ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച സാഹിത്യകാരൻ എം ടി വാസുദേവൻ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നൽകും. മലയാളിയായ ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷൺ സമ്മാനിക്കും. ഐഎം വിജയൻ, കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിൻ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും സമ്മാനിക്കും.
സുപ്രീംകോടതി അഭിഭാഷകനായ സി എസ് വൈദ്യനാഥൻ, മൃദംഗ വിദ്വാൻ ഗുരുവായൂര്‍ ദൊരൈ, ഗായകൻ അര്‍ജിത്ത് സിങ് എന്നിവരും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.
അന്തരിച്ച ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മ ഭൂഷണ്‍ നൽകും. തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്‌ണ പത്മഭൂഷണ് അര്‍ഹനായി.
ആകെ ഏഴ് പേരാണ് ഈ വര്‍ഷത്തെ പത്മവിഭൂഷണ് അര്‍ഹരായത്. പത്മഭൂഷണ് 19 പേര്‍ അര്‍ഹരായി. 113 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.
എം.ടി വാസുദേവൻ നായര്‍: മലയാള സാഹിത്യ സിനിമാ നാടക രംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കിയ എംടി അടുത്തിടെയാണ് നമ്മെ വിട്ടു പോയത്. 1933ല്‍ പാലക്കാട് ജില്ലയിലെ കൂടല്ലൂരിൽ ജനിച്ച എംടി നോവലിസ്‌റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത്, പത്രാധിപര്‍ എന്നീ നിലകളിലെല്ലാം മികവ് തെളിയിച്ച പ്രതിഭാശാലിയാണ്.
പത്മഭൂഷൺ, ജ്ഞാനപീഠം എഴുത്തച്‌ഛൻ പുരസ്‌കാരം, ജെസി ഡാനിയൽ പുരസ്‌കാരം, പ്രഥമകേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം മുതലായ പുരസ്‌കാരങ്ങള്‍ എംടിക്ക് ലഭിച്ചിട്ടുണ്ട്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് 2024 ഡിസംബർ 25-ന് ആണ് എംടി അന്തരിക്കുന്നത്.
ജോസ് ചാക്കോ പെരിയപ്പുറം: കാർഡിയാക് സർജനും എഴുത്തുകാരനുമായ ജോസ് ചാക്കോ പെരിയപ്പുറം പാവപ്പെട്ട ഹൃദ്രോഗികളെ സാമ്പത്തികമായി സഹായിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റായ ഹാർട്ട് കെയർ ഫൗണ്ടേഷന്‍റെ സ്ഥാപകനും ചെയർമാനുമാണ്. കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്‌ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് ജോസ് പെരിയപ്പുറമാണ്. ഇന്ത്യയില്‍ ആദ്യമായി ഒരാളില്‍ തന്നെ രണ്ടാമതും ഹൃദയം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ നടത്തിയതും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ്. 2014-ല്‍ ആയിരുന്നു ശസ്‌ത്രക്രിയ.
എഡിൻബറോയിലെ റോയൽ കോളജ് ഓഫ് സർജൻസ്, ഗ്ലാസ്ഗോയിലെ റോയൽ കോളജ് ഓഫ് സർജൻസ്, ലണ്ടനിലെ റോയൽ കോളജ് ഓഫ് സർജൻസ് എന്നിവയിലെ അംഗമാണ്. 2011-ൽ ഇന്ത്യാ ഗവൺമെന്‍റ് പത്മശ്രീ നൽകി ആദരിച്ചു. നിലവില്‍ എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗം വിഭാഗത്തിന്‍റെ മേധാവിയാണ്. എറണാകുളം സൗത്ത് പറവൂര്‍ സ്വദേശിയാണ് ജോസ് പെരിയപ്പുറം.
പി ആര്‍ ശ്രീജേഷ്: നിലവില്‍ ഇന്ത്യൻ ഫീൽഡ് ഹോക്കി പരിശീലകനായ പിആര്‍ ശ്രീജേഷ് ഹോക്കിയില്‍ ഇന്ത്യയുടെ യശസ്സ് ലോകമെമ്പാടുമെത്തിച്ച അഭിമാന താരമാണ്. ഇന്ത്യന്‍ ദേശീയ ടീമിന്‍റെ ക്യാപ്റ്റനായിരുന്ന ശ്രീജേഷ് ഗോൾകീപ്പറായിരുന്നു. ഫീൽഡ് ഹോക്കിയുടെ ചരിത്രത്തില്‍ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഓരാളാണ് പി ആര്‍ ശ്രീജേഷ്.
