ന്യൂഡൽഹി: അമേരിക്കന്‍ മണ്ണിലുള്ള തീവ്രവാദികളെയും കുറ്റവാളികളെയും കൈമാറുന്ന പ്രക്രിയ വേഗത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല സന്ദർശനം. മുംബൈ ആക്രമണ ഗൂഢാലോചനക്കാരനായ തഹാവൂർ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കൈമാറുന്നതിനൊപ്പം തന്നെ മറ്റു അപേക്ഷകളും വേഗത്തിൽ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രേഖകൾ പ്രകാരം, ഒളിച്ചോടിയ കുറ്റവാളികളെ കൈമാറാനുള്ള 65 അഭ്യർത്ഥനകളാണ് ഇന്ത്യ യുഎസ് അധികൃതർക്ക് നൽകിയിരിക്കുന്നത്.
2008 ലെ മുംബൈ ആക്രമണത്തിൽ പങ്കുള്ള ഡേവിഡ് കോൾമാൻ ഹെഡ്‌ലിയും ഇന്ത്യ യുഎസ് അധികൃതർക്ക് നൽകിയ ലിസ്‌റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ പട്ടികയിലുള്ള പ്രമുഖരിൽ പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് അന്വേഷിക്കുന്ന ഗുണ്ടാസംഘാംഗങ്ങളായ സതീന്ദർജിത് സിംഗ് എന്ന ഗോൾഡി ബ്രാർ, അൻമോൾ ബിഷ്‌ണോയി എന്നിവരും ഉൾപ്പെടുന്നു.
ജയിലിൽ കഴിയുന്ന ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയി 2024 നവംബറിലാണ് യുഎസിൽ അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട പഞ്ചാബിലെ ഫിറോസ്‌പൂരിൽ നിന്നുള്ള ഹർജോത് സിങും ഇന്ത്യ നൽകിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ രേഖകൾ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ക്രിമിനൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്‍റർപോളിനോട് ഹർജോത് സിങിന്‍റെ ഐഡന്‍റിറ്റി, സ്ഥലം, അല്ലെങ്കിൽ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ട് എൻഐഎ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷിക്കുന്ന പഞ്ചാബിലെ ലുധിയാന നിവാസിയായ കശ്‌മീർ സിങ് ഗാൽവാഡി എന്ന ബൽബീർ സിങും പട്ടികയിലുണ്ട്.
48 രാജ്യങ്ങളുമായി കൈമാറൽ ഉടമ്പടികൾ
ഒളിച്ചോടിയ കുറ്റവാളികളെ കൈമാറുന്നതിനായി കേന്ദ്രം നയതന്ത്ര ശ്രമങ്ങൾ നടത്തിവരികയാണ്. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലാണ് നടപടിക്രമങ്ങള്‍ നടന്നുവരുന്നത്. 2019 ജനുവരി മുതൽ 2024 ഡിസംബർ വരെ ഇത്തരത്തിൽ 23 പേരെ വിജയകരമായി കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാർലമെന്‍റിൽ പറഞ്ഞു.
ഇന്നുവരെ ഇന്ത്യ 48 രാജ്യങ്ങളുമായും പ്രദേശങ്ങളുമായും കൈമാറൽ കരാറുകളിൽ ഒപ്പുവച്ചു. 12 രാജ്യങ്ങളുമായി കൈമാറൽ ക്രമീകരണങ്ങള്‍ നടന്നു. മലാവി, ലിത്വാനിയ, അഫ്‌ഗാനിസ്ഥാൻ എന്നിവയാണ് ഏറ്റവും പുതിയ കൈമാറൽ കരാറുകളിൽ ഏർപ്പെട്ട മൂന്ന് രാജ്യങ്ങൾ. യുഎസ്, യുഎഇ, യുകെ, ഫിലിപ്പീൻസ്, റഷ്യ, ഇസ്രായേൽ, കാനഡ, ബംഗ്ലാദേശ് എന്നിവ ഇന്ത്യയുമായി കൈമാറൽ കരാറുകളുള്ള ചില രാജ്യങ്ങളാണ്.
സമീപകാല കൈമാറൽ
ഈ വർഷം ജനുവരിയിൽ, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നിവയ്ക്ക് ഗുജറാത്ത് പോലീസ് അന്വേഷിച്ച റെഡ് നോട്ടിസ് ഒളിവിൽപ്പോയ വീരേന്ദ്രഭായ് മണിഭായ് പട്ടേലിനെ ഇന്‍റർപോൾ ചാനലുകൾ വഴി യുഎസ്എയിൽ നിന്ന് ഇന്ത്യയിലേക്ക് കൈമാറിയിരുന്നു. അതുപോലെ, സാമ്പത്തിക തട്ടിപ്പിന് തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്ന റെഡ് നോട്ടിസ് ഒളിവിൽപ്പോയ ജനാർത്തനൻ സുന്ദരത്തെ ബാങ്കോക്കിൽ നിന്ന് ഇന്‍റർപോൾ ചാനലുകൾ വഴി ഇന്ത്യയിലേക്ക് നാടുകടത്തി. ഫെബ്രുവരിയിൽ ക്രിമിനൽ ഗൂഢാലോചന, കൊലപാതകം എന്നിവയ്ക്ക് ഹരിയാനയും മറ്റ് സംസ്ഥാനങ്ങളും അന്വേഷിക്കുന്ന ജോഗീന്ദർ ഗ്യോങ്ങിനെ ഫിലിപ്പീൻസിൽ നിന്ന് ഇന്‍റർപോൾ ചാനലുകൾ വഴി തിരിച്ചയച്ചിരുന്നു.