ബെംഗളൂരു : വാൽമീകി വികസന കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ രണ്ട് എംഎല്‍എമാരുടെ വീട്ടില്‍ ഇഡി റെയ്‌ഡ്. ബല്ലാരി കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ബി നാഗേന്ദ്ര, റായ്ച്ചൂർ റൂറൽ എംഎൽഎയും മഹർഷി വാൽമീകി കോർപ്പറേഷൻ പ്രസിഡന്‍റുമായ ബസനഗൗഡ ദദ്ദാൽ എന്നിവരുടെ വീടുകളിലാണ് റെയ്‌ഡ് നടത്തുന്നത്. റായ്ച്ചൂർ, ബല്ലാരി, യലഹങ്ക, കോറമംഗല തുടങ്ങിയ 18 സ്ഥലങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ ഒരേ സമയം റെയ്‌ഡ് നടത്തിയത്. റെയ്‌ഡില്‍ സുപ്രധാന രേഖകൾ കണ്ടെടുത്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എംഎൽഎ ബി നാഗേന്ദ്രയെയും വാൽമീകി കോർപ്പറേഷൻ പ്രസിഡന്‍റ് ബസവനഗൗഡ ദദ്ദാലിനെയും എസ്ഐടി ഉദ്യോഗസ്ഥർ ചൊവ്വാഴ്‌ച ചോദ്യം ചെയ്‌തിരുന്നു. ദദ്ദാലിന്‍റെ റായ്ച്ചൂർ ആശാപുര റോഡിലെ ആർആർ (റാം റഹീം) കോളനിയിലെ വാർഡ് നമ്പർ 2-ലെ വീട്ടില്‍ ഇന്ന് (10-07-2024) രാവിലെ 7 മണിക്കാണ് പരിശോധന നടന്നത്.
ബല്ലാരി നെഹ്‌റു കോളനിയിലുള്ള ബി നാഗേന്ദ്രയുടെ വീട്ടിലും ഇന്ന് രാവിലെയോടെ നാലംഗ സംഘം റെയ്‌ഡ് നടത്തി. നാഗേന്ദ്രയുടെ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച ഇഡി നാഗേന്ദ്രയുടെ വീട്ടിലെ രേഖകളും പരിശോധിച്ചു.
അതേസമയം, ലോക്കൽ പൊലീസിന്‍റെ സഹായം ഇഡിക്ക് ലഭിച്ചില്ലെന്നും സിആർപിഎഫ് ജീവനക്കാരുടെ സഹകരണത്തോടെയാണ് റെയ്‌ഡ് നടത്തിയതെന്നും വൃത്തങ്ങൾ അറിയിച്ചു. ബെംഗളൂരു ഡോളർ കോളനിയിലെ രാംകി ഉത്സവ് അപ്പാർട്ട്‌മെന്‍റിലെ നാഗേന്ദ്രയുടെ വീട്ടിൽ റെയ്‌ഡ് നടത്തിയ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചുവരികയാണ്.
കേസിന്‍റെ പശ്ചാത്തലം : കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷന്‍റെ അക്കൗണ്ടന്‍റായിരുന്ന ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തതിന് പിന്നാലെയാണ് കോർപ്പറേഷനിൽ കോടികളുടെ അഴിമതി നടന്നതായി തെളിഞ്ഞത്. കോർപറേഷൻ അനധികൃത കൈമാറ്റങ്ങള്‍ നടത്തിയെന്നും ഗ്രാന്‍റ് തുക ദുരുപയോഗം ചെയ്‌തുവെന്നും മരണക്കുറിപ്പെഴുതിയ ശേഷമാണ് ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തത്.
പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബി നാഗേന്ദ്ര എംഎൽഎയുടെ പേരും ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. അന്ന് ബി നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാഗേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
Also Read :പാമ്പിന്‍വിഷം ഉപയോഗിച്ച് ലഹരി പാര്‍ട്ടി നടത്തിയ കേസ്; ഹാജരാകാൻ എൽവിഷ് യാദവിന് ഇഡി സമൻസ് - ED SUMMONS ELVISH YADAV TO LUCKNOW