തിരുവനന്തപുരം: കാലിക പ്രസക്തിയുള്ള മികച്ച പ്രമേയങ്ങള്‍ കൊണ്ട് വ്യത്യസ്‌തമായിരുന്നു ഇത്തവണത്തെ കലോത്സവ നാടക വേദി. കാണികളെ അമ്പരപ്പിക്കുന്ന, അതിശയിപ്പിക്കുന്ന ഒട്ടേറെ പ്രകടനങ്ങള്‍ക്ക് അനന്തപുരി സാക്ഷിയായി. ഇതോടെ സമൂഹ മാധ്യമങ്ങളിലും ചർച്ചകള്‍ ചൂടുപിടിച്ചു കഴിഞ്ഞു.
അഭിനേതാക്കളുടെ പ്രകടനം തൊട്ട് സാങ്കേതിക വശങ്ങള്‍ വരെ സജീവ ചര്‍ച്ചയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍. വിവാദങ്ങള്‍ക്കും പഞ്ഞമില്ല. തിരുവനന്തപുരത്തെ ടാഗോര്‍ തിയേറ്ററിലാണ് ഇത്തവണ നാടക മത്സരങ്ങള്‍ നടന്നത്. അപ്പീലുമായി എത്തിയതടക്കം 16 നാടകങ്ങളാണ് മത്സരത്തിന്‍റെ ഭാഗമായി അരങ്ങേറിയത്.
വിഷയങ്ങളിലെ വൈവിധ്യം കൊണ്ടും വ്യത്യസ്‌തമായ അവതരണ രീതികള്‍ കൊണ്ടും നാടകങ്ങള്‍ വേറിട്ടു നിന്നുവെന്ന് നാടകപ്രേമികള്‍ പറയുന്നു. തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്‌കൂള്‍ അവതരിപ്പിച്ച രമണന്‍ എന്ന നാടകത്തില്‍ സൂത്രധാരനെ അവതരിപ്പിച്ച രീതി ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
ചങ്ങമ്പുഴയുടെ രമണനേയും യേശു ക്രിസ്‌തുവിനെയും സമന്വയിപ്പിച്ച നാടകത്തിന്‍റെ പ്രമേയത്തിനും നിറഞ്ഞ കയ്യടിയാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ആമയിഴഞ്ചാനില്‍ മരിച്ച ജോയിയുടെ സ്‌മാരണാര്‍ഥം അവതരിപ്പിച്ച നാടകവും സ്‌ത്രീധനത്തിനും അന്ധവിശ്വാസത്തിനുമെതിരെ ശബ്‌ദം ഉയര്‍ത്തിയ നാടകങ്ങളുമെല്ലാം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.
സാങ്കേതിക മികവിനാലും എടുത്തുനിന്ന നാടക മത്സരങ്ങളായിരുന്നു ഇത്തവണത്തേത് എന്ന അഭിപ്രായവും ആളുകള്‍ക്കിടയില്‍ നിന്നുയര്‍ന്നിരുന്നു. ടാഗോര്‍ തിയേറ്ററിലെ നാടക മത്സരത്തിന്‍റെ ശബ്‌ദ മികവ് മുന്‍കാലങ്ങളിലേക്കാള്‍ മികച്ചതായിരുന്നു എന്നാണ് പൊതു അഭിപ്രായം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ ശബ്‌ദ മിശ്രിണത്തില്‍ വിദഗ്‌ധനായ ഷാജഹാന്‍ സുകുമാരന്‍ പൂവച്ചലിന്‍റെ അഭിപ്രായം മറിച്ചാണ്. നാടക വേദിയില്‍ മൈക്കുകള്‍ നെടുകെയും കുറുകെയുമിട്ടത് ആസ്വാദനത്തെ കാര്യമായി ബാധിച്ചു എന്നാണ് ഷാജഹാന്‍റെ പക്ഷം. ശബ്‌ദം അല്‍പം ഉച്ചത്തില്‍ കേള്‍പ്പിക്കാനായി എന്ന് മാത്രമേ ടാഗോറില്‍ ചെയ്യാനായുള്ളൂ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നാടകങ്ങളില്‍, നിലത്ത് സ്ഥാപിക്കാവുന്ന ബൗണ്ടറി മൈക്കുകളും ചെറുതും നേർത്ത കേബിളുകളുമുള്ള ഓവർഹെഡ് ഹാങ്ങിങ് കണ്ടൻസർ മൈക്കുകളും ഉപയോഗിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
