കേരളം

kerala

ETV Bharat / bharat

മാധ്യമഭീമന്‍, ഫിലിം സിറ്റി സ്ഥാപകന്‍, വ്യവസായി, റാമോജി റാവുവിന്‍റെ പ്രൗഢ പാരമ്പര്യം - THE RAMOJI RAO LEGACY

റാമോജി ഗ്രൂപ്പ് സ്ഥാപകന്‍ റാമോജി റാവു ഒരു ബഹുമുഖ പ്രതിഭ ആയിരുന്നു. ഇടിവി ഭാരതിന്‍റെ രവികിരണ്‍ അദ്ദേഹത്തിന്‍റെ ജീവിത യാത്ര അടയാളപ്പെടുത്തുന്നു.

YEARENDER 2024  RAMOJI FILM CITY  PRIYA FOODS  റാമോജി റാവു
File - Ramoji Rao (ETV Bharat)

By ETV Bharat Kerala Team

Published : 4 hours ago

ഹൈദരാബാദ്: മാധ്യമവിപ്ലവത്തിന്‍റെ മുന്‍നിരക്കാരന്‍, ചലച്ചിത്രമേഖലയിലെ പോരാളി, വിനോദമേഖലയുടെ തലതൊട്ടപ്പന്‍, വാക്കുകളുടെ മാന്ത്രികന്‍, സംരഭകത്വത്തിന്‍റെ ഇന്ദ്രജാലക്കാരന്‍- ഇതെല്ലാം ഒരാളില്‍ സമ്മേളിക്കുക എന്ന അപൂര്‍വത. ഇതായിരുന്നു റാമോജി ഗ്രൂപ്പിന്‍റെ അന്തരിച്ച ചെയര്‍മാന്‍ റാമോജി റാവു. ജീവിത കാലത്ത് അദ്ദേഹമുണ്ടാക്കുന്ന അനേകം നേട്ടങ്ങളിലൂടെ റാമോജി ഗ്രൂപ്പ് അസംഖ്യം അംഗീകാരങ്ങളും ലക്ഷക്കണക്കിന് അനുയായികളെയും സ്വന്തമാക്കി. വിവരവിനിമയ വിപ്ലവത്തെ നെടുനായകത്വം വഹിച്ച് കൊണ്ട് ജനാധിപത്യത്തിന്‍റെ പോരാളിയായും അദ്ദേഹം നിലയുറപ്പിച്ചു.

മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി ആജീവനാന്തം പോരാടിയ വ്യക്തിയാണ് റാമോജി റാവു. ഒപ്പം ഈ രംഗത്ത് പുതുമയും പരീക്ഷണങ്ങളും കൊണ്ടു വന്നു. എല്ലായെപ്പോഴും വ്യവസ്ഥിതികളെ വെല്ലുവിളിച്ചു. ഓരോ ചുവടിലും തികഞ്ഞ തൊഴില്‍ മികവ് പുലര്‍ത്തി.

  • എന്നും നിലനില്‍ക്കുന്ന പാരമ്പര്യം

ആന്ധ്രാപ്രദേശിലെ ഗുഡിവാഡയ്ക്കടുത്തുള്ള പെദപുരുപുഡി ഗ്രാമത്തില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ 1936 നവംബര്‍ പതിനാറിനാണ് റാമോജി റാവു ജനിച്ചത്. തികച്ചും സാധാരണമായ ചുറ്റുപാടില്‍ നിന്ന് ആരെയും അമ്പരിപ്പിക്കുന്ന ഉയരങ്ങളിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നു. 2024 ജൂണ്‍ എട്ടിന് തന്‍റെ 87ാം വയസില്‍ ആ മഹായാത്ര അവസാനിച്ചപ്പോള്‍ അദ്ദേഹം അവശേഷിപ്പിച്ചത് ദീര്‍ഘകാലത്തേക്കുള്ള ഭംഗമില്ലാത്ത ഒരു വലിയ ബഹുമുഖ പാരമ്പര്യമാണ്. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം തന്‍റെ മായാത്ത കൈമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി.

