മുംബൈ: വൈവിധ്യങ്ങളെ ആദരിക്കണമെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്. പരസ്‌പരാശ്രിതത്വമാണ് സഹവര്‍ത്തിത്വത്തോടെയുള്ള ജീവിതത്തിന് ആധാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്‌ട്രയിലെ താനെയിലുള്ള ഭിവണ്ടിയലെ ഒരു കോളജില്‍ റിപ്പബ്ലിക് ദിന പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഘോഷങ്ങള്‍ക്കപ്പുറം റിപ്പബ്ലിക് ദിനം നമ്മുടെ കടമകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങളെ ആദരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരസ്‌പരാശ്രിതത്വമാണ് സഹവര്‍ത്തിത്വത്തിന്‍റെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വൈവിധ്യങ്ങള്‍ മൂലമുള്ള തര്‍ക്കങ്ങള്‍ക്ക് രാജ്യത്ത് ഒരു അവസാനമുണ്ടാകണം. വൈവിധ്യം നമ്മുടെ ജീവിതത്തിന്‍റെ സ്വഭാവികതയാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ പ്രത്യേകതകളുണ്ടാകും. നിങ്ങള്‍ പരസ്‌പരം നന്മയുള്ളവരാകുക, പരസ്‌പരാശ്രിതത്വത്തോടെ ജീവിക്കുക. നിങ്ങളുടെ കുടുംബത്തിന് സന്തോഷമില്ലെങ്കില്‍ നിങ്ങള്‍ക്ക് സന്തോഷിക്കാനാകില്ല. അതുപോലെ നമ്മുടെ നഗരം പ്രശ്‌നത്തിലായാല്‍ ഒരു കുടുംബത്തിനും സന്തോഷിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറിവും ആത്മാര്‍ത്ഥതയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. പരിശ്രമശാലികളാകുക എന്നത് പ്രധാനമാണ്. എന്നാല്‍ എപ്പോഴും നിങ്ങള്‍ നിങ്ങളുടെ ജോലികള്‍ അറിവോടെ ചെയ്യുക. മതിയായ ചിന്തയില്ലാതെ ചെയ്യുന്ന പ്രവൃത്തികള്‍ നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കില്ലെന്ന് മാത്രമല്ല അത് കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യും. അറിവില്ലാതെ ചെയ്യുന്ന പ്രവൃത്തികള്‍ ചിലപ്പോള്‍ ഭ്രാന്തമായേക്കാം.
നിങ്ങള്‍ക്ക് ചോറ് എങ്ങനെ വയ്ക്കണമെന്ന് അറിയാമെങ്കില്‍ അരിയും വെള്ളവും വിറകും എല്ലാം ഉപയോഗിച്ച് അത് നിങ്ങള്‍ ഉണ്ടാക്കും. ഇല്ലെങ്കില്‍ അരിയും വെള്ളവും എല്ലാം വേറെ വേറെ കഴിച്ച ശേഷം കുറച്ച് നേരം വെയിലത്ത് നിന്നാല്‍ അത് ചോറാകുമോയെന്നും അദ്ദേഹം ചോദിച്ചു. അത് കൊണ്ട് തന്നെ അറിവും പ്രതിബദ്ധതയും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
നിത്യജീവിതത്തിലും വിശ്വാസവും പ്രതിബദ്ധതയും വേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. നിങ്ങള്‍ ഒരു ഹോട്ടലില്‍ കയറി വെള്ളം കുടിച്ച് പോകുകയാണെങ്കില്‍ നിങ്ങളെ അവര്‍ അപമാനിക്കുകയും വൃത്തികെട്ട നോട്ടം നോക്കുകയും ചെയ്യാം. അതേസമയം നിങ്ങള്‍ ഒരു വീട്ടില്‍ കയറി അല്‍പ്പം വെള്ളം ചോദിച്ച് നോക്കൂ അവര്‍ നിങ്ങള്‍ക്ക് ആവശ്യത്തിന് വെള്ളവും വല്ലതും കഴിക്കാനും നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീടുകളില്‍ വിശ്വാസവും പ്രതിബദ്ധതയുമുണ്ട്. അത് കൊണ്ട് അവിടുത്തെ പ്രവര്‍ത്തനങ്ങളെല്ലാം ഫലവത്തായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ഇന്ത്യ എങ്ങനെ റിപബ്ലിക്കായി? ചരിത്രവും വസ്‌തുതകളും