തിരുവനന്തപുരം: 2025-ന്‍റെ തുടക്കത്തിലും വില്‍പ്പനയില്‍ കുതിപ്പു തുടർന്ന് ക്രിസ്‌മസ് - നവവത്സര ബമ്പർ ഭാഗ്യക്കുറി. മുപ്പത് ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണത്തിനു നൽകിയിരുന്നത്. അതില്‍ ഇതുവരെ 20, 73 , 230 ടിക്കറ്റുകളും വിറ്റുപോയി. കഴിഞ്ഞ മാസം 17 നാണ് ഈ ബമ്പർ ടിക്കറ്റു വില്‍പ്പന തുടങ്ങിയത്.
നിലവിൽ ടിക്കറ്റു വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുള്ളത് പാലക്കാട് ജില്ലയാണ്. 4,32,900 ടിക്കറ്റുകളാണ് പാലക്കാട് ഇതിനോടകം വിറ്റഴിച്ചത്. 2,34, 430 ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരം ജില്ല രണ്ടാമതും 2,14,120 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സമ്മാനഘടനയിൽ വരുത്തിയ ആകർഷകമായ മാറ്റമാണ് വില്‍പ്പന കുതിച്ചുയരാൻ കാരണമായത് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 20 കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. 20 പേർക്ക് ഒരു കോടി വീതം രണ്ടാം സമ്മാനവും നൽകുന്നുണ്ട്. 10 ലക്ഷം വീതം ഓരോ പരമ്പരകളിലും മൂന്നു വീതം എന്ന ക്രമത്തിൽ 30 പേർക്ക് മൂന്നാം സമ്മാനം നൽകും.
ഓരോ പരമ്പരകളിലും രണ്ട് എന്ന ക്രമത്തിൽ 3 ലക്ഷം രൂപവീതം 20 പേർക്ക് നാലാം സമ്മാനം നല്‍കും. അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം എന്ന രീതിയിൽ 20 പേർക്ക് രണ്ടു ലക്ഷം വീതവും ലഭിയ്ക്കും. 400 രൂപ വിലയുള്ള ക്രിസ്‌മസ് - നവവത്സര ബമ്പറിന്‍റെ നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കും.