പതിറ്റാണ്ടുകള്‍ നീണ്ട ഉത്കൃഷ്‌ഠമായ തന്‍റെ ജീവിതത്തില്‍ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിയ അദ്ദേഹം വിനോദ മേഖലയുടെ പ്രകാശ ഗോപുരമായി. ചലച്ചിത്രരംഗത്തെ ആ യോദ്ധാവ് ഹൈദരാബാദില്‍ രാജകീയ റാമോജി ഫിലിം സിറ്റി സ്ഥാപിച്ചു. ചലച്ചിത്ര പ്രേമികളും സഞ്ചാരികളും എല്ലാം എന്നെങ്കിലുമൊരിക്കല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടം. താരാധിപത്യത്തിന് അപ്പുറം കഥ പറച്ചിലിനെ മാറ്റിയെടുക്കാന്‍ പ്രതിബദ്ധതയുള്ള ചലച്ചിത്ര നിര്‍മ്മാതാവായ അദ്ദേഹത്തിന് സാധിച്ചു. വലിയൊരു മനുഷ്യ സ്‌നേഹി ആയിരുന്ന അദ്ദേഹം എന്നും തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയും പുലര്‍ത്തി. കര്‍ഷകന്‍റെ മകനായ അദ്ദേഹം ഒരിക്കലും തന്‍റെ വേരുകള്‍ വിസ്‌മരിച്ചേയില്ല. സ്വന്തം ഗ്രാമത്തെ ദത്തെടുത്ത അദ്ദേഹം തന്‍റെ ഗ്രാമവാസികള്‍ക്ക് വേണ്ടി നിരവധി സേവനങ്ങള്‍ നടത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

  • വാക്കിലും പ്രവൃത്തിയിലും തികഞ്ഞ കര്‍മ്മയോഗി

ജീവിതത്തിലുടനീളം തികഞ്ഞ കര്‍മ്മയോഗിയായിരുന്നു റാമോജി റാവു. മാധ്യമം, ചലച്ചിത്രം, ആതിഥേയത്വം, സാമ്പത്തിക സുരക്ഷ, ഭക്ഷ്യ വ്യവസായം തുടങ്ങിയ വ്യത്യസ്‌ത മേഖലകളില്‍ ആജീവനാന്തകാലം കൈവരിച്ച വ്യവസായിക നേട്ടങ്ങളിലൂടെ ലക്ഷക്കണക്കിന് ജീവിതങ്ങളെ അദ്ദേഹം സ്‌പര്‍ശിച്ചു. ഓരോ സ്വപ്നത്തെയും യാഥാര്‍ഥ്യമാക്കി മാറ്റിയ അപൂര്‍വം ദാര്‍ശനികരിലൊരാളായിരുന്നു അദ്ദേഹം. മാധ്യമരംഗത്ത് സ്വന്തം ശരികളിലൂടെ സ്വന്തമായ ഒരു ശൈലി സൃഷ്‌ടിച്ച അദ്ദേഹം പഴയ വാര്‍പ്പ് മാതൃകകളെയെല്ലാം പൊളിച്ചെഴുതി. സ്വന്തം കാലത്തെ മുതിര്‍ന്ന എതിരാളികളെയെല്ലാം അദ്ദേഹം ധീരമായ ചുവടുകളോടെ നേരിട്ടു. എല്ലാ വിഭാഗം വായനക്കാര്‍ക്കുമായി തന്‍റെ സേവനം മാറ്റിവച്ചു.

