ന്യൂഡൽഹി:വിവിപാറ്റ് സ്ലിപ്പുകള്‍ 100 ശതമാനവും എണ്ണണമെന്ന ഹർജികളിൽ സുപ്രീം കോടതി വിധി നാളെ(26-04-2024). ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്‌താവിക്കുക. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഫല പ്രാപ്‌തിയെ കുറിച്ച് സംശയം ഉയർന്നത് കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനോ നിർദേശങ്ങൾ പുറപ്പെടുവിക്കാനോ കഴിയില്ലെന്ന് വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി പറഞ്ഞിരുന്നു.
ഫലങ്ങളിൽ കൃത്രിമം കാണിക്കാൻ പോളിങ് ഉപകരണങ്ങളില്‍ കൃതൃമത്വം കാണിക്കാന്‍ കഴിയും എന്നാണ് ഹർജിക്കാരുടെ വാദം. ഇവിഎമ്മുകളിൽ ഘടിപ്പിച്ചിട്ടുള്ള മൈക്രോ കൺട്രോളറുകൾ റീപ്രോഗ്രാം ചെയ്യാവുന്നതാണോ എന്നതുൾപ്പെടെ അഞ്ച് ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് പാനലിലെ ഒരു ഉദ്യോഗസ്ഥനോട് സുപ്രീം കോടതി ഉത്തരം തേടിയിരുന്നു.
മൈക്രോ കൺട്രോളറുകള്‍ നിർമ്മിക്കുന്ന സമയത്ത് ഒറ്റത്തവണ പ്രോഗ്രാം ചെയ്യാവുന്നതാണെന്നും ഇവിഎമ്മുകളുടെ ബാലറ്റിങ് യൂണിറ്റ്, വിവിപാറ്റ്, കൺട്രോൾ യൂണിറ്റ് എന്നീ മൂന്ന് യൂണിറ്റുകളില്‍ ഇൻസ്റ്റാൾ ചെയ്‌ത് കഴിഞ്ഞാല്‍ അവ റീപ്രോഗ്രാം ചെയ്യാൻ കഴിയില്ലെന്നും ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ നിതേഷ് കുമാർ വ്യാസ് കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍റെ പ്രസ്‌താവന പൂർണ്ണമായും ശരിയല്ലെന്ന് 'അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്' എൻജിഒയ്ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ വാദിച്ചു. ഒരു സ്വകാര്യ ബോഡിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു പ്രശാന്ത് ഭൂഷന്‍റെ വാദം.
ഈ മൂന്ന് യൂണിറ്റുകളിലും ഉപയോഗിക്കുന്ന മെമ്മറി റീപ്രോഗ്രാം ചെയ്യാമെന്നും ചിഹ്നം ലോഡ് ചെയ്യുന്ന സമയത്ത് കൃത്രിമം കാണിക്കാനാകുമെന്നും റിപ്പോർട്ട് പറയുന്നതായി ഭൂഷൺ കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നൽകുന്ന ഡാറ്റയെയും വിവരങ്ങളെയും കോടതി ആശ്രയിക്കേണ്ടതുണ്ടെന്ന് ജസ്‌റ്റിസ് ഖന്ന ഭൂഷണോട് പറഞ്ഞു. ഇവിഎമ്മിന്‍റെ മെമ്മറിയിലുള്ള പ്രോഗ്രാം ഒരു തവണ മാത്രമേ സെറ്റ് ചെയ്യാന്‍ കഴിയൂ എന്നാണ് ഇസിഐ പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാരുടെ മുൻവിധികളില്‍ കോടതിക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ ജസ്‌റ്റിസ് ദത്ത, കേവലം സംശയത്തിന്‍റെ അടിസ്ഥാനത്തിൽ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ കഴിയുമോ എന്നും ചോദിച്ചു. മറ്റൊരു ഭരണഘടനാ അധികാരത്തിന്‍റെ മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ കോടതിക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
Also Read :ലോക്‌സഭ തെരഞ്ഞെടുപ്പ്: ഇവിഎം പണിമുടക്കിയാല്‍ എന്ത് ചെയ്യണം? തെറ്റായ ബട്ടണ്‍ അമര്‍ത്തിപ്പോയാല്‍ എന്ത് ചെയ്യാനാകും? അറിയേണ്ടതെല്ലാം..