ന്യൂഡല്‍ഹി : എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ സമന്‍സുകള്‍ക്കെതിരെ മദ്രാസ് ഹൈക്കോടതില്‍ റിട്ട് ഹര്‍ജികള്‍ നല്‍കിയ തമിഴ്‌നാട് സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി. അഞ്ച് ജില്ല കലക്‌ടര്‍മാര്‍ക്ക് നല്‍കിയ സമന്‍സിനെതിരെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇഡി സമന്‍സ് അയച്ചിട്ടുള്ളത് (Supreme Court).
തമിഴ്‌നാട്ടിലെ ഒരു അനധികൃത മണലെടുപ്പ് അഴിമതിയുമായി ബന്ധപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ അന്വേഷണത്തിലാണ് ജില്ല കലക്‌ടര്‍മാര്‍ക്ക് സമന്‍സ് നല്‍കിയിട്ടുള്ളത്. ഇതിനെതിരെ തമിഴ്‌നാട് നല്‍കിയ ഹര്‍ജിയില്‍ ഇഡിയുടെ നടപടികള്‍ സ്റ്റേ ചെയ്‌തു കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്‌ത് ഇഡി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി തമിഴ്‌നാടിനോട് വിശദീകരണം തേടിയത് (ED summonses).
സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ എങ്ങനെ ഹര്‍ജി നല്‍കാനാകുമെന്ന് തമിഴ്‌നാടിന്‍റെ സര്‍ക്കാര്‍ അഭിഭാഷകനോട് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. എന്നാല്‍ ഇത് സാധ്യമാണെന്നായിരുന്നു തമിഴ്‌നാടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ മറുപടി. സംസ്ഥാനത്തിന്‍റെ താത്പര്യം എന്താണെന്നും ഇത്തരം ഹര്‍ജികള്‍ നല്‍കാനാകുമോയെന്നും കോടതി വീണ്ടും ചോദിച്ചു.