അതേസമയം, നാടകങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കും യാതൊരു കുറവുമില്ല. കലോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട നാടകത്തിന്‍റെ കഥയെച്ചൊല്ലിയാണ് ആദ്യ വിവാദം ഉയര്‍ന്നത്. എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്ത് ആണ് തന്‍റെ കഥ മോഷ്‌ടിക്കപ്പെട്ടതായിപ്പറഞ്ഞ് രംഗത്ത് വന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അവതരിപ്പിച്ച കയം എന്ന നാടകം സുസ്‌മേഷ് ചന്ദ്രോത്ത് എഴുതിയ കട്ടക്കയം പ്രേമകഥ എന്ന കഥയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അനുമതി വാങ്ങാതെയാണ് കഥ നാടകത്തില്‍ ഉപയോഗിച്ചതെന്നും സുസ്മേഷ് പറഞ്ഞു. അതിരൂക്ഷമായ ഭാഷയിലാണ് സുസ്മേഷ് പ്രതികരിച്ചത്. 'കട്ടക്കയം പ്രേമകഥ എന്ന കുട്ടി ജാര സന്തതിയല്ല. അതിനൊരു തന്തയുണ്ട്. അത് സുസ്‌മേഷ് ചന്ത്രോത്ത് എന്ന ഞാനാണ്. മേലിൽ ഇതുപോലുള്ള ചെറ്റപ്പണികളുമായി കലാകാരന്മാരുടെ അഭിമാനം മുറിപ്പെടുത്തരുത്.'- സുസ്മേഷ് ഫേസ്‌ബുക്കില്‍ കുറിച്ചു.
നാടകത്തിന്‍റെ വിധികര്‍ത്താക്കളെച്ചൊല്ലിയാണ് അടുത്ത തർക്കം. മൂന്ന് വിധികര്‍ത്താക്കളില്‍ ഒരാള്‍ സിനിമാ സംവിധായകനായിരുന്നു. അദ്ദേഹത്തിന് നാടകവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ആക്ഷേപം. നാടകത്തിന് മാര്‍ക്കിടാന്‍ യോഗ്യരായ നാടക പ്രവർത്തകർ തന്നെ നിരവധിപേര്‍ ഉണ്ടെന്നിരിക്കെ സിനിമാ സംവിധായകനെ വിധികര്‍ത്താവായി ഇരുത്തിയത് എന്തിനാണെന്ന് പലരും ചോദിക്കുന്നു.
16 നാടകങ്ങളില്‍ ഒരു നാടകത്തിനൊഴിച്ച് ബാക്കിയെല്ലാത്തിനും എ ഗ്രേഡ് ആണ് ലഭിച്ചത്. ഇടുക്കി ജില്ലയുടെ 'കാണി' എന്ന നാടകത്തിന് മാത്രമാണ് ബി ഗ്രേഡ് ലഭിച്ചത്. ഈ നാടകത്തിൽ സിനിമാക്കാരേയും താര സംഘടനയേയും കളിയാക്കുന്നുണ്ട് എന്നത് വിവാദത്തീയിലേക്കുള്ള നെയ്യായി. ഈ കളിയാക്കലാണ് 'കാണി'യെ ബി ഗ്രേഡിൽ ഒതുക്കിയത് എന്നാണ് നാടകപ്രേമികള്‍ ഉയര്‍ത്തുന്ന വിമര്‍ശനം.
നാടകത്തെ ചുറ്റിപ്പറ്റി തീര്‍ത്തും ആരോഗ്യകരമായ സംവാദങ്ങളാണ് ഉയരുന്നത് എന്നത് ഈ കലാരൂപത്തിന്‍റെ സാമൂഹിക പ്രസക്തി വിളിച്ചറിയിക്കുന്നതാണ് എന്നും പലരും അഭിപ്രായപ്പെടുന്നു.
Also Read: ഉരുളെടുത്തവരുടെ അതിജീവനം; സദസിനെ കണ്ണീരണിയിച്ച് വെള്ളാര്‍മല സ്‌കൂളിന്‍റെ നാടകം