കേരളം

kerala

ETV Bharat / bharat

12 മണിക്കൂര്‍ നിര്‍ണായകം!, തമിഴ്‌നാട്ടില്‍ 'പെരുമഴ' തുടരുന്നു; തീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റാകാന്‍ സാധ്യത

തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലെ തീരദേശ ജില്ലകളിലും മഴ തുടരുന്നു. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാൻ സാധ്യത.

TAMIL NADU RAINFALL  TAMIL NADU RAIN ALERTS  CYCLONE FENGAL  തമിഴ്‌നാട് മഴ ചുഴലിക്കാറ്റ്
Sea waves crash against the shore in Puducherry on Wednesday, Nov 27 2024. (PTI)

By PTI

Published : Nov 28, 2024, 10:39 AM IST

ചെന്നൈ:തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ല 50-60 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതയിലാണ്.

തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ശ്രീലങ്കൻ തീരം കടന്ന് ന്യൂനമര്‍ദം തമിഴ്‌നാട് തീരത്തേക്ക് എത്താനാണ് സാധ്യത. നവംബര്‍ 30ന് പുലര്‍ച്ചെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിലാകും ചുഴലിക്കാറ്റ് കര തൊടുക എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനമുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ തീരദേശ ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ചെന്നൈ, ചെങ്കല്‍പെട്ട്, കടലൂര്‍, മയിലാടുതുറ, നാഗപട്ടണം, തിരുവാരൂര്‍, കാഞ്ചീപുരം, തിരുവള്ളൂര്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ 30 വരെ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. ചെന്നൈയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പുതുച്ചേരിയിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്‌ച വൈകുന്നേരം അഞ്ച് വരെയുള്ള 24 മണിക്കൂറില്‍ പുതുച്ചേരിയില്‍ 7.5 സെന്‍റീമീറ്റര്‍ മഴയും കാരയ്‌ക്കലില്‍ 9.5 സെ.മീ മഴയും പെയ്‌തതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

സുസജ്ജമായി നാവികസേന:ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ശക്തമായ മുൻകരുതല്‍ നടപടികളാണ് നാവികസേന സ്വീകരിച്ചിരിക്കുന്നത്. ഈസ്റ്റേൺ നേവൽ കമാൻഡ്, തമിഴ്‌നാട് പുതുച്ചേരി നേവല്‍ ഏരിയ എന്നിവ സംസ്ഥാന, സിവിൽ ഭരണകൂടങ്ങളുമായി ചേർന്നാണ് പ്രവര്‍ത്തനങ്ങള്‍. ജീവൻ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തെരച്ചില്‍ പ്രവര്‍ത്തനങ്ങളിലുമാണ് നാവികസേന പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഭക്ഷണം, കുടിവെള്ളം, മരുന്നുകള്‍ ഉള്‍പ്പടെയുള്ള ആവശ്യസാമഗ്രികള്‍ പ്രത്യേക വാഹനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. സ്‌പെഷ്യലൈസ്‌ഡ് ഫ്ലഡ് റിലീഫ് ടീമുകളെ ദുര്‍ബല പ്രദേശങ്ങളില്‍ വിന്യസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തര ഘട്ടങ്ങളില്‍ രക്ഷാദൗത്യങ്ങള്‍ ഏറ്റെടുക്കാൻ തമിഴ്‌നാട് പുതുച്ചേരി നേവല്‍ ഏരിയ ആസ്ഥാനത്തെ ഡൈവിങ് വിദഗ്‌ധര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശക്തമായ കാറ്റിന് സാധ്യത: തമിഴ്‌നാട് തീരപ്രദേശങ്ങളിലെ ജില്ലകളില്‍ ഇന്ന് മണിക്കൂറില്‍ 45-65 കിലോ മീറ്റര്‍ വേഗതയിലുള്ള കാറ്റ് വീശാൻ സാധ്യതയുണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ പുതുച്ചേരിയിലും സംസ്ഥാനത്തിന്‍റെ വടക്കൻ തീരത്തുള്ള ജില്ലകളിലും 50-60 കിലോമീറ്റർ വേഗതയിലും ചില സമയങ്ങളില്‍ 70 കിമീ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ശക്തമായ കാറ്റിന് സാധ്യതയുള്ള സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

വ്യാപക കൃഷിനാശം:മയിലാടുതുറ, രാമനാഥപുരം, തഞ്ചാവൂര്‍, തിരുവാരൂര്‍, കടലൂര്‍ ജില്ലകളില്‍ കഴിഞ്ഞ രണ്ട് ദിവസം വ്യപകമായ മഴ പെയ്‌തിരുന്നു. കനത്ത മഴയെ തുടര്‍ന്ന് തിരുവാരൂര്‍, മയിലാടുതുറ, തഞ്ചാവൂര്‍ എന്നീ ജില്ലകളില്‍ 2000 ഏക്കറിലെ നെല്‍കൃഷി നശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തീരദേശ ഡെല്‍റ്റ ജില്ലകളിലെ താഴ്‌ന്ന പ്രദേശങ്ങളില്‍ നിന്നും 1200ല്‍ അധികം പേരെ കഴിഞ്ഞ ദിവസങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.

മഴ മുന്നറിയിപ്പുകള്‍

  • നവംബര്‍ 28:കാഞ്ചീപുരം, ചെങ്കൽപട്ട്, വില്ലുപുരം, കടലൂർ ജില്ലകളിലും പുതുച്ചേരിയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യത
  • നവംബര്‍ 29:ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, റാണിപേട്ട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യത. വെല്ലൂർ, തിരുവണ്ണാമലൈ, വില്ലുപുരം, കടലൂർ ജില്ലകളിലും പുതുച്ചേരിയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.
  • നവംബര്‍ 30:ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, റാണിപ്പേട്ട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്കും വെല്ലൂർ, തിരുവണ്ണാമലൈ, വില്ലുപുരം ജില്ലകളിലും പുതുച്ചേരിയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
  • ഡിസംബര്‍ 1:ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, റാണിപ്പേട്ട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത
  • ഡിസംബര്‍ 2:തിരുവള്ളൂർ, കാഞ്ചീപുരം, വെല്ലൂർ, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, കൃഷ്ണഗിരി, ധർമ്മപുരി, റാണിപ്പേട്ട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

Also Read :ഇന്നും മഴ കനക്കും; ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മത്സ്യബന്ധനത്തിന് വിലക്ക്; ശബരിമലയിലും മഴ മുന്നറിയിപ്പ്

ABOUT THE AUTHOR

...view details