ഹൈദരാബാദ്: ആക്‌ടിവ 110ന്‍റെ ഏറ്റവും പുതിയ പതിപ്പ് വിപണിയിൽ അവതരിപ്പിച്ച് ജനപ്രിയ ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ. ഡിജിറ്റൽ ഇൻസ്‌ട്രുമെന്‍റ് കൺസോൾ ഉൾപ്പെടെയുള്ള മാറ്റങ്ങളോടെയാണ് ആക്‌ടിവ 110ന്‍റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. 80,950 രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയിൽ പുറത്തിറക്കിയ ഈ ജനപ്രിയ സ്‌കൂട്ടർ മുൻ മോഡലിനെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളോടെയാണ് എത്തിയിരിക്കുന്നത്.
വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് പുതുക്കിയ മോഡലിന്‍റെ എഞ്ചിൻ ക്രമീരിച്ചിരിക്കുന്നത്. ഒബിഡി2 ബി കംപ്ലയൻസോടു കൂടിയ എഞ്ചിനാണ് പുതുക്കിയ മോഡലിന്‍റെ മറ്റൊരു ഹൈലൈറ്റ്. വാഹനത്തിന്‍റെ എഞ്ചിനോ മറ്റോ എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ ഉടനെ ഡ്രൈവർക്ക് അലർട്ട് നൽകുന്ന സംവിധാനമാണ് ഒബിഡി2 അഥവാ ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക് 2 സിസ്റ്റം.
പുതിയ ടിഎഫ്‌ടി കളർ ഡിസ്‌പ്ലേ: മൈലേജ് ഇൻഡിക്കേറ്റർ, ട്രിപ്പ് മീറ്റർ, ഇക്കോ ഇൻഡിക്കേറ്റർ, ദൂരം എന്നിവയെക്കുറിച്ച് വിവരങ്ങൾ നൽകുന്ന 4.2 ഇഞ്ച് ടിഎഫ്‌ടി കളർ ഡിസ്‌പ്ലേയാണ് ആക്‌ടിവ 110ന്‍റെ ഏറ്റവും പുതിയ പതിപ്പിൽ നൽകിയിരിക്കുന്നത്. കൂടാതെ പുതുക്കിയ മോഡലിൽ യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ടും നൽകിയിട്ടുണ്ട്.
എഞ്ചിൻ: മുൻ മോഡലിന് സമാനമായ 109.51 സിസി സിംഗിൾ-സിലിണ്ടർ PGM-Fi എഞ്ചിൻ തന്നെയാണ് പുതുക്കിയ മോഡലിലും നൽകിയിരിക്കുന്നത്. ഒബിഡി2 ബി കംപ്ലയൻസോടു കൂടിയ എഞ്ചിൻ 7.7 ബിഎച്ച്‌പി പവറും 9 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കും. കൂടാതെ ആക്‌ടിവ 110 മോഡലിൽ ഐഡലിങ് സ്റ്റോപ്പ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്.
2001ലാണ് ഹോണ്ട ആക്‌ടിവ 110ന്‍റെ ആദ്യ തലമുറ പുറത്തിറക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കമ്പനിയുടെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണിത്. കാലത്തിനനുസരിച്ച് മാറ്റങ്ങളും പുതിയ ടെക്‌നോളജികളുമായി എത്തുന്നുവെന്നതാണ് ഹോണ്ട ആക്‌ടിവയെ ഇന്നും പ്രിയമുള്ളതാക്കുന്നത്. വർഷങ്ങൾക്കിപ്പുറവും ആളുകൾ ആക്‌ടിവയെ മുറുകെ പിടിക്കുന്നതിന് പിന്നിലും ഇതുതന്നെ. പിന്നീട് ഇറങ്ങുന്ന മോഡലുകളിൽ എൽഇഡി ഹെഡ്‌ലൈറ്റുകളും ഡിജിറ്റൽ ട്രിപ്പ് മീറ്ററും ഉൾപ്പെടെ ഓരോന്നായി പുതുതായി ചേർക്കുകയായിരുന്നു.
കളർ ഓപ്‌ഷനുകൾ:മെറ്റാലിക് റെഡ്, പേൾ ബ്ലാക്ക്, പേൾ വൈറ്റ്, മെറ്റാലിക് ബ്ലൂ, മാറ്റ് ഗ്രേ, പേൾ ബ്ലൂ എന്നിങ്ങനെ മൊത്തം ആറ് കളറുകളിൽ ഹോണ്ട ആക്‌ടിവ 110 ലഭ്യമാകും. സ്റ്റാൻഡേർഡ്, ഡിഎൽഎക്‌സ്, എച്ച്-സ്‌മാർട്ട് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളായാണ് വിൽക്കുക. മൂന്ന് വേരിയന്‍റുകളും ആറ് കളറുകളിലും ലഭ്യമാകും.
വില: മാറ്റങ്ങൾക്കൊപ്പം ഹോണ്ട ആക്‌ടിവ 110ന്‍റെ പുതുക്കിയ പതിപ്പിന്‍റെ വിലയും വർധിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് വേരിയൻ്റിൻ്റെ വില 80,950 രൂപയാണ്. ഇത് നിലവിലെ മോഡലിനേക്കാൾ 2,266 രൂപ കൂടുതലാണ്. അതേസമയം ഡിഎൽഎക്‌സ്, എച്ച്-സ്‌മാർട്ട് എന്നീ വേരിയൻ്റുകളുടെ വില ഹോണ്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇവയുടെ വിലയും വർധിക്കാനാണ് സാധ്യത.
Also Read:
- ആക്‌ടിവയെ വെല്ലാൻ പുതിയ സുസുക്കി ആക്‌സസ് 125: വില 81,700 രൂപ
- ഫുൾ ചാർജിൽ 102 കിലോമീറ്റർ, ചാർജ് കഴിഞ്ഞാൽ ബാറ്ററി ഊരിമാറ്റി വേറെ ഘടിപ്പിക്കാം: ആക്‌ടിവയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തിക്കഴിഞ്ഞു മക്കളേ...
- വാങ്ങുന്നെങ്കിൽ പെട്ടന്നായിക്കോളൂ.. ഫെബ്രുവരി മുതൽ ഈ മോഡലുകൾക്ക് വില കൂട്ടുമെന്ന് മാരുതി സുസൂക്കി; വർധനവ് 32,500 രൂപ വരെ
- കരുത്തൻ എഞ്ചിനുമായി റോയൽ എൻഫീൽഡിന്‍റെ സ്‌ക്രാം 440: വില 2.08 ലക്ഷം
- ബാറ്ററി തീർന്നാൽ സോളാറിൽ ഓടും: കിലോ മീറ്ററിന് ചെലവ് വെറും 50 പൈസ!! സോളാർ ഇലക്‌ട്രിക് കാർ വരുന്നു...