'മാർക്കോ' എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്‍റെ കഥാപാത്രം വില്ലനായ ജഗദീഷിന്‍റെ കഥാപാത്രത്തിന്‍റെ കൈ വെട്ടിയെടുക്കുന്നത് കണ്ട് നിങ്ങൾ ഞെട്ടിയോ? ക്ലൈമാക്‌സില്‍ അഭിമന്യു ഷമ്മി തിലകന്‍റെ കഥാപാത്രത്തിന്‍റെ ഹൃദയം മാർക്കോ വലിച്ചൂരി എടുക്കുന്നത് കണ്ട് തരിച്ചിരുന്നു പോയോ? മാർക്കോ ഡോക്‌ടര്‍ സൈറസിന്‍റെ തല വെട്ടി എടുക്കുമ്പോൾ ഫ്രെയിമിൽ കാണുന്ന തലച്ചോറ് കണ്ട് നിങ്ങളുടെ ഹൃദയം നിലച്ചു പോയോ? ഇതൊക്കെ വി എഫ് എക്‌സ് ആണെന്ന് തെറ്റിദ്ധരിച്ചെങ്കില്‍ നിങ്ങൾക്ക് തെറ്റി.
ഒറിജിനലിനെ വെല്ലുന്ന കയ്യും തലച്ചോറും ഹൃദയവും ഒക്കെ പ്രോസ്‌തെറ്റിക് ഡിസൈനിലൂടെ സൃഷ്ടിച്ചെടുത്തതാണ്. മലയാളം സിനിമയിലെ അറിയപ്പെടുന്ന കൺസെപ്റ്റ് ഡിസൈനറായ കലാകാരൻ സേതു ശിവാനന്ദനാണ് ഇതിന് പിന്നിൽ.
ബറോസ് സിനിമയിൽ മോഹൻലാലിന്‍റെ കഥാപാത്രത്തെ അദ്ദേഹത്തിന്‍റെ ഭാവനക്കനുസരിച്ച് ഡിസൈൻ ചെയ്‌തത് സേതുവാണ്. ബറോസ് എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും, സാങ്കൽപ്പിക ലോകത്തിന്‍റെയും ഡിസൈന് പിന്നിൽ സേതുവിന്‍റെ കരങ്ങൾ കൂടിയുണ്ട്. കലാ സിനിമ വിശേഷങ്ങൾ വെളിപ്പെടുത്തി സേതു ഇടിവി ഭാരതിനോട് സംസാരിക്കുന്നു.
സേതു എന്ന പേര് ശ്രദ്ധിക്കപ്പെട്ടത്
സിനിമയിൽ എത്തിച്ചേർന്നിട്ട് വർഷങ്ങളേറെ ആയെങ്കിലും സേതു എന്ന പേര് സൈബറിടങ്ങളിൽ ശ്രദ്ധേയമായത് കൃത്യമായി പറഞ്ഞാൽ ഒരു വർഷം മുമ്പാണ്. 'മലൈക്കോട്ടെ വാലിബൻ' എന്ന ചിത്രത്തിൽ മോഹൻലാൽ ധരിച്ചിരിക്കുന്ന കടുക്കൻ സേതുവിന്‍റെ പിതാവ് സൃഷ്‌ടിച്ചതാണ്.
മലൈക്കോട്ടെ വാലിബന്‍റെ കടുക്കൻ നിർമ്മിക്കുന്ന വീഡിയോ സേതു സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതോടെയാണ് സേതു മലയാളം സിനിമയ്ക്ക് നൽകിയ സംഭാവനകളെക്കുറിച്ച് പ്രേക്ഷകർ തിരിച്ചറിഞ്ഞു തുടങ്ങുന്നത്.
രാജ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്‌സില്‍ പഠനം പൂർത്തിയാക്കിയ ശേഷമാണ് സേതു ശിവാനന്ദൻ കലാ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. അച്ഛനും അമ്മയും കലാകാരന്മാരായതുകൊണ്ടാണ് താനും കലാ മേഖല ജീവിതമാർഗമായി തിരഞ്ഞെടുത്തത് എന്ന് സേതു പറഞ്ഞു.
