ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍റെ വീടിന് നേരെ ആക്രമണം. നടന്‍റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയടക്കം തല്ലിതകര്‍ത്തു. ഒപ്പം കല്ലുകളും തക്കാളിയുമൊക്കെ വീടിന് നേരെ വലിച്ചെറിഞ്ഞുവെന്നും ജനല്‍ച്ചില്ലുകള്‍ തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റിലാണ്. പ്രതിഷേധക്കാര്‍ വീട് ആക്രമിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പുഷ്‌പ 2 സിനിമയുടെ പ്രീമിയര്‍ റിലീസിനിടെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധക്കാര്‍ ഗേറ്റിനുള്ളിലേക്ക് തള്ളിക്കയറിയത്. യുവതിയുടെ കുടുംബത്തിന് പണം നല്‍കണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
ഡിസംബര്‍ നാലിന് ദില്‍ഷുക് നഗറിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് അല്ലു അര്‍ജുന്‍റെ വീട്ടിലെത്തി പോലീസ് താരത്തെ അറസ്‌റ്റ് ചെയ്‌തു.
തുടര്‍ന്ന് നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി അല്ലുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തിരുന്നു. എന്നാല്‍ തെലുഗാന ഹൈക്കോടതി ഇടപെടല്‍ മൂലം താരത്തിന് ഇടക്കാല ജാമ്യം ലഭിച്ചുവെങ്കിലും ഒരു രാത്രി ജയിലില്‍ കിടന്നതിന് ശേഷമാണ് അല്ലു അര്‍ജുന്‍ വീട്ടിലെത്തിയത്. സംഭവം നടന്ന തിയേറ്ററിലെ ജീവനക്കാരും കേസിലെ പ്രതികളാണ്.