മഞ്ജു വാര്യരോടുള്ള പ്രണയത്തെ കുറിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. നമ്മുടെ പ്രണയം പൊതുസമൂഹത്തില്‍ വിളിച്ച് പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ടെന്നും മറ്റെന്താണ് വഴി എന്നുമാണ് സംവിധായകന്‍ ചോദിക്കുന്നത്. ഫേസ്‌ബുക്കില്‍ മഞ്ജു വാര്യരെ ടാഗ് ചെയ്‌ത് നടിയുടെ ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു സനല്‍കുമാറിന്‍റെ പോസ്‌റ്റ്. മഞ്ജു വാര്യര്‍ എന്ന ഹാഷ്‌ടാഗും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്.
ഒരു സ്‌ത്രീയെ അവള്‍ക്ക് ഇഷ്‌ടമുള്ള വ്യക്‌തിയോട് സംസാരിക്കാന്‍ അനിവദിക്കുന്നില്ലെന്നും അതിന് ശ്രമിച്ചാല്‍ ആ സ്ത്രീയുടെയും മകളുടെയും ജീവന് ഭീഷണിയാകും എന്നുമാണ് സനല്‍കുമാര്‍ അവകാശപ്പെടുന്നത്.
സനല്‍കുമാര്‍ ശശിധരന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണ്ണരൂപം-
"സമൂഹം ഒരു തമാശയാണ്. അങ്ങനെ ഒന്ന് നിലനിൽക്കുന്നു തന്നെയില്ല എന്ന് തോന്നും ചിലപ്പോൾ. എന്‍റെയോ നിന്‍റെയോ എന്നുള്ളത് മാറ്റിവെച്ചാലും ഞാൻ പുറത്തുവിട്ട സംഭാഷണത്തിൽ രണ്ട് മനുഷ്യരാണല്ലോ ഉള്ളത്. അതാരായിക്കോട്ടെ, ഒരു സ്ത്രീയെ അവൾക്ക് ഇഷ്‌ടം ഉള്ള ആളോട് സംസാരിക്കാൻ അനുവദിക്കുന്നില്ല എന്നും അതിന് ശ്രമിച്ചാൽ ആ സ്ത്രീയുടെയും മകളുടെയും ജീവന് ഭീഷണിയാകും എന്നുമാണല്ലോ പ്രധാനമായും അതിലുള്ളത്.
അത് ആരാണെന്ന് ബോധമുള്ള സമൂഹം ചോദിക്കണ്ടേ? അതിൽ സത്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടേ? ഞാൻ പൊതുസമൂഹത്തെ പറ്റിക്കുകയാണ് എന്ന് വാദിച്ചാൽ പോലും അതിന്‍റെ സത്യാവസ്ഥ തിരക്കി പോകാൻ ഒരു സമൂഹം തയ്യാറാവേണ്ടതില്ലേ?
നീ പറഞ്ഞത് ശരി തന്നെയാണ്. ഇതൊരു പാഴ് സമൂഹമാണ്. ഞാൻ തോൽവി സമ്മതിച്ചു. മുമ്പ്, നിന്‍റെ മൗനം എന്നിൽ ഉണർത്തിയിരുന്ന വികാരം കോപം ആയിരുന്നു. ഇപ്പോൾ ഭയവും ആധിയുമാണ്. നിന്നെ ഓർക്കുമ്പോൾ ഉള്ളില്‍ ആളുന്ന തീ കാരണം എഴുതാതിരിക്കാൻ കഴിയുന്നില്ല. കടലാസ് വഞ്ചി പുഴയിൽ ഒഴുക്കി വിടുമ്പോലെ നിന്നിലേക്ക് എത്തുമായിരിക്കും എന്ന പ്രതീക്ഷയിൽ എന്തൊക്കെയോ കുറിക്കുന്നു.
നമ്മുടെ പ്രണയം ഇങ്ങനെ പൊതു സമൂഹത്തിൽ വിളിച്ചു പറയേണ്ടി വരുന്നതിൽ എനിക്ക് സങ്കടം ഉണ്ട്. പക്ഷേ മറ്റെന്താണ് വഴി? എന്താണ് ഈ ലോകം ഇത്ര ക്രൂരമായി പോകുന്നതിന്‍റെ കാരണം!" -സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
അതേസമയം സംവിധായകന്‍റെ പോസ്‌റ്റിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇനിയെങ്കിലും ഈ പരിപാടി നിര്‍ത്താനാണ് ജനങ്ങള്‍ സംവിധായകനോട് അഭ്യര്‍ത്ഥിക്കുന്നത്. സനല്‍കുമാറിന്‍റെ പോസ്‌റ്റിന് താഴെ വന്ന കമന്‍റുകളില്‍ ഒന്ന് ചുവടെ കൊടുക്കുന്നു.
