പുരാതന കാലം മുതൽക്കേ ആരാധിച്ചു വരുന്ന പിതൃദൈവമാണ് ശിവൻ. ഹൈന്ദവവിശ്വാസ പ്രകാരം ത്രിമൂർത്തികളിൽപ്പെട്ട ഒരു പ്രധാനപ്പെട്ട ദൈവമാണ് പരമശിവൻ, ശ്രീ പരമേശ്വരൻ അഥവാ മഹാദേവൻ. ശിവന്റെ പാതി ശരീരം ആദിപരാശക്തി എന്ന ഭഗവതിയുടേതായി കണക്കാക്കപ്പെടുന്നു.
ശൈവവിഭാഗം പരമശിവനെ പ്രധാനദൈവമായി, ദേവന്മാരുടെ ദേവനായി, പരമാത്മാവായി, ശിവശക്തിയായി ഹിന്ദു വിശ്വാസ പ്രകാരം ആരാധിക്കുന്നു. മഹാദേവൻ, ഈശ്വരൻ, ദക്ഷിണാമൂർത്തി, ഭൈരവൻ, വീരഭദ്രൻ, കാലകാലൻ, മൃത്യുജ്ഞയൻ തുടങ്ങിയ ചില പ്രസിദ്ധമായ പേരുകളിലും ശിവൻ അറിയപ്പെടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മഹാശിവരാത്രി ദിനത്തിലെ ധ്യാനത്തിന്‍റെ പ്രാധാന്യം
ഉറക്കമൊഴിക്കാനുള്ള ദിനമാണ് മഹാശിവരാത്രി. ശിവന്‍ പ്രതിനിധീകരിക്കുന്ന അനന്തമായ ഊര്‍ജ്ജത്തെ നമ്മിലേക്ക് സന്നിവേശിപ്പിക്കാനുള്ള രാത്രി കൂടിയാണിത്. പ്രപഞ്ചത്തിലെ ഒരു ശക്തിക്കും ഇളക്കാനാകാത്ത വിധം കൈലാസത്തിന്‍റെ ഉയര്‍ന്ന ഗിരിശൃംഗങ്ങളില്‍ മഹാദേവന്‍ അഗാധ ധ്യാനത്തില്‍ നിലകൊള്ളുന്നത് പോലെ വിശ്വാസികള്‍ക്കും ആത്മീയതയുടെ പരകോടിയിലേക്ക് എത്തിച്ചേരാനാകും. ഈ ദിവസം മനസ്സിനും ആത്മാവിനും വിശ്രമം നൽകുന്നു.
പ്രപഞ്ചതാളവുമായി താദാത്മ്യം പ്രാപിച്ച് മഹാശിവരാത്രി ദിനത്തില്‍ ധ്യാനിക്കുക. ഗ്രഹങ്ങളുടെ ചില പ്രത്യേക സവിശേഷതകളാണ് പൗരാണിക ഋഷിമാര്‍ ഈ ദിനം ധ്യാനത്തിനായി തെരഞ്ഞെടുക്കാന്‍ കാരണം. ഈ ദിനത്തില്‍ മനുഷ്യരുടെ സ്വഭാവിക ഊര്‍ജ്ജം വര്‍ധിക്കുന്നുണ്ട്. നിവര്‍ന്നിരിക്കുന്നതിലൂടെ ഈ ഊര്‍ജ്ജം ശരിയായ ദിശയില്‍ സഞ്ചരിക്കുന്നു. ഇത് ബോധപൂര്‍വം അല്ലാതെ തന്നെ നമ്മിലെ ആത്മീയതയെ ഉണര്‍ത്തുന്നു.

ആത്മീയ വളർച്ചയ്ക്കും ഭൗതിക നേട്ടത്തിനും ഇത് ഒരു ശുഭകരമായ ദിവസമായി കണക്കാക്കപ്പെടുന്നു. നക്ഷത്രസമൂഹങ്ങൾ ഒരു പ്രത്യേക സ്ഥാനത്ത് നിൽക്കുന്ന ഈ ദിവസത്തെ രാത്രി ധ്യാനത്തിന് വളരെ ശുഭകരമാണ്. അതിനാൽ ശിവരാത്രിയില്‍ വിശ്വാസികള്‍ ധ്യാനത്തില്‍ ഏര്‍പ്പെടുന്നു. ധ്യാനം ചെയ്യുന്നതിലൂടെ മനസിനെ ശുദ്ധീകരിക്കുന്നു. അവിടെ അലൗകികമായ ശിവസാന്നിധ്യം നിറയുന്നത് അനുഭവിച്ചറിയാനാകുന്നുവെന്നാണ് വിശ്വാസം.
