2005ല്‍ വിനയന്‍ സംവിധാനം ചെയ്‌ത 'ബോയ് ഫ്രണ്ട്' എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ താരമാണ് ഹണി റോസ്. മലയാളത്തില്‍ തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയില്‍ ചേക്കേറുകയായിരുന്നു താരം. ഇപ്പോഴിതാ തന്‍റെ കരിയറില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഹണി റോസ്.
ഈ സാഹചര്യത്തില്‍ ഹണി റോസിന്‍റെ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. അഭിനയം തുടങ്ങിയ കാലം മുതല്‍ ഹണി റോസ് ഉദ്‌ഘാടന ചടങ്ങുകള്‍ക്ക് പോകാറുണ്ട്. ഉദ്‌ഘാടന വേദികളിലെ സജീവ സാന്നിധ്യത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണിപ്പോള്‍ താരം.
താരസംഘടനയായ അമ്മയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നടന്‍ ബാബുരാജിനോടാണ് ഹണി റോസിന്‍റെ പ്രതികരണം. ഒരു മാസം എത്ര ഉദ്‌ഘാടനങ്ങള്‍ നിര്‍വ്വഹിക്കും എന്ന ബാബുരാജിന്‍റെ ചോദ്യത്തിന് ഒത്തിരി ഒന്നുമില്ലെന്നും വളരെ കുറവാണെന്നുമായിരുന്നു ഹണി റോസിന്‍റെ മറുപടി.
"ഞാന്‍ അഭിനയിച്ച ബോയ്‌ഫ്രണ്ട് എന്ന സിനിമ ചെയ്‌ത് കഴിഞ്ഞ സമയം മുതല്‍ ഉദ്‌ഘാടനങ്ങള്‍ക്ക് പോകാറുണ്ട്. പക്ഷേ കൊവിഡ് മുതലാണ് ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ശരിക്കും പറഞ്ഞാല്‍ കൊവിഡിന് തൊട്ട് മുമ്പ്. കാരണം, ഓണ്‍ലൈന്‍ ചാനലുകളുടെയും യൂട്യൂബ് ചാനലുകളുടെയും അതിപ്രസരമായിരുന്നു.
ആദ്യ കാലങ്ങളില്‍ ഒന്നും ഇത്രയും ഓണ്‍ലൈന്‍ ചാനലുകള്‍ ഇല്ലല്ലോ.. അപ്പോള്‍ കൂടുതല്‍ ആളുകള്‍ ഒന്നും അറിയില്ല. പക്ഷേ ഇപ്പോള്‍ ഓണ്‍ലൈന്‍ മീഡിയ വന്ന് ഉദ്‌ഘാടനങ്ങളെല്ലാം ഷൂട്ട് ചെയ്യും. അതുകൊണ്ട് എല്ലാവരും അറിയുന്നു. അതായിരിക്കും ഇപ്പോള്‍ ഒരുപാട് ആളുകള്‍ കൂടുന്നത്.
കേരളത്തില്‍ എല്ലാത്തരം ഷോപ്പുകളും ഉദ്‌ഘാടനം ചെയ്യാന്‍ അഭിനേതാക്കളെ വിളിക്കാറുണ്ട്. തമിഴിലും തെലുങ്കിലുമൊക്കെ കൂടുതലും ജ്യൂലറിയും ടെക്‌സ്‌റ്റൈല്‍സും മാത്രമെ ഉണ്ടാകാറുള്ളൂ. പിന്നെ ചുരുക്കം ഹോട്ടലുകളും." -ഹണി റോസ് പറഞ്ഞു.
മരുന്നുകട, പെട്രോള്‍ പമ്പ് എന്നിവ ഉദ്‌ഘാടനം ചെയ്‌തതിനെ കുറിച്ചും താരം പ്രതികരിച്ചു. സൗന്ദര്യത്തിന്‍റെ രഹസ്യം എന്താണെന്ന ചോദ്യത്തോടും ഹണി റോസ് പ്രതികരിച്ചു. നല്ല മനസ്സിന്‍റെ പ്രതിഫലമാണ് തന്‍റെ സൗന്ദര്യം എന്നായിരുന്നു താരത്തിന്‍റെ മറുപടി.
