ഹൈദരാബാദ്: രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായ ഹ്യുണ്ടായ് ക്രെറ്റയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കാനൊരുങ്ങി ഹ്യുണ്ടായ് ഇന്ത്യ. കമ്പനിയുടെ മൂന്നാമത്തെ ഇലക്‌ട്രിക് കാറാണ് ക്രെറ്റ ഇലക്ട്രിക്. പുതിയ വാഹനം വരാനിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ അവതരിപ്പിക്കും.
ഐസിഇ-പവർ എസ്‌യുവിയോട് സാമ്യമുള്ള ഈ ഇലക്ട്രിക് കാറിൻ്റെ എടുത്തുപറയേണ്ട ഫീച്ചർ 473 കിലോമീറ്റർ റേഞ്ച് നൽകുമെന്നതാണ്. 42kWh, 51.4kWh എന്നീ ബാറ്ററി ഓപ്‌ഷനുകളിലാണ് കാറുകൾ ലഭ്യമാവുക. 42 കിലോവാട്ട് ബാറ്ററി 390 കിലോമീറ്റർ റേഞ്ചും, 51.4 കിലോവാട്ട് ബാറ്ററി 473 കിലോമീറ്റർ റേഞ്ചും നൽകും. നിലവിൽ കാറിന്‍റെ പവർ, ടോർക്ക് എന്നിവയുടെ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ 7.9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ക്രെറ്റ ഇലക്ട്രിക്കിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളിൽ കാർ ലഭ്യമാകും. ഹ്യൂണ്ടായ് അയോണിക് 5ന് സമാനമായി സ്റ്റിയറിങ് കോളത്തിൽ മൗണ്ടഡ് ഡ്രൈവ് മോഡ് സെലക്‌ടർ ക്രെറ്റ ഇലക്ട്രിക്കിലും നൽകിയിട്ടുണ്ട്. ഹ്യുണ്ടായ് ഐ-പെഡൽ ടെക്നോളജി എന്ന് വിളിക്കുന്ന സിംഗിൾ പെഡൽ ഡ്രൈവിങും ഈ ഇലക്‌ട്രിക് കാറിൽ ഫീച്ചർ ചെയ്യുന്നുണ്ട്.
ചാർജിങ്:
ഡിസി ചാർജിങ് ഫീച്ചർ ചെയ്യുന്ന കാർ 58 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്നും 80 ശതമാനം വരെ ചാർജ് ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശവാദം. 11 കിലോവാട്ട് എസി വാൾ ബോക്‌സ് ചാർജറിന് 4 മണിക്കൂറിനുള്ളിൽ 0 ശതമാനത്തിൽ നിന്നും 100 ശതമാനം വരെ ചാർജ് ചെയ്യാനും കഴിയും.
എക്‌സ്റ്റീരിയർ ഡിസൈൻ:
ഹ്യുണ്ടായുടെ ഐസിഇ-പവർ പതിപ്പിന് സമാനമാണ് പുതിയ ക്രെറ്റ ഇലക്ട്രിക്കിൻ്റെ ഡിസൈൻ. കാറിൻ്റെ ബോഡി പാനലുകളിൽ ഭൂരിഭാഗവും ഐസിഇ-പവർ പതിപ്പിന് സമാനമാണ്. ക്രെറ്റ ഇവിയിൽ പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ നൽകിയിട്ടുണ്ട്. എയ്‌റോ ഒപ്റ്റിമൈസ് ചെയ്‌ത അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്. എയറോഡൈനാമിക് കാര്യക്ഷമമാക്കാനായി ഫ്രണ്ട് ബമ്പറിൽ എയ്‌റോ ഫ്ലാപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഇൻ്റീരിയർ ഡിസൈൻ:
ഹ്യുണ്ടായുടെ ക്രെറ്റ ഇലക്ട്രിക്കിന്‍റെ ഇൻ്റീരിയർ പരിശോധിക്കുമ്പോൾ ഡുവൽ 10.25 ഇഞ്ച് സ്‌ക്രീൻ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ലഭ്യമായ ഹ്യുണ്ടായ് കോണയിൽ കാണുന്ന സ്റ്റിയറിങ് വീലുകളാണ് ക്രെറ്റ ഇലക്ട്രിക്കിന് നൽകിയത്. പുതിയ ഫ്ലോട്ടിങ് സെൻ്റർ കൺസോൾ ഡിസൈനും ഉണ്ട്. പനോരമിക് സൺറൂഫ്, വെഹിക്കിൾ ടു ലോഡ് (V2L) സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, ADAS സ്യൂട്ട്, ഡിജിറ്റൽ കീ ഫീച്ചർ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.
കളർ ഓപ്ഷനുകൾ:
എക്‌സിക്യൂട്ടീവ്, സ്‌മാർട്ട്, പ്രീമിയം, എക്‌സലൻസ് എന്നിങ്ങനെ നാല് വേരിയന്‍റുകളായാണ് ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് അവതരിപ്പിക്കുന്നത്. ഇവ 8 മോണോടോൺ കളർ ഓപ്ഷനുകളിലും 2 ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും ലഭ്യമാണ്. കൂടാതെ 3 മാറ്റ് കളർ ഓപ്ഷനുകളിലും ലഭ്യമാണ്. കാറിന്‍റെ വിലയും മറ്റ് വിശദാംശങ്ങളും വരും ദിവസങ്ങളിൽ പുറത്തുവരാനാണ് സാധ്യത.
Also Read:
- കിയ സിറോസ് പ്രീ ബുക്കിങ് ആരംഭിച്ചു: ഫെബ്രുവരിയിൽ വിപണിയിലെത്തും; പ്രതീക്ഷിക്കാവുന്ന വില
- 400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ
- കുതിച്ചുയർന്ന് കാർ വിൽപ്പന: 2024 ഡിസംബറിൽ ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ച പ്രമുഖ കമ്പനികൾ
- 2024ൽ പുറത്തിറക്കിയ പത്ത് മികച്ച എസ്‌യുവികൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം
- മഹീന്ദ്രയുടെ പുതിയ ഇലക്‌ട്രിക് എസ്‌യുവികൾ കണ്ട് അതിശയന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി: വൈറൽ വീഡിയോ