മോഹന്‍ലാലുമായുള്ള സൗഹൃദം
"ലാലേട്ടൻ എന്ന ഗുരു പൊതുവേ കലാകാരന്മാരോട് വളരെയധികം സ്നേഹവും സാമീപ്യവും പ്രകടിപ്പിക്കുന്ന വ്യക്തിത്വമാണ്. 'ഒടിയൻ' എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് ലാൽസാറുമായി പരിചയപ്പെടുന്നത്. 'ഒടിയൻ' എന്ന സിനിമയുമായി ബന്ധപ്പെട്ട് നിരവധി ക്യാരക്‌ടര്‍ സ്കെച്ചുകൾ ഞാൻ ചെയ്‌തു നൽകിയിരുന്നു. ആ സിനിമയിൽ ഉടനീളം ആർട്ട് ഡിപ്പാർട്ട്മെന്‍റുമായി സഹകരിച്ച് പ്രവർത്തിച്ചു.
പെയിന്‍റിങ്ങിൽ കമ്പമുള്ള ആളാണ് മോഹൻലാൽ. ഞാനും നന്നായി പെയിന്‍റ് ചെയ്യും. മോഹൻലാൽ നന്നായി പെയിന്‍റ് ചെയ്യും എന്നും വരയ്ക്കുമെന്നൊന്നും ഇവിടെയുള്ള പലർക്കും അറിയില്ല. ലാൽ സാറും ഞാനും ഒരുമിച്ച് ഒരു സ്ഥലത്ത് വച്ച് രണ്ട് ക്യാൻവാസിൽ പെയിന്റ് ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തെ കാണാൻ പോകുമ്പോൾ ചിലപ്പോൾ നമുക്ക് ചിത്രങ്ങൾ വരച്ചു തരും", സേതു പറഞ്ഞു തുടങ്ങി.
"എന്‍റെ കല്യാണദിവസം രാവിലെ 'മലൈക്കോട്ടെ വാലിബ'ന്‍റെ രാജസ്ഥാൻ ലൊക്കേഷനിൽ നിന്നും അദ്ദേഹം ഒരു ആശംസ വീഡിയോ അയച്ചു തന്നിരുന്നു. ലാൽ സാറിന്‍റെ റെക്കമെന്‍റേഷൻ മൂലം നിരവധി അന്യഭാഷ സിനിമകളിൽ പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു", സേതു പറഞ്ഞു.
"'ബറോസ്' എന്ന സിനിമയുടെ ലൊക്കേഷൻ എനിക്ക് എന്‍റെ കുടുംബം പോലെയായിരുന്നു. സിനിമയിലെ കഥാപാത്രങ്ങളുടെ രൂപം വേഷവിധാനം ഇതൊക്കെ ലാൽ സാറിന്‍റെ നിർദ്ദേശപ്രകാരം ഞാൻ വരച്ചു കൊടുത്തതാണ്.
വൂടു ഒഴികെയുള്ള കഥാപാത്രങ്ങളുടെ രൂപകല്പനയും വേഷവിധാനവും ലാൽസാറിന്‍റെ നിർദ്ദേശപ്രകാരം ഞാൻ തന്നെ ഡിസൈൻ ചെയ്‌തതാണ്. ലാൽസർ കഥാപാത്രങ്ങളെ കുറിച്ചൊക്കെ നരേറ്റ് ചെയ്‌തു തരുന്ന രീതി വളരെ രസകരമാണ്".
"ബാറോസ് എന്ന ഭൂതത്തിന്‍റെ കഥാപാത്രത്തിന് വേണ്ടി ലാൽ സാറിന്‍റെ ദേഹത്തുള്ള ടാറ്റുകൾ ഒക്കെ തന്നെയും ഞാൻ തന്നെയാണ് വരച്ചത്.
കലാപരമായ കാര്യങ്ങളോട് ലാലേട്ടന് പ്രത്യേക താല്പര്യം ഉണ്ട്. ചിലപ്പോഴൊക്കെ എന്തെങ്കിലുമൊക്കെ രൂപങ്ങൾ ഉണ്ടാക്കിത്തരാൻ ആവശ്യപ്പെടും. അദ്ദേഹത്തെ കാണാൻ പോകുമ്പോഴൊക്കെ സ്വന്തം സൃഷ്‌ടിയിൽ ഉണ്ടാക്കിയെടുത്ത എന്തെങ്കിലും ഒന്ന് സമ്മാനിക്കാറുമുണ്ട്.
