ജബൽപൂർ: ലോകത്ത് മൂന്നാം ലോക മഹായുദ്ധത്തിന്‍റെ ഭീതിയുണ്ടെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) മേധാവി മോഹൻ ഭാഗവത്. ഈ സമയത്ത് ലോകം സമാധാനത്തിനായി ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണെന്നും എന്നാൽ ചിലർ തടസങ്ങൾ സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ലോകനേതൃത്വത്തിലേക്ക് നീങ്ങുകയാണെന്ന് ആർഎസ്എസ് മേധാവി വ്യക്തമാക്കി.
മധ്യപ്രദേശിലെ ജബൽപൂരിൽ യോഗമണി ട്രസ്‌റ്റ് സംഘടിപ്പിച്ച പരിപാടിയിൽ 'ലോകക്ഷേമത്തിന് ഹിന്ദുത്വത്തിന്‍റെ ആവശ്യകത' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഭാഗവത്. ഇന്ത്യ ഒരു വിശ്വഗുരു (ലോക നേതാവ്) ആകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും എന്നാൽ ചിലർ തങ്ങളുടെ സ്വാർഥ മനോഭാവം കാരണം അതിന് തടസങ്ങൾ സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്ൻ-റഷ്യ, ഇസ്രയേൽ-ഹമാസ് യുദ്ധങ്ങൾക്കിടയിൽ മൂന്നാം ലോക മഹായുദ്ധത്തിന് സാധ്യതയുണ്ട്. ഇസ്രായേലിൽ നിന്നോ യുക്രെയ്‌നില്‍ നിന്നോ, എവിടെ നിന്ന് മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
പരിസ്ഥിതിയെക്കുറിച്ച് ആര്‍എസ്എസ് തലവൻ ആശങ്ക പ്രകടിപ്പിച്ചു. പരിസ്ഥിതി പുതിയ രോഗങ്ങൾക്ക് കാരണമാകുന്ന സ്ഥിതിയിലേക്കാണ് എത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.മനുഷ്യരാശിയെ സേവിക്കുന്നത് സനാതന ധർമ്മമാണ്. ഹിന്ദുത്വത്തിലും അതുതന്നെ സംഭവിക്കും. ഹിന്ദുത്വത്തിന് ലോകത്തെ നയിക്കാനുള്ള കഴിവുണ്ട്.
ഹിന്ദു എന്ന വാക്ക് ഇന്ത്യൻ ഗ്രന്ഥങ്ങളിൽ എഴുതപ്പെടുന്നതിന് വളരെ മുമ്പാണ് നിലവിൽ വന്നത്. ഗുരുനാനാക്ക് ദേവ് ജിയാണ് ഇത് ആദ്യമായി പൊതുജനങ്ങൾക്കിടയിൽ ഉപയോഗിച്ചതെന്നും ലോകത്തിന്‍റെ മുഴുവൻ ക്ഷേമത്തിന് സഹായിക്കാൻ കഴിയുന്ന ഇന്ത്യയുടെ പുരാതന സംസ്ക്കാരമാണ് ഹിന്ദു മതത്തിന്‍റെ കാതൽ എന്നും ഭാഗവത് പറഞ്ഞു.