മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് ഇപ്പോള്‍ ബോളിവുഡിലും തരംഗം സൃഷ്‌ടിക്കുകയാണ്. ഈ വര്‍ഷമാദ്യം റിലീസായ ടൊവിനോ തോമസ് നായകനായ 'ഐഡന്‍റിറ്റി', ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്‌ടിക്കുമ്പോള്‍ ചിത്രത്തില്‍ ജേക്‌സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും പ്രേക്ഷകശ്രദ്ധ നേടുകയാണ്.
'ഐഡന്‍റിറ്റി'ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌ത 'ദേവ', തരുൺമൂർത്തി സംവിധാനം ചെയ്‌ത മോഹന്‍ലാലിന്‍റെ 'തുടരും' എന്നീ സിനിമകളാണ് ജേക്‌സ് ബിജോയ്‌യുടേതായുള്ള സംഗീതത്തില്‍ ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍. ഷറഫുദ്ദീൻ നായകനായ 'ഹലോ മമ്മി' ആണ് ജേക്‌സ് ബിജോയ് അടുത്തിടെയായി സംഗീത സംവിധാനം നിര്‍വ്വഹിച്ച മറ്റൊരു ചിത്രം. അയ്യപ്പനും കോശിയും, കൽക്കി, രണം, സൂര്യാസ് സാറ്റർഡേ, ടാക്‌സി വാല തുടങ്ങീ സിനിമകളിലൂടെയും പ്രശസ്‌തനാണ് ജേക്‌സ് ബിജോയ്.
ഇപ്പോഴിതാ ജേക്‌സ് ബിജോയ് തന്‍റെ സംഗീത വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ്. 'തുടരും' സിനിമയിലെ മോഹന്‍ലാലിനെ കുറിച്ചുള്ള വിശേഷങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. മോഹൻലാലിന്‍റെ 360-ാമത് ചിത്രമാണ് 'തുടരും'. ഈ സിനിമയില്‍ എല്ലാവരും ആഗ്രഹിക്കുന്ന പോലെ പഴയ വിന്‍റേജ് മോഹൻലാലിനെ തിരികെ ലഭിക്കുമെന്നാണ് ജേക്‌സ് ബിജോയ് പറയുന്നത്.
പൊതുവെ ത്രില്ലർ സിനിമകൾക്ക് സംഗീതം ഒരുക്കുന്ന തനിക്ക് തുടരും സിനിമയിലേക്ക് ക്ഷണം വന്നതിനെ കുറിച്ച് ജേക്‌സ് ബിജോയ് പറയുന്നു. "സാധാരണ ത്രില്ലർ സിനിമകൾക്ക് സംഗീതം ഒരുക്കാനാണ് പലപ്പോഴും എനിക്ക് അവസരങ്ങൾ ലഭിക്കുന്നത്. തുടർച്ചയായി ത്രില്ലർ സിനിമകൾ ചെയ്‌തു കൊണ്ടിരുന്നപ്പോൾ ആയിരുന്നു തുടരും എന്ന സിനിമയിലേക്ക് ക്ഷണം ലഭിക്കുന്നത്. ഈ ചിത്രത്തിലേക്ക് എന്തിനെന്നെ ക്ഷണിച്ചുവെന്ന് തരുൺ മൂർത്തിയോട് ഞാൻ ചോദിച്ചിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞ മറുപടി ഞാനിവിടെ പറയുന്നില്ല. ആ മറുപടി ഈ സിനിമ കാണുമ്പോൾ പ്രേക്ഷകർക്ക് സ്വയം മനസ്സിലാകും," ജേക്‌സ് ബിജോയ് പറഞ്ഞു.
നേര് ഒഴികെ മോഹന്‍ലാലിന്‍റെ സമീപകാല സിനിമകള്‍ വലിയ വിമർശനങ്ങൾക്ക് പാത്രമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നു. പുതിയ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ വിശേഷങ്ങളും അദ്ദേഹം പങ്കുവച്ചു.
