തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ സ്‌കൂൾ, പ്ലസ്‌ടു ക്ലാസുകളിൽ Zന് ശേഷം എ1 ബി1 എന്നിങ്ങനെ ഡിവിഷനുകൾ ഒരുക്കിയ സ്‌കൂൾ, എഷ്യയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂൾ. ഒരു കാലത്ത് തിരുവനന്തപുരം പട്ടം സെൻ്റ് മേരീസിൻ്റെ ഖ്യാതിക്ക് മാറ്റ് കൂട്ടിയ ഘടകങ്ങൾ ഇതൊക്കെയായിരുന്നു.
ഇന്നും പതിനായിരങ്ങൾക്ക് ഈ വിദ്യാലയം അറിവിൻ്റെ വെളിച്ചം പകരുന്നു. രാജ്യത്തെ തന്നെ ഏറ്റവും വലിയ കൗമാര കലാമാമാങ്കത്തിനെത്തുന്ന കുട്ടികള്‍ക്ക് ഏറ്റവും വലിയ താമസ കേന്ദ്രമൊരുക്കാൻ സംഘാടകർക്ക് മറ്റൊരിടം ആലോചിക്കേണ്ടി വന്നില്ല. സെൻ്റ് മേരീസിലുണ്ട് എല്ലാവർക്കുമൊരിടം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ മുഴുവൻ പെൺകുട്ടികൾക്കും താമസമൊരുങ്ങുന്നത് ഇവിടെയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ താമസിക്കാനെത്തുന്നതും സെൻ്റ് മേരീസിലാണ്. 2500 ഓളം പേരെ സ്വീകരിക്കാൻ സ്‌കൂൾ സർവസജ്ജമാണെന്ന് വിദ്യാർഥികൾക്കായി താമസമൊരുക്കുന്ന അക്കോമഡേഷൻ കമ്മിറ്റിയിലെ നോഡൽ ഓഫിസർ പ്രഭ ടീച്ചർ പറയുന്നു.
കലോത്സവത്തിൻ്റെ വളൻ്റിയർമാരായും സ്‌കൂളിൻ്റെ സന്നദ്ധ സേനാംഗങ്ങൾ എത്തും. രജിസ്റ്റർ ചെയ്‌തിട്ടുള്ള വിദ്യാർഥികൾക്ക് വെള്ളവും ലഘു ഭക്ഷണവും സ്‌കൂൾ ഒരുക്കുമെന്ന് പ്രിൻസിപ്പൽ ഫാ.നെൽസൺ പി പറഞ്ഞു. ഒരു സമയം ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്ന ബാൻഡ് മേളത്തിൻ്റെ വേദിയും സെൻ്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടാണ്. ആളെണ്ണം ഇവിടെയൊരു പ്രശ്‌നമല്ല. തലസ്ഥാന നഗരിയിലെ കലാമാമാങ്കത്തിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ആരവങ്ങൾക്ക് മാറ്റ് കൂട്ടാനുള്ള ഏല്ലാ സൗകര്യങ്ങളും സജ്ജമാണ്.
മത്സരാർഥികൾക്കുള്ള സൗകര്യങ്ങൾ അറിയാം ക്യൂആർ കോഡിലൂടെ
കലോൽത്സവത്തിന്‍റെ മുഴുവൻ വിവരങ്ങളും ക്യൂ ആർ കോഡിൽ ഒതുക്കി അക്കോമഡേഷൻ കമ്മിറ്റി സർവസജ്ജമാണെന്ന് കമ്മിറ്റി ചെയർമാൻ എം എൽ എ വി കെ പ്രശാന്ത് അറിയിച്ചു. ഒറ്റ ക്യൂ ആർ കോഡിൽ ജില്ല തിരിച്ച് ഓരോ ജില്ലക്കും അവരുടെ താമസസ്ഥലം, രജിസ്ട്രേഷൻ സെന്‍റർ, ഭക്ഷണസ്ഥലം, നോഡൽ ഓഫിസർമാരുടെ ഫോൺ നമ്പർ, താമസസ്ഥലത്തിന്‍റെ ഫോൺ നമ്പർ, താമസ സ്ഥലത്തിന്‍റെ ലൊക്കേഷൻ, കലോത്സവത്തിന്‍റെ ബ്രോഷർ, മത്സര സ്ഥലങ്ങളുടെ ലൊക്കേഷൻ, നോട്ടീസ് എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് അക്കോമഡേഷൻ കമ്മിറ്റിയുടെ ചുമതല നിർവഹിക്കുന്ന ഹയർസെക്കൻഡറി അക്കാദമിക് ജോയിന്‍റ് ഡയറക്‌ടർ ഡോ.ഷാജിത. എസ്, കൺവീനർ ബ്രീസ് എം രാജ് എന്നിവർ അറിയിച്ചിട്ടുണ്ട്.
