ടൊവിനോ തോമസിനെ നായകനാക്കി പുതിയ ചിത്രവുമായി മുഹ്‌സിന്‍ പരാരി. 'തന്ത വൈബ് ഹൈബ്രിഡ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുക. സിനിമയുടെ അനൗസ്‌മെന്‍റ് പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം ആരാധകരെ അറിയിച്ചത്.
'ഹൗ ഓള്‍ഡ് ഈസ് യുവര്‍ ഇന്നര്‍ ചൈല്‍ഡ്' എന്ന ടാഗ്‌ലൈനോട് കൂടി പുറത്തിറങ്ങിയ പോസ്‌റ്ററില്‍ നൃത്തച്ചുവടുകളുമായി നില്‍ക്കുന്ന ടൊവിനോ തോമസിനെയാണ് കാണാനാവുക. മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വ്വഹിക്കുക ആശിഖ് ഉസ്‌മാന്‍ ആണ്.
ടൊവിനോ തോമസ്, മുഹ്‌സിന്‍ പരാരി ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ അനൗന്‍സ്‌മെന്‍റ് പോസ്‌റ്റര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് പോസ്‌റ്ററിന് ലഭിച്ചിരിക്കുന്നത്. അനൗന്‍സ്‌മെന്‍റ് പോസ്‌റ്റര്‍ എത്തിയതോടെ ആരാധകരും ആവേശത്തിലാണ്.
'തന്ത വൈബി'ലൂടെ 'തല്ലുമാല' ടീം വീണ്ടും ഒന്നിക്കുകയാണ്. 'തല്ലുമാല' ടീമിനെ വീണ്ടും കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ജിംഷി ഖാലിദ് ഛായാഗ്രഹണവും ചമന്‍ ചാക്കോ ചിത്രസംയോജനവും നിര്‍വ്വഹിക്കും. വിഷ്‌ണു വിജയ് ആകും ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുക.
മുഹ്‌സിന്‍ പരാരിയുടെ രണ്ടാമത്തെ സംവിധാനം സംരംഭമാണ് 'തന്ത വൈബ്'. 2015ല്‍ 'കെഎല്‍ 10' ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ആദ്യ ചിത്രം. 'വൈറസ്', 'സുഡാനി ഫ്രം നൈജീരിയ', 'തല്ലുമാല', 'ഹലാല്‍ ലൗ സ്‌റ്റോറി' തുടങ്ങി ചിത്രത്തങ്ങളുടെ തിരക്കഥാകൃത്താണ് അദ്ദേഹം. 'സുഡാനി ഫ്രം നൈജീരിയ'യിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം നേടിയിരുന്നു.
സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാന രചയിതാവ്, നിര്‍മ്മാതാവ് എന്നീ മേഖലകളിലൊക്കെ ശ്രദ്ധ നേടിയ വ്യക്‌തിയാണ് മുഹ്‌സിന്‍ പരാരി. അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
നസ്രിന്‍, ബേസില്‍ ജോസഫ് ചിത്രം 'സൂക്ഷ്‌മദര്‍ശിനി'യിലെ ദുരൂഹമന്ദഹാസമേ എന്ന ഗാനമാണ് മുഹ്‌സിന്‍റെ രചനയില്‍ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഗാനം. 'സുലേഖ മന്‍സില്‍', 'തല്ലുമാല', 'വൈറസ്', 'ഭീമന്‍റെ വഴി', 'തമാശ', 'ഹലാല്‍ ലൗ സ്‌റ്റോറി' തുടങ്ങി നിരവധി സിനിമകള്‍ക്ക് അദ്ദേഹം ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
അടുത്തിടെയാണ് അദ്ദേഹം പാട്ടെഴുത്തില്‍ നിന്നും ഇടവേള എടുത്തിരുന്നത്. സംവിധാന സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിരുന്നു ഗാന രചനയിൽ നിന്നും ഇടവേള എടുക്കുന്നതെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ 'തന്ത വൈബ്' അനൗന്‍സ്‌മെന്‍റ് പോസ്‌റ്റര്‍ കൂടി എത്തിയതോടെ ആരാധകരും സന്തോഷത്തിലാണ്.
Also Read: ടൊവിനോയുടെ ഐഡന്‍റിറ്റി ഒടിടിയിലേക്ക്; ജനുവരി 31 മുതൽ സ്ട്രീമിങ് - IDENTITY OTT RELEASE