ചെറുകുരി റാമോജി റാവു എന്ന റാമോജി റാവുവിന്‍റെ ബഹുവിധ വ്യക്തിത്വത്തിന് ഏറെ ഊഷ്‌മളമായ ഒരു വശം കൂടിയുണ്ട്. ഏറെ അടുപ്പമുള്ളവര്‍ക്ക് അദ്ദേഹം വളരെ സ്വാതന്ത്ര്യമുള്ള ഒരു സുഹൃത്തും താത്വികനും വഴികാട്ടിയുമായിരുന്നു. നേരത്തെ കൂട്ടി എല്ലാം ആസൂത്രണം ചെയ്യുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. തന്‍റെ മരണാനന്തര കാര്യങ്ങള്‍ കൂടി അദ്ദേഹം നേരത്തെ നിശ്ചയിച്ചു വച്ചു. റാമോജി ഫിലിം സിറ്റിയില്‍ തന്‍റെ അന്ത്യവിശ്രമ സ്ഥലം കൂടി അദ്ദേഹം നേരത്തെ തീരുമാനിച്ചിരുന്നു. സംസ്ഥാന ബഹുമതികളോടെ അദ്ദേഹത്തിന് അവിടെത്തന്നെയാണ് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.

  • ബഹുമുഖ പ്രതിഭയായ സംരംഭകന്‍

ജന്മം കൊണ്ട് തന്നെ സംരംഭകനായ റാമോജി റാവു ആശയസമ്പന്നമായ ഒരു വ്യക്തി കൂടി ആയിരുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തീവ്രമായ ആഗ്രഹമാണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്. വായനക്കാര്‍ക്കും ചലച്ചിത്ര കുതുകികള്‍ക്കും ഭക്ഷണ പ്രേമികള്‍ക്കും നിക്ഷേപകര്‍ക്കും ഒക്കെ വേണ്ടി എന്നും എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും ഉള്ളവരിലേക്ക് (കര്‍ഷകര്‍, സ്‌ത്രീകള്‍, കുട്ടികള്‍, യുവാക്കള്‍, തൊഴിലന്വേഷകര്‍) എത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

1962ലാണ് അദ്ദേഹം മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട് സ്ഥാപിച്ചത്. 1974ല്‍ ഈനാടു സ്ഥാപിച്ചു. 1980ലാണ് പ്രിയ ഫുഡ്‌സ് വരുന്നത്. ഇതേവര്‍ഷം തന്നെ ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍ ശൃംഖലയും സ്ഥാപിച്ചു. 1983ലാണ് ഉഷാകിരണ്‍ മൂവിസിന്‍റെ ഉദയം. 1995ല്‍ ഇടിവി ചാനലുകളും മിഴിതുറന്നു. തൊട്ടടുത്ത വര്‍ഷം റാമോജി ഫിലിം സിറ്റി വന്നു. 2002ല്‍ രമാദേവി പബ്ലിക് സ്‌കൂള്‍ സ്ഥാപിതമായി. 2019ല്‍ ഇടിവി ഭാരത് തുടങ്ങി.

  • മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ട ധര്‍മ്മയോദ്ധാവ്

ഈനാടുവിന്‍റെ സ്ഥാപകനായ റാമോജി റാവു 1975 ജൂണ്‍ 25ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പിനെതിരെ ശക്തമായ നിലപാടുകള്‍ കൈക്കൊണ്ടു. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ രൂപം കൊണ്ട ഈനാടു കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ജനങ്ങളുടെ വിവിധ പോരാട്ടങ്ങള്‍ക്കൊപ്പം തുടരുന്നു. ദൈനം ദിനം സത്യം, ന്യായം, നീതി, എന്നിവയ്ക്ക് വേണ്ടി നിലകൊണ്ടു. ഭരണകൂടത്തിന്‍റെ പോരായ്‌മകള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്‌തു, അഴിമതിയും ജനാധിപത്യ സ്ഥാപനങ്ങള്‍ നേരിടുന്ന മറ്റ് ഭീഷണികളും തുറന്ന് കാട്ടി. എണ്‍പതുകളില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ഇന്ത്യയുടെ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചു.

