കേരളം

kerala

ETV Bharat / bharat

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സൂത്രധാരന്‍ കാണാമറയത്ത്; വലയിലായത് ഇടനിലക്കാരും വിദ്യാര്‍ത്ഥികളും - NEET PAPER LEAK FIXER - NEET PAPER LEAK FIXER

നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കുറ്റവാളികള്‍ക്കായി അന്വേഷണസംഘം തെരച്ചില്‍ ഊര്‍ജിതമാക്കി. ബീഹാറിലാണ് കൂടുതല്‍ പേര്‍ അറസ്റ്റിലായതെങ്കിലും ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍ ഹരിയാന സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ്. ഇടനിലക്കാര്‍ അടക്കം ഇതുവരെ അറസ്റ്റിലായത് 14 പേര്‍. സംഭവത്തിന്‍റെ സൂത്രധാരന്‍ നളന്ദ സ്വദേശി സഞ്ജീവ് മുഖിയയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഒളിവില്‍ പോയ ഇയാള്‍ മുമ്പും ചോദ്യ പേപ്പര്‍ ചോര്‍ത്തലില്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

NEET Exam Controversy  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച  സഞ്ജീവ് മുഖിയ കേസ്  Sanjeev Mukhya NEET Exam Case
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 22, 2024, 6:15 PM IST

Updated : Jun 22, 2024, 6:52 PM IST

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യ സൂത്രധാരന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുമ്പോഴും ചോര്‍ത്തലിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയാണ്. ഉദ്യോഗാര്‍ഥികളെ ഞെട്ടിച്ച നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നേരത്തെയും നിരവധി ചോര്‍ത്തലുകള്‍ നടത്തിയവരാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വളരെ കരുതലോടെ നടത്തുന്ന നീറ്റ് പ്രവേശന പരീക്ഷയിലെ ചോദ്യ പേപ്പര്‍ ചോര്‍ത്തല്‍ അത്ര നിസാരം നടത്താനാവില്ലെന്ന് വ്യക്തമാണ്. വലിയ ആസൂത്രണത്തോടെ പ്രവര്‍ത്തിച്ച സംഘം ചോര്‍ത്തലിന് പിന്നിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

ആദ്യം പിടിയിലായവരൊക്കെ ഈ സംഘത്തിന്‍റെ ഇങ്ങേത്തലയ്ക്കലെ കണ്ണികളാണെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നു. അനുരാഗ് യാദവും സിക്കന്ദര്‍ യദുവേന്ദുവുമെല്ലാം വെറും കരുക്കള്‍ മാത്രമാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

സൂത്രധാരന്‍ ഒളിവില്‍

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യ സൂത്രധാരന്‍ നളന്ദ സ്വദേശി സഞ്ജീവ് മുഖിയ ആണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സഞ്ജീവ് മുഖിയയുടെ മകന്‍ ശിവകുമാറിനെ നളന്ദയില്‍ നിന്ന് ബീഹാര്‍ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. നേരത്തെ ബീഹാര്‍ പിഎസ്‌സി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസിലും അറസ്റ്റിലായ വ്യക്തിയാണ് ശിവകുമാര്‍. എംബിബിഎസ് ബിരുദധാരിയായ ശിവകുമാറും നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു.

മകന്‍ പിടിയിലായെങ്കിലും സഞ്ജീവ് മുഖിയ ഇപ്പോഴും കാണാമറയത്താണ്. സഞ്ജീവ് മുഖിയയുടെ പശ്ചാത്തലം തേടി ഇടിവി ഭാരത് നടത്തിയ അന്വേഷണത്തില്‍ നാട്ടുകാര്‍ക്കാര്‍ക്കും ഇയാളെപ്പറ്റി നല്ല അഭിപ്രായമല്ലെന്ന് വ്യക്തമായി. നളന്ദ ജില്ലയിലെ നാഗര്‍നൗസയിലെ ഭൂതക്കര്‍ പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതികരണം ഇങ്ങിനെയായിരുന്നു.'നാടിന് ദുഷ്‌പ്പേര് കേള്‍പ്പിച്ചവരാണവര്‍. നേരത്തെയും അവര്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ത്തി അവമതിപ്പുണ്ടാക്കിയിരിക്കുന്നു'.

മുമ്പും ചോര്‍ത്തി

2016ലും സഞ്ജീവ് മുഖിയയുടെ പേര് ബിഹാറില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അന്ന് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെയും ബിഹാര്‍ പിഎസ്‌സിയുടെയും ചോദ്യപേപ്പറുകളായിരുന്നു ചോര്‍ത്തിയത്. അന്ന് പിടിയിലായ സഞ്ജീവ് മുഖിയ ജയിലിലായിരുന്നു.

കുപ്രസിദ്ധനായിരുന്നെങ്കിലും ഇദ്ദേഹത്തിന്‍റെ ഭാര്യ മമത കുമാരി 2020ലെ നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. മുമ്പ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കം മത്സരിച്ചിട്ടുള്ള ബിഹാറിലെ ഹര്‍നൗത് മണ്ഡലത്തില്‍ ജെഡിയു സ്ഥാനാര്‍ഥിക്കെതിരെ എല്‍ജെപി ടിക്കറ്റിലായിരുന്നു ഇവര്‍ മത്സരിച്ചത്.