സിലിക്കൺ മെറ്റീരിയൽ കൊണ്ടുണ്ടാക്കിയ കുഞ്ഞു കൃഷ്‌ണനും കുഞ്ഞു ഗണപതിയും ഒക്കെ ഞാൻ ലാൽസറിന് സമ്മാനിച്ചതിൽ അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ്. അതൊക്കെ അദ്ദേഹം സ്വകാര്യ ശേഖരത്തിൽ സൂക്ഷിച്ചിട്ടുണ്ട്", സേതു പറഞ്ഞു.
മാർക്കോയിലെ കൈയും തലയും ഹൃദയവും
'മാർക്കോ' എന്ന സിനിമയ്ക്ക് വേണ്ടി മനുഷ്യന്‍റെ കൈ, തലച്ചോറ്, ഹൃദയം എന്നിവയൊക്കെ പ്രൊസ്‌തറ്റിക് രീതിയിൽ നിർമ്മിച്ചത് താൻ ആണെന്ന് സേതു വെളിപ്പെടുത്തി.
സിനിമ കാണുമ്പോൾ എല്ലാം കരുതും വെട്ടിയെടുത്ത കൈയും തലച്ചോറും ഒക്കെ ഗ്രാഫിക്‌സില്‍ സൃഷ്‌ടിച്ചെടുത്തതാണെന്ന്. അങ്ങനെയല്ല. എല്ലാം കൃത്രിമമായി ഒറിജിനലിനെ വെല്ലുന്ന രീതിയിൽ നിർമ്മിച്ച് എടുത്തതാണ്.
"സിനിമയിൽ മാർക്കോയുടെ അനിയന്‍റെ കഥാപാത്രത്തെ ആസിഡിൽ മുക്കി കൊലപ്പെടുത്തുന്ന ഒരു രംഗമുണ്ട്. ആസിഡിൽ ലയിച്ച ശവശരീരം ഒക്കെ പ്രോസ്‌തറ്റിക് രീതിയിൽ നിർമ്മിച്ചതാണ്. ആസിഡിൽ മുങ്ങിയ ശരീരം കൃത്യമായി ഉരുകുന്നതൊക്കെ സിനിമയിൽ ഉണ്ടായിരുന്നു.
പക്ഷേ സെൻസറിങ്ങിൽ പല സീനുകളും കട്ട് ചെയ്‌തു കളഞ്ഞു. സിലിക്കൻ കൊണ്ട് ശവശരീരം ഉണ്ടാക്കിയ ശേഷം ക്ലേ ഉപയോഗിച്ചാണ് ഉരുകിപ്പോയ ശരീര ഭാഗമൊക്കെ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. അമേരിക്കയിൽ നിന്നും ഇമ്പോർട്ട് ചെയ്‌ത സിലിക്കൺ മെറ്റീരിയൽ കൊണ്ടാണ് ജഗദീഷിന്‍റെ കഥാപാത്രത്തിന്‍റെ വെട്ടിയെടുക്കുന്ന കൈ സൃഷ്‌ടിച്ചെടുത്തത്.
ജഗദീഷ് ചേട്ടന്‍റെ കൈയുടെ കൃത്യമായ അളവും മോൾഡും എടുത്ത ശേഷമാണ് ഡ്യൂപ്ലിക്കേറ്റ് കൈ ഉണ്ടാക്കിയെടുക്കുന്നത്".
" മേൽപ്പറഞ്ഞ സിലിക്കൺ മെറ്റീരിയൽ ഇന്ത്യയിൽ ലഭ്യമല്ല. സിലിക്കൻ മെറ്റീരിയലിൽ കൈ ചെയ്തെടുത്ത് രക്തം മുക്കിയാൽ ഒറിജിനൽ കയ്യേത് ഡ്യൂപ്ലിക്കേറ്റ് കയ്യേത് എന്ന് കണ്ടാൽ തിരിച്ചറിയില്ല. അതുപോലെ വില്ലന്‍റെ തലച്ചോറ്, ഹൃദയം ഒക്കെ മികച്ച പെർഫെക്ഷനോടെയാണ് ചെയ്തെടുത്തത്. ഇത്രയും ശരീരഭാഗങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഏകദേശം 20 ദിവസത്തോളം എടുത്തു," സേതു പറഞ്ഞു.
