തൃശൂര്‍: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. അനുമതി നിഷേധിച്ചതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജി രാജേഷ് പറഞ്ഞു.
പ്രതീക്ഷിച്ചത് പോലെ വേലയുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചുവെന്നും പുതിയ ഗസ്റ്റ് നിയമത്തിൻ്റെ ഭാഗമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരമ്പരാഗതമായി ചെയ്യുന്ന തൊഴിലാണിത്. നില അമിട്ട് പോലെ വെടിക്കെട്ട് തിട്ടപ്പെടുത്താൻ ഒരു പെസോ ഉദ്യോഗസ്ഥനെ കൊണ്ടും സാധിക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
സുരേഷ് ഗോപി പെസോ ഉദ്യോസ്ഥരുമായി യോഗം നടത്തിയത് നല്ല ഉദ്ദേശത്തോട് കൂടി ആയിരുന്നു. എന്നാല്‍ നേർ വിപരീതമായ വിധിയാണ് ഉണ്ടായത്. പെസോയെ വെടിക്കെട്ടിൻ്റെ നിയന്ത്രണത്തിൽ നിന്ന് നീക്കണം. വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ജി രാജേഷ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടുത്ത മാസം മൂന്നിന് പാറമേക്കാവിൻ്റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് ജില്ലാ കളക്‌ടർ വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. പുതിയ കേന്ദ്ര സ്‌ഫോടക വസ്‌തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്‌ടറുടെ ഉത്തരവ്.
തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ തന്നെയാണ് വേല വെടിക്കെട്ടും നടക്കാറുള്ളത്. ഇവിടെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ 78 മീറ്റർ മാത്രമാണ് ദൂരമെന്നതാണ് അനുമതി നിഷേധിക്കാൻ കാരണം. പുതിയ നിയമപ്രകാരം 200 മീറ്റർ ദൂരമാണ് വേണ്ടത്. വിവിധ വകുപ്പുകളുടെ റിപ്പോർട്ട് പരിഗണിച്ചാണ് ദേവസ്വങ്ങളുടെ അപേക്ഷ കളക്‌ടർ നിഷേധിച്ചത്.