോഷവും സ്‌നേഹവും" -ഇപ്രകാരമാണ് ക്യാരക്‌ടര്‍ വീഡിയോ പങ്കുവച്ച് കൊണ്ട് മണിക്കുട്ടന്‍ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്.