"നിസ്സംശയം പറയാം, അടുത്ത കാലത്തെ വച്ച് നോക്കുമ്പോൾ ലാലേട്ടന്‍റെ ഏറ്റവും മികച്ച പ്രകടനം. ദി വെരി ബെസ്‌റ്റ്. ആ പഴയ ലാലേട്ടനെ വീണ്ടും കണ്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി. സിനിമയുടെ സംഗീതം ചെയ്‌തുകൊണ്ടിരുന്ന സമയത്ത് സ്‌ക്രീനിൽ ലാലേട്ടനെ കാണുമ്പോൾ സത്യത്തിൽ ഞാൻ പഴയ കാലത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു. ഭയങ്കര നൊസ്‌റ്റാൾജിയാണ് അദ്ദേഹത്തിന്‍റെ പ്രകടനം കാണുമ്പോൾ എനിക്ക് തോന്നിയത്. ഫുൾ നൊസ്‌റ്റാൾജിയയിലാണ് തുടരും എന്ന ചിത്രത്തില്‍ മുഴുവനും ഞാൻ വർക്ക് ചെയ്‌തത്", ജേക്‌സ് ബിജോയ് പറഞ്ഞു.
തുടരും എന്ന സിനിമയിലെ മോഹൻലാലിന്‍റെ പ്രകടനത്തെ പ്രശംസിക്കാതിരിക്കാന്‍ ആകില്ലെന്നാണ് അദ്ദേഹം പറയുന്നത്. "എനിക്ക് ഭയങ്കരമായി ഇഷ്‌ടപ്പെട്ടു. വർക്ക് ചെയ്‌ത മറ്റു ചിത്രങ്ങളെ കുറിച്ച് ഞാൻ ഇങ്ങനെ ഒരിക്കലും സംസാരിച്ചിട്ടില്ല. സംഗീതം നന്നായി വന്നു. ഞാൻ തൃപ്‌തനാണ് എന്നതിലപ്പുറം മറ്റൊന്നും ഞാൻ വെളിപ്പെടുത്തിയില്ല. ഗായകരെ പ്രശംസിക്കുന്നതിൽ അപ്പുറം ഒരു സിനിമയെ പ്രശംസിക്കാൻ ചില നിയന്ത്രണങ്ങൾ വച്ചിരുന്നു. അതൊരുപക്ഷേ സിനിമയുടെ മറ്റ് വിശദാംശങ്ങൾ റിലീസിന് മുമ്പ് തന്നെ വെളിപ്പെടും എന്നുള്ളത് കൊണ്ടാണ്. പക്ഷേ തുടരും എന്ന ചിത്രത്തിലെ മോഹൻലാലിന്‍റെ പ്രകടനത്തെ പ്രശംസിക്കാതെ വയ്യ. ഹയ്യോ പഴയ ലാലേട്ടനെ അതിഗംഭീരമായി വീണ്ടും കണ്ടു. പഴയ ലാലേട്ടനെ തിരിച്ചു താ എന്ന പരാതി ഇവിടെ പരിഹരിച്ചിട്ടുമുണ്ട്.. കൂടുതൽ പ്രശംസിച്ച് കുഴപ്പങ്ങളൊന്നും ഉണ്ടാക്കുന്നില്ല. സിനിമ നന്നായി വന്നിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്‍റെ വരാനിരിക്കുന്ന പുതിയ പ്രോജക്‌ടുകളെ കുറിച്ചും ജേക്‌സ് ബിജോയ് പ്രതികരിച്ചു. "ഉടൻ തന്നെ ഒരു വലിയ തെലുങ്ക് പ്രോജക്‌ട് ആരംഭിക്കുന്നുണ്ട്. അതിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്താറായിട്ടില്ല. ആർഡിഎക്‌സിന്‍റെ സംവിധായകൻ നഹാസ് ഹിദായത്ത് ഒരുക്കുന്ന ദുൽഖർ സൽമാൻ ചിത്രം ലൈൻ അപ്പിലുണ്ട്. പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ, ടൊവിനോ തോമസ് നായകനാകുന്ന നരിവേട്ട, മാർട്ടിൻ പ്രക്കാട്ട് നിർമ്മിക്കുന്ന ഓഫീസർ തുടങ്ങിയ സിനിമകളുടെ ജോലികളും ആരംഭിച്ചു," ജേക്‌സ് ബിജോയ് വ്യക്‌തമാക്കി.