ന്യൂഡല്‍ഹി:പാര്‍ലമെന്‍റംഗങ്ങള്‍ വിശ്വാസ്യത പുലര്‍ത്തണമെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍. ഇവരെ എന്തിനാണ് പാര്‍ലമെന്‍റിലേക്ക് അയച്ചതെന്ന് ഓര്‍മ്മിപ്പിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി തടസപ്പെട്ടത് മൂലം പാര്‍ലമെന്‍റ് സമ്മേളനം നിഷ്‌ഫലമായത് ചൂണ്ടിക്കാട്ടിയായിരുന്നു ചൗധരി ചരണ്‍സിങ് പുരസ്‌കാരദാന വേദിയില്‍ രാജ്യസഭാധ്യക്ഷന്‍ കൂടിയായ ധന്‍കറിന്‍റെ പരാമര്‍ശങ്ങള്‍.
ഏതൊരു ജനാധിപത്യവും വിജയിക്കണമെങ്കില്‍ ഇരുവശത്തും ഉത്തരവാദിത്തത്തോടെയുള്ള അഭിപ്രായ പ്രകടനങ്ങളും ചര്‍ച്ചകളും കൈകോര്‍ത്ത് മുന്നോട്ട് പോകണം. പിഴവുകള്‍ പറ്റരുത്. ഇവരെയെന്തിനാണ് പാര്‍ലമെന്‍റിലേക്ക് അയച്ചതെന്ന് ജനങ്ങളെക്കൊണ്ട് ചിന്തിപ്പിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാക്കുമെന്നും അദ്ദേഹം പാര്‍ലമെന്‍റംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ക്രമക്കേടുകള്‍ ഇപ്പോള്‍ ആളുകള്‍ ക്രമമായി അംഗീകരിച്ച് തുടങ്ങിയിരിക്കുന്നു. ആളുകള്‍ക്ക് ഇതിനോടൊക്കെ ഒരു മടുപ്പായി തുടങ്ങിയിട്ടുണ്ട്. ജനങ്ങള്‍ അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ധന്‍കര്‍ പറഞ്ഞു.
കൃഷിയാണ് ഗ്രാമീണ വികസനത്തിന്‍റെ നട്ടെല്ലെന്നും ഉപരാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. കാര്‍ഷികരംഗത്ത് വികസനമുണ്ടാകാതെ ഗ്രാമീണ മേഖലയ്ക്ക് മാറ്റമുണ്ടാകില്ല. ഗ്രാമീണമേഖലയില്‍ മാറ്റമുണ്ടാകാതെ നമുക്ക് വികസിത രാഷ്‌ട്രമെന്ന സ്വപ്‌നത്തിലേക്ക് എത്തിച്ചേരാനാകില്ലെന്നും ഉപരാഷ്‌ട്രപതി വ്യക്‌തമാക്കി. 2047ഓടെ ഇന്ത്യ വികസിത രാജ്യമാകണമെങ്കില്‍ നമ്മുടെ വരുമാനം എട്ട് മടങ്ങ് വര്‍ദ്ധിക്കേണ്ടതുണ്ട്. അതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.