Infographic on the journey of Ramoji Rao (ETV Bharat)
  • മാധ്യമരംഗത്തെ തലപ്പൊക്കമുള്ള വ്യക്തിത്വം

അഞ്ച് പതിറ്റാണ്ട് നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ റാമോജി റാവു നിരവധി വന്‍കിട വര്‍ത്തമാനപത്രങ്ങളും മാസികകളും ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമുകളും വികസിപ്പിച്ചു. ഈനാടു തെലുഗു ദിനപത്രം, ഇടിവി, ഇടിവി ഭാരത്, അന്നദാതാ, ബാലഭാരതം, ചതുര, വിപുല തുടങ്ങിയവയ്ക്ക് അദ്ദേഹം തുടക്കം കുറിച്ചു. 1974ല്‍ ആരംഭിച്ച ഈനാടു ദിനപത്രം തെലുഗു വായനക്കാരുടെ ഹൃദയത്തുടിപ്പായി നില കൊള്ളുന്നു. ഇക്കൊല്ലം ഈനാടു തങ്ങളുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്‍റെ നിറവിലാണ്.

സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ അഭിനന്ദനത്തിന് റാമോജി റാവു പാത്രീഭൂതനായിട്ടുണ്ട്. റാമോജി ഗ്രൂപ്പ് ചെയർമാൻ ഇന്ത്യൻ മാധ്യമങ്ങളിൽ വിപ്ലവം സൃഷ്‌ടിക്കുക മാത്രമല്ല രാജ്യത്തിന്‍റെ വികസനത്തോടുള്ള അഭിനിവേശം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ രംഗത്തുള്ള റാമോജി റാവുവിന്‍റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അദ്ദേഹവുമായി ഇടപഴകാനും അദ്ദേഹത്തിന്‍റെ അറിവുകള്‍ പ്രയോജനപ്പെടുത്താനും അവസരങ്ങൾ ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്-എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.

മുതിർന്ന പത്രപ്രവർത്തകനും ഹിന്ദു പബ്ലിഷിങ്‌ ഗ്രൂപ്പ് ഡയറക്‌ടറുമായ എൻ റാം, ആന്ധ്രാപ്രദേശ് സർക്കാർ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനത്തെ അഭിസംബോധന ചെയ്‌തു കൊണ്ട്, റാമോജി റാവു ഈനാടുവിനെ സത്യത്തിനും നീതിക്കും വേണ്ടിയുള്ള ശക്തമായ വക്താവാക്കി മാറ്റിയതെങ്ങനെയെന്ന് അനുസ്‌മരിച്ചു. ഭരണകൂടത്തിന്‍റെ അമിത ഇടപെടലുകള്‍ക്കും അഴിമതിക്കും ജനാധിപത്യ മൂല്യങ്ങൾക്കുള്ള ഭീഷണികള്‍ക്കുമെതിരെ കടുത്ത നിലപാടുകള്‍ അദ്ദേഹം കൈക്കൊണ്ടെന്നും എന്‍ റാം ചൂണ്ടിക്കാട്ടി.

റാമോജി റാവുവിന്‍റെ സ്‌മരണയ്ക്കായി, ഈനാടു മാനേജിങ്‌ ഡയറക്‌ടറും റാമോജി റാവുവിന്‍റെ മൂത്ത മകനുമായ ചെറുകുരി കിരൺ ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാന നഗരമായ അമരാവതിയുടെ നിർമ്മാണത്തിനായി 10 കോടി രൂപ സംഭാവന നൽകി.

  • റാമോജി റാവുവിന്‍റെ തലച്ചോറിലുദിച്ച ആശയം: ഈനാടിന്‍റെ സുവർണ ജൂബിലി

ഊർജ്ജസ്വലമായ ഒരു മാധ്യമ കൂട്ടായ്‌മയുടെ അമരത്ത് തന്‍റെ ദീർഘകാല പ്രവർത്തനത്തിനിടയിൽ, പത്രപ്രവർത്തനത്തിലും മാസ് കമ്മ്യൂണിക്കേഷനിലും റാമോജി റാവു എണ്ണമറ്റ പരീക്ഷണങ്ങൾ നടത്തി. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഈനാടു തെലുഗ് പത്രപ്രവർത്തനത്തിന്‍റെ മകുടോദാഹരണമായി ഉയർന്നു. ഈ രംഗത്തേക്ക് കടന്ന് വരാനിരിക്കുന്ന ഭാവിതലമുറയ്ക്ക് അവസരമൊരുക്കാൻ അദ്ദേഹം ഈനാടു ജേർണലിസം സ്‌കൂളും ആരംഭിച്ചിരുന്നു.