2024 മുതൽ ഇന്ത്യൻ പുരുഷ ദേശീയ അണ്ടര്‍-21 ടീമിന്‍റെ മുഖ്യ പരിശീലകനാണ്. 2020, 2024 സമ്മർ ഒളിമ്പിക്‌സുകളിൽ ഇന്ത്യൻ ദേശീയ ടീം വെങ്കല മെഡൽ നേടിയപ്പോള്‍ ശ്രീജേഷ് ടീമില്‍ നിർണായക പങ്ക് വഹിച്ചു. 2014 , 2022 ഏഷ്യൻ ഗെയിംസുകളിൽ സ്വർണം നേടിയ ഇന്ത്യന്‍ ടീമിന്‍റെയും ഭാഗമായിരുന്നു പിആര്‍ ശ്രീജേഷ്. 2020, 2022, 2024 വർഷങ്ങളിലെ എഫ്‌ഐഎച്ച് അവാർഡുകളിൽ മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള അവാർഡും അദ്ദേഹം നേടി. പാരിസ് ഒളിമ്പിക്‌സിന് ശേഷമാണ് ശ്രീജേഷ് അന്താരാഷ്‌ട്ര ഹോക്കിയില്‍ നിന്ന് വിരമിച്ച് പരിശീലകന്‍റെ കുപ്പായമണിഞ്ഞത്.
ഐഎം വിജയന്‍: ഇന്ത്യൻ ഫുട്ബോള്‍ ടീമിലെ ശ്രദ്ധേയനായ താരമാണ് ഐഎം വിജയന്‍. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്‍റിൽ ഗോൾ നേടിയ ഐഎം വിജയന്‍ ഏറ്റവും വേഗത്തിൽ ഗോൾ നേടുന്ന താരം എന്ന രാജ്യാന്തര റെക്കോർഡ് കരസ്ഥമാക്കിയിരുന്നു. മുന്നേറ്റ നിരയിൽ കളിച്ചിരുന്ന ഐഎം വിജയൻ മിഡ്‌ഫീൽഡറായും തിളങ്ങിയിട്ടുണ്ട്. കായിക താരങ്ങൾക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയായ അർജുന അവാർഡ് 2003-ൽ അദ്ദേഹത്തിന് ലഭിച്ചിച്ചു. സിനിമാ താരമായും ഐഎം വിജയന്‍ മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ചു.
ശോഭന: ഇന്ത്യന്‍ ചലചിത്ര രംഗത്തെ എക്കാലത്തെയും മികച്ച അഭിനേത്രിയും ഭരതനാട്യം നര്‍ത്തകിയുമാണ് ശോഭന. മലയാള സിനിമകള്‍ക്ക് പുറമേ ഹിന്ദി, കന്നഡ, ഇംഗ്ലീഷ്, തെലുങ്ക്, തമിഴ് സിനിമകളിലും ശോഭന പ്രതിഭ തെളിയച്ചിട്ടുണ്ട്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, സൗത്ത് ഫിലിം ഫെയർ അവാർഡുകൾ, തമിഴ്‌നാട് സ്‌റ്റേറ്റ് കലൈമാമണി ഹോണറിങ് അവാർഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ക്ക് ശോഭന അര്‍ഹയായിട്ടുണ്ട്.
1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്‌ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. 1994-ൽ ഫാസിലിന്‍റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.
ഡോ കെ ഓമനക്കുട്ടി: കേരളത്തിലെ പ്രമുഖ സംഗീതഞ്ജയും സംഗീത അധ്യാപികയുമാണ് ഡോ കെ ഓമനക്കുട്ടി. തിരുവനന്തപുരത്തെ സംഗീത ഭാരതിയുടെ ഡയറക്‌ടറും സെക്രട്ടറിയുമാണ് ഓമനക്കുട്ടി. കേരള യൂണിവേഴ്‌സിറ്റി സംഗീത വിഭാഗം മുന്‍ മേധാവിയാണ്. ആകാശവാണിയുടെയും ദൂരദർശന്‍റെയും ടോപ് ഗ്രേഡ് ആർട്ടിസ്‌റ്റ് കൂടിയാണ് കെ ഓമനക്കുട്ടി. പ്രമുഖ സംഗീതഞ്ജന്‍ എം ജി രാധാകൃഷ്‌ണൻ, ഗായകൻ എം ജി ശ്രീകുമാർ സഹോദരങ്ങളാണ്. കഥകളി സംഗീതത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഡോക്‌ടറേറ്റ് ലഭിച്ചത്. 1997ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. 2012 ൽ കലാരത്ന ഫെലോഷിപ്പിന് ഓമനക്കുട്ടി അര്‍ഹയായി. കേരള സംഗീതനാടക അക്കാദമി വിശിഷ്‌ടാംഗത്വവും ലഭിച്ചിട്ടുണ്ട്.