ക്യൂ ആർ കോഡ് സംവിധാനത്തിൻ്റെ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ മന്ത്രി ജിആർ അനിലിന് കൈമാറിയാണ് ക്യൂആർ കോഡ് പ്രകാശനം ചെയ്‌തത്. താമസ സൗകര്യം ആവശ്യമുള്ള മത്സരാർഥികൾക്ക് ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യുന്ന സമയത്ത് തന്നെ അത് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മത്സരാർഥികൾക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി 25 സ്‌കൂളുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
അക്കോമഡേഷൻ സെന്‍ററുകളിൽ വിദ്യാർഥികൾക്ക് ഉപയോഗിക്കുന്നതിനായി പായ, ബെഡ് ഷീറ്റുകൾ, തലയണ എന്നിവ സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തിയത്. LIC എംപ്ലോയീസ് യൂണിയൻ സംഭാവന ചെയ്‌ത ബെഡ് ഷീറ്റുകൾ അക്കോമഡേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. വി.കെ പ്രശാന്ത് MLA പട്ടം സെന്‍റ് മേരീസ് സ്‌കൂൾ പ്രിൻസിപ്പാൾ ഫാദർ. നെൽസൺ വലിയവീട്ടിലിന് നേരത്തേ കൈമാറിയിരുന്നു.
കാവലിനായി വനിതാ പൊലീസും
ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം താമസ സൗകര്യമാണ് ഒരുക്കിയത്. 27 സ്‌കൂളുകളിലായാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. പെൺകുട്ടികൾക്ക് 11 കേന്ദ്രങ്ങളും ആൺകുട്ടികൾക്ക് 16 കേന്ദ്രങ്ങളും. കൂടാതെ 10 സ്‌കൂളുകൾ റിസർവായും കരുതിയിട്ടുണ്ട്. താമസസൗകര്യം ഏർപ്പെടുത്തിയിട്ടുള്ള എല്ലാ സ്‌കൂളുകളിലും വേണ്ട സൗകര്യങ്ങൾ ഉണ്ടെന്ന് അക്കേമഡേഷന്‍ കമ്മിറ്റി ഉറപ്പാക്കിയിട്ടുണ്ട്.
എല്ലാ സെന്‍ററുകളിലേയും സൗകര്യങ്ങൾ വിലയിരുത്തി കുട്ടികൾക്ക് വേണ്ട എല്ലാ സഹായവും ലഭിക്കുന്നതിന് രാവിലെയും രാത്രിയും മതിയായ ആൾക്കാരെ നിയോഗിച്ചു കഴിഞ്ഞു. എല്ലാ അക്കോമഡേഷൻ സെന്‍ററുകളിലും അധ്യാപകരെ രണ്ട് ഷിഫ്റ്റായാണ് ഡ്യട്ടിക്ക് നിയോഗിക്കുന്നത്. കൂടാതെ പെൺകുട്ടികൾ താമസിക്കുന്ന സ്‌കൂളുകളിൽ വനിതാ പോലീസ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
രജിസ്ട്രേഷന്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കകം തന്നെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ പതിനായിരത്തിലേറെ കുട്ടികളാണ് രജിസ്റ്റര്‍ ചെയ്‌തത്. ഓണ്‍ലൈനായി എഴുന്നൂറോളം രജിസ്ട്രേഷനുകളും വന്നു. എങ്ങിനെ വന്നാലും മത്സരാര്‍ഥികളുടെ എണ്ണം പതിനയ്യായിരത്തോടടുക്കും. ഇതില്‍ താമസ സൗകര്യം ആവശ്യപ്പെടുന്ന മുഴുവന്‍ സ്‌കൂളുകള്‍ക്കും മത്സരാര്‍ഥികള്‍ക്കും സൗകര്യം ഒരുക്കുകയെന്ന വലിയ യജ്ഞമാണ് അക്കോമഡേഷന്‍ കമ്മിറ്റിക്ക് മുന്‍പിലുണ്ടായിരുന്നത്.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ അക്കോമഡേഷൻ കേന്ദ്രങ്ങളായി നിശ്ചയിച്ച സ്‌കൂളുകൾ ബഹുജന പങ്കാളിത്തത്തോടെ NCC, NSS, യുവജന സംഘടനകളുടേയും സഹകരണത്തോടെ ശുചീകരിച്ചു കൊണ്ടാണ് അക്കോമഡേഷന്‍ കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങിയത്. പ്രാദേശിക സംഘാടക സമിതികളുടെ നേതൃത്വത്തിൽ അക്കോമഡേഷന്‍ സെന്‍ററുകൾ അലങ്കരിച്ചു. വിദ്യാര്‍ഥികളെ വരവേല്‍ക്കാനും പ്രാദേശിക സംഘാടക സമിതികള്‍ തയ്യാര്‍. കുട്ടികളെ സ്വാഗതം ചെയ്‌തു കൊണ്ടുള്ള ബാനർ എല്ലാ സെന്‍ററുകളിലും സ്ഥാപിച്ചിട്ടുണ്ട്. എല്ലാ സെന്‍ററുകളിലും മത്സരവേദികൾ, റൂട്ട്മാപ്പ് തുടങ്ങിയവ പ്രദർശിപ്പിച്ചിട്ടുണ്ട്. സെന്‍ററുകളുടെ ചുമതല നോഡൽ ഓഫിസർമാർക്ക് നൽകി കാര്യക്ഷമമായ ഒരുക്കങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.
Also Read: 23 വർഷത്തെ കാത്തിരിപ്പിന് കഴിഞ്ഞ വർഷം സുവർണവിരാമം; കലോത്സവക്കപ്പിൽ ഇത്തവണയും മുത്തമിടുമോ കണ്ണൂര്‍?