ഈനാടു, ഇടിവി, ഇടിവി ഭാരത്, അന്നദാത, ബാലഭാരതം, ചതുരം, വിപുല തുടങ്ങി നിരവധി പേപ്പറുകളിലൂടെയും മാസികകളിലൂടെയും ഇലക്‌ട്രോണിക് സ്ഥാപനങ്ങളിലൂടെയും ആബാലവൃദ്ധം, വിദ്യാർത്ഥികൾ, കുട്ടികൾ, സ്‌ത്രീകൾ, കർഷകർ തുടങ്ങി ദശലക്ഷക്കണക്കിന് വായനക്കാരുടെ ഹൃദയങ്ങളെ അദ്ദേഹം സ്‌പർശിച്ചു.

പൊതുജനാവശ്യത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള റാമോജി റാവുവിന്‍റെ പ്രതിബദ്ധതയുടെ പ്രതീകമാണ് ഈനാടു. സർക്കാരുകളെ അവരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളാക്കി. 2004-ൽ, വൈഎസ് രാജശേഖര റെഡ്ഡി സർക്കാരിന്‍റെ കാലത്ത് ഈനാടു ദിനപത്രം അഴിമതി ഉയർത്തി കൊണ്ടുവന്നു.

പൊതുജനങ്ങൾക്കുള്ള വിഭവങ്ങൾ വ്യക്തികളുടെ പ്രയോജനത്തിനായി എങ്ങനെ ഉപയോഗിച്ചുവെന്ന് കണ്ടെത്തി. മറ്റെല്ലാത്തിനേക്കാളും വിശ്വാസ്യതയ്ക്ക് അദ്ദേഹം പ്രാധാന്യം നൽകി, അതുവഴി നാല് വർഷത്തിനുള്ളിൽ എല്ലാ തെലുഗ് പത്രങ്ങൾക്കും മുകളിൽ ഈനാടിനെ പ്രതിഷ്ഠിച്ചു. 1984ലെ ജനാധിപത്യ പ്രക്ഷോഭം പോലുള്ള എല്ലാ ജനകീയ മുന്നേറ്റങ്ങൾക്കും പിന്നിലും ഈനാടു ഉണ്ടായിരുന്നു. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഇടിവി ചാനലുകള്‍ സ്ഥാപിച്ചത് റാമോജി റാവുവിന്‍റെ കാഴ്‌ചപ്പാട് വ്യക്തമാക്കുന്നു. ഇത് രാജ്യത്തിന്‍റെ മുഴുവൻ ശ്രദ്ധയും ആകർഷിച്ചു. കൂടാതെ, 13 ഇന്ത്യൻ ഭാഷകളിലായി 23 വാർത്താ പോർട്ടലുകളുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഇടിവി ഭാരത് ആപ്പ് അദ്ദേഹം സ്ഥാപിച്ചു.

