ഹൈദരാബാദ്:ബോളിവുഡ് യുവതാരനിരയിൽ ശ്രദ്ധേയായ അഭിനേത്രിയാണ് ആലിയ ഭട്ട്. ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ കയ്യടി നേടാറുള്ള താരം അടുത്തിടെയാണ് ചലച്ചിത്ര നിർമാണ രംഗത്തേക്കും ചുവടുവയ്‌പ്പ് നടത്തിയത്. ഇപ്പോഴിതാ ആമസോൺ ഒറിജിനൽ സീരീസായ 'പോച്ചറി'ൻ്റെ നിർമാണത്തിലും പങ്കാളിയാവുകയാണ് ആലിയ ഭട്ട് (Amazon Original Series Poacher).
'പോച്ചറി'ൻ്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറാണ് ആലിയ ഭട്ട് (Alia Bhatt as the executive producer of Poacher). ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുടെ കഥ പറയുന്ന 'പോച്ചർ' എമ്മി അവാർഡ് ജേതാവ് കൂടിയായ ചലച്ചിത്ര നിർമാതാവ് റിച്ചി മേത്തയാണ് സംവിധാനം ചെയ്യുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയും അതിന് പിന്നിലെ അന്വേഷണത്തിന്‍റെയും കഥയാണ് ഈ പരമ്പര പറയുന്നത്.
മലയാളികളായ നിമിഷ സജയൻ, റോഷൻ മാത്യു എന്നിവർക്കൊപ്പം ദിബ്യേന്ദു ഭട്ടാചാര്യയും ഈ ചിത്രത്തിൽ സുപ്രധാന വേഷത്തിലുണ്ട്. ഫെബ്രുവരി 23ന് ഇന്ത്യയിലും 240ലധികം രാജ്യങ്ങളിലും ഈ പരമ്പര പ്രദർശനം ആരംഭിക്കും. ഒന്നിലധികം ഭാഷകളിലാണ് പ്രൈം വീഡിയോയിലൂടെ 'പോച്ചർ' പ്രീമിയർ ചെയ്യുക.
ജോർദാൻ പീലെസിന്‍റെ 'ഗെറ്റ് ഔട്ട്', സ്‌പൈക്ക് ലീയുടെ 'ബ്ലാക്ക് ക്ലാൻസ്‌മാൻ' തുടങ്ങിയ ഫീച്ചർ ഫിലിം ഹിറ്റുകൾ ഒരുക്കിയ, ഓസ്‌കാർ പുരസ്‌കാരം നേടിയ പ്രൊഡക്ഷൻ ഫിനാൻസ് കമ്പനിയായ ക്യുസി എന്‍റർടെയിൻമെന്‍റാണ് 'പോച്ചറി'ന്‍റെ നിർമാണം (QC Entertainment). ക്യുസി എന്‍റർടെയിൻമെന്‍റ് നിർമിച്ച ആദ്യത്തെ ടെലിവിഷൻ പരമ്പര എന്ന സവിശേഷതയുമുണ്ട് 'പോച്ചറി'ന്. അതേസമയം 'പോച്ചറി'ന്‍റ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ആലിയ ഭട്ടിന്‍റെ പ്രതികരണം.
വന്യജീവികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു സുപ്രധാന പദ്ധതിയുടെ ഭാഗമാകുന്നതിൽ ആവേശം പ്രകടിപ്പിച്ച ആലിയ ഭട്ട് റിച്ചി മേത്തയുടെ കഥപറച്ചിൽ രീതിയെയും ചിത്രീകരണത്തെയും പ്രശംസിക്കുകയും ചെയ്‌തു. എല്ലാ ജീവജാലങ്ങളോടും അനുകമ്പ തോന്നാനും സഹവർത്തിത്വത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം ഉടലെടുക്കാനും 'പോച്ചർ' പ്രചോദിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ആലിയ പറയുന്നു.