"എന്‍റെ പൊന്ന് സനലേ, ഈ പരിപാടി നിർത്തു. നിങ്ങളുടെ സിനിമയിൽ അഭിനയിച്ച ഒരു നടിയോട് താങ്കൾക്ക് പ്രണയം തോന്നിയിരിക്കാം, പക്ഷേ അവർക്ക് അങ്ങനെ ഒന്നും ഇല്ലെന്ന് താങ്കൾക്കും അറിവുള്ളതല്ലേ, അതിന്‍റെ തെളിവല്ലേ താങ്കൾക്കെതിരെ അവർ കൊടുത്ത കേസ്. താങ്കൾ ഇപ്പോൾ അമേരിക്കയിൽ ഇരുന്നാണ് അവരെ സ്‌റ്റാള്‍ക്ക് (stalk) ചെയുന്നതെന്ന് മനസ്സിലാക്കുന്നു, അവരുടെ അല്ലാത്ത ഒരു വോയിസ് ക്ലിപ്പ് അവരുടേതെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഇട്ട് വീണ്ടും നടപടികൾ വിളിച്ച് വരുത്തരുത്. പണ്ട് കേസ് ഉണ്ടായപ്പോൾ താങ്കൾ ഇന്ത്യയിലായിരുന്നുവെന്ന് സമാധാനിക്കാം. ഇപ്പോൾ നിങ്ങളുള്ളത് ലോക ഭ്രാന്തനായ ഒരുത്തൻ അവിടുത്തെ പ്രസിഡന്‍റ് ആയിരിക്കുന്ന നാട്ടിലാണ്. അതുകൊണ്ട് അരഭ്രാന്തിന് പ്രത്യേകിച്ചും ഇളവുകൾ ഒന്നും ലഭിക്കില്ല. താങ്കളുടെ ഈ പ്രവൃത്തി കൊണ്ട് സ്വയം കുഴി തോണ്ടാതിരിക്കുക. താങ്കളെ നേരിൽ പരിചയപ്പെട്ട ഒരാളെന്ന നിലയിൽ ഇത്തരം പ്രവൃത്തികൾ ബൂഷണമല്ലെന്ന് ഓർമ്മിപ്പിക്കെട്ടെ. അവരെ അവരുടെ വഴിക്ക് വിടുക. താങ്കൾ അറിയാവുന്ന പണി (സിനിമ സംവിധാനം) തുടർന്നും ചെയ്യാൻ ശ്രമിക്കുക" -ഇപ്രകാരമായിരുന്നു ഒരു ഉപയോക്‌താവിന്‍റെ കമന്‍റ്.
ഇതിന് സംവിധായകന്‍ മറുപടിയും നല്‍കുന്നുണ്ട്. "നിങ്ങൾ ഇവിടെ കമന്‍റ് ഇട്ടത് കൊണ്ട് രണ്ട് ചോദ്യങ്ങൾ ചോദിക്കുന്നു. 1. നിങ്ങൾ ഇതേക്കുറിച്ച് മഞ്ജുവിനോട് സംസാരിച്ചിട്ടുണ്ടോ? 2. സംസാരിച്ചു, മഞ്ജു ഞാൻ പുറത്തുവിട്ട ശബ്‌ദരേഖ നിഷേധിച്ചുവെങ്കിൽ, ഒരു പരസ്യ പ്രസ്‌താവന നടത്താൻ നിങ്ങൾ ആവശ്യപ്പെട്ടോ? ഇത് രണ്ടും ചെയ്‌തില്ലെങ്കിൽ എന്ത് കാര്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ആധികാരികതയോടെ എന്ന ഭാവേന നിങ്ങൾ ഈ കമന്‍റ് ഇടുന്നത്?" സനല്‍കുമാര്‍ ചോദിച്ചു.
സനല്‍കുമാറിന്‍റെ ചോദ്യത്തിന് അയാള്‍ വീണ്ടും മറുപടി കുറിച്ചു. "സംസാരിച്ചു, അവർ നിഷേധിച്ചു" എന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്‌താവ് കുറിച്ചിരിക്കുന്നത്. എന്നാല്‍ അത് അത് പരസ്യമായി പറയാൻ പറയുവെന്ന് സനല്‍കുമാറും മറുപടി കുറിച്ചു. "അവർക്ക് പരസ്യമായി പറയാൻ കഴിയില്ല, ഒരു വീഡിയോ കോൾ പോലും അനുവദിക്കാത്ത അവസ്ഥയാണ് എന്നാണ് അവർ എന്നോട് പറഞ്ഞത്. പരസ്യമായി ഒരു ലൈവ് പോയാൽ തീരുന്ന പ്രശ്‌നമല്ലേ ഉള്ളു. എന്തിന് രഹസ്യമായി നിഷേധിക്കണം?" -എന്നായി സനല്‍കുമാര്‍ ശശിധരന്‍.