  • ജനാധിപത്യത്തിന്‍റെ ചാമ്പ്യൻ

1984-ൽ ഐക്യ ആന്ധ്രാപ്രദേശിലെ എൻടിആർ സർക്കാർ അട്ടിമറിക്കപ്പെട്ടപ്പോൾ, റാമോജി റാവുവിന്‍റെ നേതൃത്വത്തിലുള്ള ഈനാടു ജനാധിപത്യവിരുദ്ധമായ നടപടിയെ ശക്തമായി എതിർക്കുകയും ഒടുവിൽ സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് കാരണമായ ജനകീയ മുന്നേറ്റത്തിന് ആവശ്യമായ ധാർമിക പിന്തുണ നൽകുകയും ചെയ്‌തു. ജനങ്ങളുടെ വികാരം മനസിലാക്കുന്നതിൽ ഈനാടു മുൻപന്തിയിലായിരുന്നു. 2004ലെ ഐക്യ ആന്ധ്രാ തെരഞ്ഞെടുപ്പിന് മുമ്പ്, വൈഎസ് രാജശേഖര റെഡ്ഡിയുടെ സംസ്ഥാന വ്യാപകമായ പദയാത്ര ഈനാടു സമഗ്രമായി റിപ്പോര്‍ട്ട് ചെയ്‌തു. അതുപോലെ, വൈഎസ്ആറിന്‍റെ മകൻ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ പദയാത്രയും 2019-ൽ ഈനാടു വിപുലമായി തന്നെ റിപ്പോര്‍ട്ട് ചെയ്‌തു.

  • ദുരന്തബാധിതർക്ക് ഒരു കൈത്താങ്ങ്

പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ റാമോജി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നും മുന്നിൽ നിന്നു. ഗുജറാത്ത് ഭൂകമ്പത്തിൽ പാകിസ്ഥാൻ അതിർത്തിയിലെ കാവ്ദ ഗ്രാമം പുനർനിർമിച്ചു. കേരളത്തിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് വീടുകൾ നിർമിച്ചുനൽകുകയും ചെയ്‌തു. ദുരന്തസമയത്ത് ഉപജീവനമാർഗം നഷ്‌ടപ്പെട്ടവരുടെ ജീവിതത്തിൽ പ്രതീക്ഷകൾ പുനരുജ്ജീവിപ്പിക്കുന്നതിൽ ഈനാടു ദുരിതാശ്വാസ നിധി സജീവമായ പങ്ക് വഹിച്ചു. തമിഴ്‌നാട്ടിലെ കടലൂർ, നാഗപട്ടണം എന്നിവിടങ്ങളിലെ സുനാമി ബാധിതർക്ക് സഹായം നൽകി. ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം ജനങ്ങൾ ദുരിതത്തിലായപ്പോൾ ഐക്യ ആന്ധ്രയിലും ഒഡിഷയിലും പുനരധിവാസ പ്രവർത്തനങ്ങൾ ഏറ്റെടുത്തു.

റാമോജി റാവു തന്‍റെ ജന്മസ്ഥലമായ ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ പെഡപരുപുഡിയും തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ നാഗപള്ളിയും 28 കോടി രൂപ ചെലവിൽ മാതൃകാ ഗ്രാമങ്ങളാക്കി മാറ്റി. അബ്‌ദുള്ളപൂർമെട്ട്, ഇബ്രാഹിംപട്ടണം, ഹയത്നഗർ മണ്ഡലങ്ങളിൽ ഒന്‍പത് കോടി രൂപ ചെലവിൽ അഞ്ച് സർക്കാർ കെട്ടിടങ്ങൾ നിർമ്മിച്ചതും അദ്ദേഹത്തിന്‍റെ മറ്റ് സംഭാവനകളിൽ ഉൾപ്പെടുന്നു. മഞ്ചേരിയൽ, ഭദ്രാചലം, കർണൂൽ എന്നിവിടങ്ങളിൽ അഞ്ച് കോടി രൂപ ചെലവിൽ വൃദ്ധസദനങ്ങളും നിര്‍മ്മിച്ചു. കൊവിഡ് കാലത്ത് റാമോജി റാവു രണ്ട് തെലുങ്ക് സംസ്ഥാനങ്ങൾക്ക് 20 കോടിയും തമിഴ്‌നാടിന് ഒരു കോടി രൂപയും സംഭാവന നൽകി.

