ന്യൂഡൽഹി : 2023-24 സാമ്പത്തിക വർഷത്തിലെ ഒക്ടോബർ-ഡിസംബർ പാദത്തിൽ ഇന്ത്യയുടെ ജിഡിപി നിരക്ക് 8.4 ശതമാനം വളർച്ച നേടിയതായി റിപ്പോര്‍ട്ട്. രാജ്യം അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുകയാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രിൽ-ജൂൺ, ജൂലൈ-സെപ്റ്റംബർ എന്നീ രണ്ട് പാദങ്ങളിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.8 ശതമാനവും 7.6 ശതമാനവും വളർച്ചയാണ് കൈവരിച്ചിരുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2022-23 ലെ ജിഡിപി വളർച്ചാ നിരക്ക് 7 ശതമാനമായിരുന്നു.എന്നാല്‍ 2023-24 വര്‍ഷത്തില്‍ ജിഡിപിയുടെ വളർച്ചാ നിരക്ക് 7.6 ശതമാനമായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. 2022-23 വര്ഷം 269.50 ലക്ഷം കോടി രൂപയായിരുന്ന നോമിനല്‍ ജിഡിപി 2023-24 ല്‍ 293.90 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് കരുതുന്നത്. 9.1 ശതമാനം വളർച്ചാ നിരക്കാണ് നോമിനല്‍ ജിഡിപിയില്‍ പ്രതീക്ഷിക്കുന്നത്.
2023-24 ലെ മൂന്നാം പാദത്തിലെ ജിഡിപി 43.72 ലക്ഷം കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022-23ലെ മൂന്നാം പാദത്തില്‍ ഇത് 40.35 ലക്ഷം കോടി രൂപയായിരുന്നു. ഇവിടെ 8.4 ശതമാനം വളർച്ചാ നിരക്കാണ് പ്രതീക്ഷിക്കപ്പെടുന്നത്.