"മാർക്കോ സിനിമയുടെ ചിത്രീകരണം തുടങ്ങിയ ശേഷമാണ് ശരീരഭാഗങ്ങൾ ഒക്കെ ഉണ്ടാക്കാൻ ആരംഭിച്ചത്. സമയബന്ധിതമായി വർക്ക് തീർക്കേണ്ടതുണ്ടായിരുന്നു.
എറണാകുളത്ത് വച്ച് സാധനങ്ങൾ ഉണ്ടാക്കിയ ശേഷം സിനിമയുടെ ചിത്രീകരണം നടക്കുന്ന മൂന്നാറിലേക്ക് ട്രാൻസ്പോർട്ട് ചെയ്യുകയായിരുന്നു പതിവ്. ഇതുപോലുള്ള ശരീരഭാഗങ്ങൾ ഉണ്ടാക്കി വാഹനത്തിൽ ട്രാൻസ്പോർട്ട് ചെയ്യുന്നത് വളരെ അപകടം പിടിച്ച കാര്യമാണ്," സേതു വെളിപ്പെടുത്തി.
പോലീസ് പിടികൂടിയ സംഭവം
"ഒന്ന് സാധനങ്ങൾ ട്രാൻസ്പോർട്ട് ചെയ്യുമ്പോൾ കേടുപാടുകൾ സംഭവിക്കാം. മറ്റൊന്ന് പോലീസ് ചെക്കിങ്ങിൽ പിടിച്ചാൽ കുഴപ്പമാകും. പോലീസുകാർക്ക് ഇതൊക്ക ഷൂട്ടിംഗ് മെറ്റീരിയൽ ആണെന്ന് ബോധ്യമാകുന്നത് വരെ നമ്മൾ മുൾമുനയിൽ നിൽക്കും.
ഒരു കന്നട സിനിമയ്ക്ക് വേണ്ടി കൈപ്പത്തി ഉണ്ടാക്കി ഇതുപോലെ യാത്ര ചെയ്യവേ പോലീസ് പിടിച്ചു. കാറിനുള്ളിൽ കൈപ്പത്തി കണ്ടതോടെ പോലീസുകാർ പിന്നിലേക്ക് ഒറ്റ ഓട്ടമായിരുന്നു. അവർ ഒരു കാരണവശാലും അടുക്കാൻ തയ്യാറാകുന്നില്ല.
ഞങ്ങളെ കൊള്ളക്കാരെപ്പോലെ ട്രീറ്റ് ചെയ്യാനും തുടങ്ങി. സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി ഉണ്ടാക്കിയെടുത്ത കൈപ്പത്തി ആണെന്ന് എത്ര പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല. പിന്നീട് അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ഒരുപാട് സമയം എടുത്തു", സേതു വിശദീകരിച്ചു.
'ആടുജീവിതം' അടക്കമുള്ള നിരവധി സിനിമകളിൽ സേതു വർക്ക് ചെയ്‌തിട്ടുണ്ട്. ആടുജീവിതത്തിലെ പൃഥ്വിരാജിന്‍റെ കഥാപാത്രത്തിന്‍റെ രൂപങ്ങൾ ഒക്കെ ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപ് സ്കെച്ച് ചെയ്‌തത് സേതുവാണ്. മലയാളം, തമിഴ്, കന്നട തുടങ്ങിയ മുൻ നിര ചിത്രങ്ങളിൽ കൺസെപ്റ്റ് ഡിസൈനറായി സേതുവിന് തിരക്കേറുകയാണ്.
Also Read:ഉത്തരേന്ത്യ തൂത്തുവാരന്‍ 'മാര്‍ക്കോ', ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു; തെലുഗ് പതിപ്പ് ഉടന്‍