ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
ഹര്‍ജിയിലെ നിയമ വിഷയങ്ങള്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചിന് പരിഗണിക്കാനാകുന്ന വിഷയങ്ങളല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്‌തത്. ഇതിനെ ചോദ്യം ചെയ്‌ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഇപ്പോള്‍ അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനോട് അധികാരം ഒഴിയാന്‍ പറയാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് കരുതുന്നില്ലെന്ന് ജാമ്യം നല്‍കിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കരുതെന്നും കോടതിക്ക് നിര്‍ദേശിക്കാനാകില്ല. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മൂന്ന് മാസമായി അദ്ദേഹം ജയിലില്‍ കിടന്ന് ബുദ്ധിമുട്ടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും കെജ്‌രിവാള്‍ ഒരു ജനപ്രതിനിധിയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അറസ്റ്റിന്‍റെ ആവശ്യകതയെക്കുറിച്ചും പിഎംഎല്‍എയുടെ പത്തൊന്‍പതാം വകുപ്പിനെക്കുറിച്ചും വിശാല ബെഞ്ച് പരിശോധിക്കുമെന്നും ജസ്റ്റിസ് ഖന്ന വ്യക്തമാക്കി.