ചോര്‍ത്തല്‍ ഇങ്ങിനെ

ഇത്തവണ ഒരു പ്രൊഫസറില്‍ നിന്നാണ് സഞ്ജീവ് മുഖിയയ്‌ക്ക് നീറ്റ് ചോദ്യപേപ്പര്‍ കിട്ടിയതെന്നാണ് വിവരം. മൊബൈല്‍ വഴിയാണ് ചോദ്യക്കടലാസ് അയച്ചു കൊടുത്തതെന്നാണ് കരുതുന്നത്. ചോദ്യപേപ്പറിന് ഓരോ വിദ്യാര്‍ഥിയും നല്‍കിയത് 40 ലക്ഷം രൂപയായിരുന്നു. ഇതില്‍ 8 ലക്ഷം രൂപ ഇടനിലക്കാരായ സിക്കന്ദര്‍, നിതീഷ് അമിത് എന്നിവര്‍ കൈപ്പറ്റി.

32 ലക്ഷം രൂപയാണ് സഞ്ജീവ് മുഖിയയിലേക്ക് എത്തിയത്. ഈ ചോര്‍ത്തലിന്‍റെ ആസൂത്രണത്തിനായി സഞ്ജീവ് മുഖിയ സുഹൃത്ത് പ്രഭാത് രഞ്ജന്‍റെ പ്ലേ സ്‌കൂള്‍ വാടകക്കെടുത്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരമുണ്ട്. ഇവിടെ ഏതാണ്ട് 25 നീറ്റ് പരീക്ഷാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിരുന്നുവത്രേ.

ചോര്‍ന്ന് കിട്ടിയ ചോദ്യപേപ്പര്‍ ഈ ഹോസ്റ്റലില്‍ വച്ചാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. ഉത്തരങ്ങളും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കി. ഉത്തരങ്ങള്‍ തയ്യാറാക്കി നല്‍കുന്നതിന് പാറ്റ്നയിലും റാഞ്ചിയിലും നിന്നുള്ള എംബിബിഎസ് വിദ്യാര്‍ഥികളും ഹോസ്റ്റലിലുണ്ടായിരുന്നുവെന്ന് വിവരമുണ്ട്.

വാടകയ്ക്ക് പ്ലേ സ്‌കൂള്‍ വിട്ടു നല്‍കിയ പ്രഭാത് രഞ്ജനേയും ബിഹാര്‍ പൊലീസിന്‍റെ ഇക്കണോമിക് ഒഫന്‍സ് വിങ് ചോദ്യം ചെയ്‌തിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ത്തിയതില്‍ സഞ്ജീവ് മുഖിയയ്‌ക്കും പ്രഭാത് രഞ്ജനുമൊപ്പം പങ്കുള്ള പ്രൊഫസറെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

പ്രതികളേറെയും ബീഹാറില്‍

ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ ഒന്നൊന്നായി പിടിയിലാകുമ്പോള്‍ ബിഹാറില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്‌പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയാണ്. കുറ്റവാളികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നതോടൊപ്പം ഫോട്ടോകളും രേഖകളും നേതാക്കള്‍ പുറത്തു വിടുന്നുണ്ട്. ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്‍റെ പിഎ പ്രീതം കുമാറിന് പ്രതികളുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചപ്പോള്‍ പ്രതികളിലൊരാളായ അമിത് ആനന്ദ് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്തു വിട്ടാണ് ആര്‍ജെഡി തിരിച്ചടിച്ചത്.

നാലാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള നിരക്ഷരനായ ട്രാക്‌ടര്‍ ഡ്രൈവര്‍ മുതല്‍ എംബിബിഎസ് ബിരുദധാരികള്‍ വരെ ഇതിനകം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായി കഴിഞ്ഞു. ദാനാപൂര്‍ നഗര്‍ പരിഷദിലെ ജൂനിയര്‍ എഞ്ചിനീയറായ സിക്കന്ദര്‍ യാദവേന്ദു, അദ്ദേഹത്തിന്‍റെ മരുമകനും നീറ്റ് പരീക്ഷാര്‍ഥിയുമായ അനുരാഗ് യാദവ്, സിക്കന്ദറിന്‍റെ ഡ്രൈവര്‍ ബിട്ടു സിങ്, ഇടനിലക്കരായ അമിത് ആനന്ദ്, നിതീഷ് കുമാര്‍, ആയുഷ് കുമാര്‍ എന്നിവര്‍ അടക്കം കേസില്‍ ഇതേവരെ 14 പേരാണ് അറസ്റ്റിലായിട്ടുള്ളത്.

ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഝാര്‍ഖണ്ഡ് , രാജസ്ഥാന്‍ ഹരിയാന ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഈ സംഘത്തെ നിയന്ത്രിക്കുന്നതായി സംശയിക്കുന്ന സോള്‍വര്‍ ഗാങ്ങ് തലവന്‍ രവി അത്രി ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Also Read:നീറ്റ് പുനഃപരീക്ഷ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി: കൗണ്‍സിലിങ്ങും റദ്ദാക്കില്ല

Last Updated : Jun 22, 2024, 6:52 PM IST

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