മഹാശിവരാത്രി ദിനമായ ഇന്ന് ഭഗവാന്‍ ശിവന്‍റെ അവതാരങ്ങളെക്കുറിച്ച് അറിയാം. അവ ഓരോന്നും എന്തിനെ പ്രതിനിധീകരിക്കുന്നുവെന്നും മനസിലാക്കാം. ശിവന്‍റെ എല്ലാ അവതാരങ്ങളും മനസിലാക്കാനാകില്ല. കാരണം ശിവരൂപങ്ങള്‍ അനന്തമാണ്. അതിന് അന്ത്യമില്ല.
നീലകണ്‌ഠന്‍
നീലകണ്‌ഠന്‍റെ ഐതിഹ്യം ദേവന്‍മാരും അസുരന്‍മാരും തമ്മില്‍ ശത്രുത നിലനിന്നിരുന്ന കാലം മുതല്‍ തുടങ്ങുന്നു. അമൃതിനായി പാലാഴി കടഞ്ഞ കാലത്ത് ആദ്യം അതില്‍ നിന്ന് പുറത്ത് വന്നത് കാളകൂട വിഷമാണ്. ഇതിന് എല്ലാം നശിപ്പിക്കാനുള്ള ശേഷിയുണ്ടായിരുന്നു. ഇത് ഏറ്റെടുക്കാന്‍ സന്നദ്ധനായി ഭഗവാന്‍ മഹാദേവന്‍ രംഗത്തെത്തി. ശിവന്‍ ഈ വിഷം പാനം ചെയ്‌തു. അദ്ദേഹത്തിന്‍റെ ഉള്ളിലേക്ക് വിഷം കടക്കാതിരിക്കാന്‍ പാര്‍വതി ദേവി കഴുത്തില്‍ പിടിച്ചെന്നും അത് അവിടെ ഉറച്ചെന്നും അങ്ങനെ അദ്ദേഹം നീലകണ്‌ഠനായെന്നും ഐതിഹ്യം.
പശുപതി
ശിവന്‍ കേവലം ഭഗവാന്‍ മാത്രമല്ല മറിച്ച് എല്ലാ ജീവജാലങ്ങളുടെയും സംരക്ഷകന്‍ കൂടിയാണെന്നാണ് വിശ്വാസം. പശുപതിയെന്ന രൂപത്തില്‍ അദ്ദേഹം മനുഷ്യരെയും മൃഗങ്ങളെയും എല്ലാം കാത്ത് രക്ഷിക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹവര്‍ത്തിത്വം ഇതിലൂടെ സാധ്യമാക്കുന്നു. പുരാതന സിന്ധു നദീതട സംസ്‌കാര വസ്‌തുക്കളില്‍ അഗാധമായ ധ്യാനത്തിലിരിക്കുന്ന പശുപതിയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്‌തിട്ടുണ്ട്. ചുറ്റും മൃഗങ്ങളെയും കാണാം. സംസ്‌കാരത്തിന് പ്രകൃതിയില്‍ നിന്ന് വേറിട്ടൊരു നിലനില്‍പ്പില്ല. ഇതെല്ലാം അതിന്‍റെ ഭാഗം തന്നെയാണ്. ധര്‍മ്മത്തിന്‍റെ പാതയില്‍ നടക്കാനാഗ്രഹിക്കുന്ന ഏതൊരാളും എല്ലാ ജീവജാലങ്ങളെയും ആദരിക്കേണ്ടതുണ്ട്.
ഭോലെ നാഥ്
നിഷ്‌കളങ്കതയുടെ രൂപമാണിത്. അദ്ദേഹത്തിന്‍റെ മനസില്‍ ദേവന്‍മാര്‍ക്കും അസുരന്‍മാര്‍ക്കും ഇടമുണ്ട്. രാജാവിനും യാചകനും ഒരേ സ്ഥാനം. ഭക്തര്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നത് കരുത്ത് മാത്രം കണ്ടല്ല മറിച്ച് അദ്ദേഹത്തിന്‍റെ ലാളിത്യം കൂടി കണക്കിലെടുത്താണ്. അദ്ദേഹം സമ്പത്തോ ആരാധനയോ ആവശ്യപ്പെടുന്നില്ല. ഒരു കുമ്പിള്‍ വെള്ളമോ ഒരു കൂവളത്തിലയോ പരിശുദ്ധ ഹൃദയമോ അദ്ദേഹത്തെ തൃപ്‌തനാക്കുന്നു. അദ്ദേഹത്തിന്‍റെ അനുഗ്രഹം വിശ്വാസികള്‍ക്ക് ആവോളം ലഭിക്കുന്നു. എന്നാല്‍ ഈ നിഷ്‌കളങ്കത അദ്ദേഹത്തിന്‍റെ ദൗര്‍ബല്യമല്ല. നാട്യങ്ങളില്ലാത്ത ലോകത്തിന്‍റെ പരിശുദ്ധിയാണ് അദ്ദേഹം വീക്ഷിക്കുന്നത്.