  • റാമോജി ഫിലിം സിറ്റി (RFC) - ഒരു സ്വപ്‌ന പദ്ധതി

ചലച്ചിത്ര നിർമ്മാതാവ്, വിതരണക്കാരൻ, സ്റ്റുഡിയോ ഉടമ എന്നീ നിലകളിലും റാമോജി റാവു മികവ് തെളിയിച്ചിട്ടുണ്ട്. സമൂഹത്തിന് ശക്തമായ സന്ദേശങ്ങള്‍ നല്‍കിയ മയൂരി, പ്രതിഘ്‌ടന, ചിത്ര, നുവ്വേക്കാവലി തുടങ്ങിയ അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു. ബാഹുബലി, ഗജിനി, ചന്ദ്രമുഖി, റോബോട്ട്, പുഷ്‌പ എന്നിവയുൾപ്പെടെ 3000-ലധികം ചിത്രങ്ങൾ നിർമ്മിച്ച റാമോജി ഫിലിം സിറ്റി (ആർഎഫ്‌സി) സിനിമാ വ്യവസായത്തിന്‍റെ കേന്ദ്രബിന്ദുവായി മാറിക്കഴിഞ്ഞിരിക്കുന്നു.

അവധി ദിവസങ്ങളിലും ഉത്സവകാലങ്ങളിലും സന്ദർശകരെ രസിപ്പിക്കുന്നതിനായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെയും വിവിധ സംഘടനകളുടെ പ്രത്യേക പരിപാടികളിലൂടെയും ആർഎഫ്‌സി വിനോദത്തിന്‍റെ നേരമ്പോക്കിന്‍റെയും ഊർജസ്വലമായ കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു.

File photo of Ramoji Rao, Promoter, Ramoji Film City, Ramoji Group, standing nera Rail/Train engine set at Ramoji Film City, Hyderabad, India (Getty Images)

റാമോജി റാവുവിന്‍റെ ജീവിതത്തില്‍ നിന്നുള്ള ചില പാഠങ്ങള്‍

  • എപ്പോഴും നാളെയെക്കുറിച്ച് ചിന്തിക്കുക, ഇന്നലെകളില്‍ കുടുങ്ങിക്കിടക്കാതിരിക്കുക.
  • മാറ്റവും പുരോഗതിയും ഇരട്ടകളാണ്. വികസനം മാറ്റത്തിലൂടെ മാത്രമേ സാധ്യമാകൂ. നിങ്ങള്‍ക്ക് വികസനം വേണമെങ്കില്‍ പുത്തന്‍ ചിന്തകളുണ്ടാകണം.
  • എത്രമാത്രം ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ അഭിമുഖീകരിച്ചു എന്നതല്ല വിഷയം നിങ്ങളുടെ ജീവിതം ജീവിക്കുക എന്നതാണ്. ആരുടെയും സഹായത്തിനായി കാത്തുനില്‍ക്കരുത്.
  • വിജയത്തിലേക്ക് എത്താന്‍ അച്ചടക്കമല്ലാതെ മറ്റ് യാതൊരു രഹസ്യങ്ങളുമില്ല. അച്ചടക്കമില്ലെങ്കില്‍ നിങ്ങളുടെ കഴിവുകളൊന്നും വികസിക്കില്ല.
  • ഒരു വ്യക്തിയുടെയോ ഒരു സ്ഥാപനത്തിന്‍റെയോ ധനമെന്നത് അവരുടെ വിശ്വാസ്യതയാണ്. ഇത് നിങ്ങളുടെ കണ്ണിലെ കൃഷ്‌ണമണി പോലെ കാത്തുസൂക്ഷിക്കുക.
  • ജനങ്ങളുടെ കൈകളില്‍ എത്തുമ്പോള്‍ മാത്രമാണ് ഒരു ദിനപ്പത്രത്തിന് മൂല്യമുണ്ടാകുക. ജനങ്ങള്‍ തങ്ങളുടെ കൈകളിലാണെന്ന് ഒരു വര്‍ത്തമാന പത്രം ചിന്തിച്ച് തുടങ്ങിയാല്‍ അത് ആത്മഹത്യാപരമാണ്.

Also Read:നീറ്റ്, അദാനി, വഖഫ്..; 2024 നെ പിടിച്ചുലച്ച പതിമൂന്ന് വിവാദങ്ങൾ

ABOUT THE AUTHOR

...view details