"നമ്മളെ സമീപിക്കുന്നവരെ ഒന്നും നിരാശരാക്കാറില്ല. ഞാനൊരു മരുന്നുകട ഉദ്‌ഘാടനം ചെയ്‌തിട്ടുണ്ട്. മരുന്നുകളും ക്രീമുകളും ഒക്കെയുള്ളൊരു ഷോപ്പ് ആയിരുന്നു. പിന്നെ എനിക്കൊരു പെട്രോള്‍ പമ്പ് ഉദ്‌ഘാടനം വന്നിരുന്നു. എന്നെക്കൊണ്ട് പെട്രോള്‍ പമ്പ് ഒക്കെ ഉദ്‌ഘാടനം ചെയ്യിക്കുന്നത് എന്തിനാണെന്ന് അറിയില്ല. അത് പൂനെയില്‍ നിന്നായിരുന്നു വിളി വന്നത്. ഇതൊക്കെ ഭയങ്കര രസമുള്ള കാര്യങ്ങളല്ലേ. പെട്രോള്‍ പമ്പ് ഉദ്‌ഘാടനം പക്ഷേ പിന്നീട് നടന്നില്ല." -ഹണി റോസ് പറഞ്ഞു.
തന്‍റെ പ്രണയത്തെ കുറിച്ചും പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പ്പത്തെ കുറിച്ചും താരം പങ്കുവച്ചു. "എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇല്ല. നല്ല ഒരാള്‍ വന്നാല്‍ വിവാഹം കഴിക്കും. എനിക്ക് ചേരുന്ന ഒരാള്‍ ആയിരിക്കണം. അത് ആ വ്യക്‌തിയെ കാണുമ്പോള്‍ തന്നെ എനിക്ക് മനസ്സിലാകും. നല്ലൊരു വൈബ് വേണം. വീട്ടുകാര്‍ കണ്ടുപിടിച്ചാല്‍ അത്രയും നല്ലത്. ഇപ്പോള്‍ വലിയ സങ്കല്‍പ്പങ്ങള്‍ ഒന്നുമില്ല. ആഗ്രഹങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ഒരാള്‍ ആവരുത്. സ്വാര്‍ത്ഥതയും പാടില്ല." -ഹണി റോസ് വ്യക്‌തമാക്കി.
നെഗറ്റീവ് കമന്‍റുകളെ കുറിച്ചും ഹണി റോസ് പ്രതികരിച്ചു. താന്‍ കമന്‍റുകള്‍ നോക്കാറില്ലെന്നും നെഗറ്റീവ് കമന്‍റുകള്‍ കൊണ്ട് തനിക്ക് ഇതുവരെ ഒരു മോശവും സംഭവിച്ചിട്ടില്ലെന്നും ഹണി റോസ് വ്യക്‌തമാക്കി.
"സ്വസ്‌ഥമായിട്ടും സമാധാനമായിട്ടുമേ പോയിട്ടുള്ളൂ. പറയുന്നവര്‍ പറയട്ടെ. ഓരോ ആളുകള്‍ അല്ലേ. അവരുടെ ചിന്തകള്‍ അല്ലേ. അതിലൊന്നും നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. അതൊക്കെ നമ്മുടെ ജീവിതത്തിലേയ്‌ക്ക് എടുക്കാന്‍ തുടങ്ങിയാല്‍ ഒരു മനസ്സമാധാനവും ഉണ്ടാവില്ല. ഒരു കാര്യവും ചെയ്യാനും പറ്റില്ല. ജീവിതം ഇരുട്ടിലായി പോകും. അതിന്‍റെ ഒന്നും ആവശ്യമില്ല." -ഹണി റോസ് പറഞ്ഞു.
Also Read: Rachel's first Schedule Completed : ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത 30 ദിവസങ്ങൾ; 'റേച്ചൽ' ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് ഹണി റോസ്