രുദ്രന്‍
ഒരു സൃഷ്‌ടിയും നാശമില്ലാത്തതല്ല. ലോകം അസന്തുലിതാവസ്ഥയിലാകുമ്പോള്‍ ഭഗവാന്‍ രുദ്രരൂപം കൈക്കൊള്ളുന്നു. സംഹാരരുദ്രന്‍. ഈ രുദ്രരൂപം ഏവരെയും ഭയപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്‍റെ സംഹാരത്തിന് നിരവധി ലക്ഷ്യങ്ങളുണ്ട്. ഇതൊരു ശുദ്ധികലശമാണ്. തെറ്റില്‍ ജീവിക്കുന്നവര്‍ രുദ്രനെ ഭയക്കണം. അതേസമയം സത്യം തേടുന്നവര്‍ രുദ്രനെ സ്വാഗതം ചെയ്യുന്നു.
ദക്ഷിണാമൂര്‍ത്തി
എല്ലാ യുദ്ധങ്ങളും ആയുധം കൊണ്ടല്ല പോരാടുന്നത്. ശിവന്‍റെ ദൈവിക ഗുരുഭാവമാണ് ദക്ഷിണാമൂര്‍ത്തി. ആല്‍മരച്ചുവട്ടില്‍ ഇരിക്കുന്ന അദ്ദേഹത്തിന് ചുറ്റും ഋഷിമാരും ദേവന്‍മാരും കാലവും പോലും പഠിക്കാനായി ഒത്തുകൂടുന്നു. അദ്ദേഹത്തിന് സംസാരിക്കാനാകില്ല. വലിയ സത്യങ്ങള്‍ വാക്കുകള്‍ക്കപ്പുറമാണ്. അതായത് ബോധോദയം നല്‍കേണ്ടതല്ല തിരിച്ചറിയേണ്ടതാണ് എന്ന മഹാതത്വമാണ് ദക്ഷിണാമൂര്‍ത്തി പഠിപ്പിക്കുന്നത്.
അര്‍ദ്ധനാരീശ്വരന്‍
ശിവന്‍ സ്‌ത്രീയോ പുരുഷനോ? രണ്ടും എന്നാണ് ഉത്തരം. അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം ശിവപാര്‍വതിമാരുടെ സംയോജിത രൂപമാണ്. ശക്തിയില്‍ നിന്ന് വേറിട്ട് ശിവന് നിലനില്‍പ്പില്ല. നമ്മില്‍ എല്ലാവരിലുമുള്ള ആ ദ്വന്ദ്വമാണ് അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തിന്‍റെ അടിസ്ഥാനം. കരുത്തിന്‍റെയും ദയാവായ്‌പിന്‍റെയും സന്തുലിതത്വം.
നടരാജന്‍
നൃത്തത്തിന്‍റെ ദേവനാണ് ഇത്. പ്രപഞ്ചതാളത്തിലാണ് ഭഗവാന്‍റെ നടനം. ഓരോ ചുവടും ഓരോ ഭാവവും ഓരോ കഥകള്‍ പറയും-സൃഷ്‌ടിയുടെ സംരക്ഷണത്തിന്‍റെ, സംഹാരത്തിന്‍റെ. അദ്ദേഹത്തിന് ചുറ്റുമുള്ള അഗ്നിവലയം കാലത്തെയാണ് പ്രതീകവത്ക്കരിക്കുന്നത്. അന്തമില്ലാത്ത ചലിച്ച് കൊണ്ടിരിക്കുന്ന കാലം. അഭയം തേടുന്നവര്‍ക്ക് ആശ്വാസ കേന്ദ്രമാണ് അദ്ദേഹത്തിന്‍റെ ഉയര്‍ത്തിയ കാലടികള്‍.
മഹാദേവന്‍
എല്ലാത്തിനും ഉപരി ശിവന്‍ മഹാദേവനാണ്. ദൈവങ്ങളില്‍ മഹത്വമാര്‍ന്നവന്‍. അദ്ദേഹം ഒരു സിംഹാസനത്തില്‍ ആസനസ്ഥനല്ല. അദ്ദേഹം മലമുകളിലാണ് വസിക്കുന്ത്. രാജാക്കാന്‍മാരുടെ സൗഹൃദം അദ്ദേഹം തേടുന്നില്ല.
ഭൂതഗണങ്ങള്‍ക്കിടയില്‍ അലയുകയുകയാണ്. തന്നെ ആരും അന്ധമായി അനുസരിക്കണമെന്ന ദുര്‍വാശിയും അദ്ദേഹത്തിനില്ല. അദ്ദേഹത്തിനാവശ്യം കേവലം ആത്മാര്‍ഥത മാത്രമാണ്.
Also Read:നാളെ മഹാശിവരാത്രി, ഉത്സവത്തിനൊരുങ്ങി ക്ഷേത്രങ്ങള്‍, ശിവാലയ ഓട്ടത്തിന് ഇന്ന് തുടക്കം