പാലക്കാട്: പുതിയ ജില്ലാ പ്രസിഡൻ്റിനെ നിയോഗിക്കുന്നതിനെച്ചൊല്ലി ബിജെപിയിൽ ഭിന്നതയെന്ന് റിപ്പോർട്ട് . പാലക്കാട് നഗരസഭയിലെ ഒമ്പത് കൗൺസിലർമാർ രാജിക്കൊരുങ്ങുന്നു എന്നാണ് വിവരം. വിഷയം ചർച്ച ചെയ്യുന്നതിന് യാക്കരയിൽ ചേർന്ന വിമത യോഗത്തിൽ പാലക്കാട് നഗരസഭാ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാനും പാർട്ടി സംസ്ഥാന ട്രഷററുമായ അഡ്വ. ഇ കൃഷ്‌ണദാസ്, ബിജെപി ദേശീയ സമിതിയംഗം കൂടിയായ നഗരസഭാ കൗൺസിലർ എൻ ശിവരാജൻ, മുതിർന്ന കൗൺസിലർമാരായ സാബു, സ്‌മിതേഷ് എന്നിവർ പങ്കെടുത്തതായാണ് സൂചന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാറിനെ എതിർക്കുന്നവരാണ് ഇവരെല്ലാം എന്നാണ് പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. യുവമോർച്ച ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡൻ്റായി നിയോഗിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് വിമതരുടെ നീക്കമെന്നും പറയപ്പെടുന്നു.
പുതിയ ജില്ലാ പ്രസിഡൻ്റിനെ പ്രഖ്യാപിക്കാൻ മുതിർന്ന ബിജെപി നേതാവ് കെ എസ് രാധാകൃഷ്‌ണൻ തിങ്കളാഴ്‌ച പാലക്കാട്ടെത്തുന്നുണ്ട്. പ്രശാന്ത് ശിവനെ പ്രസിഡൻ്റാക്കിയാൽ നേതാക്കൾ രാജി വെക്കുമെന്നാണ് സൂചന. അതേസമയം ഈ നേതാക്കൾ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ അവരുമായി ചർച്ച നടത്തുന്നുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. വിമതരെ കോൺഗ്രസിലെത്തിക്കാനാണ് സന്ദീപ് വാര്യരുടെ ശ്രമം.