ന്യൂഡല്‍ഹി: ഔദ്യോഗിക ഭാഷയായ ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ വിശദമാക്കി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. രാജ്യസഭയില്‍ നല്‍കിയ എഴുതി തയാറാക്കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ വിവിധ പരിശീലനങ്ങള്‍ ഇതിനായി സംഘടിപ്പിക്കുന്നുണ്ട്. ഹിന്ദി പഠിപ്പിക്കാനും പരിഭാഷപ്പെടുത്താനുമുള്ള പരിശീലനങ്ങളാണ് നല്‍കുന്നത്. വിവിധ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നവരെയും പരിശീലിപ്പിക്കുന്നുണ്ട്. ഇതിനുള്ള സാങ്കേതികതകളും വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദിയുടെ പ്രചാരണങ്ങള്‍ക്കായി കേന്ദ്ര ഹിന്ദി സമിതി, പാര്‍ലമെന്‍ററി ഔദ്യോഗിക ഭാഷാ സമിതി, ഹിന്ദി ഉപദേശക സമിതി, ടൗണ്‍ ഔദ്യോഗിക ഭാഷ നടപ്പാക്കല്‍ സമിതികള്‍ എന്നിവ രൂപീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം ഹിന്ദിയുടെ പുരോഗമന ഉപയോഗം നിരീക്ഷിക്കുന്നതിനായി ഔദ്യോഗിക ഭാഷ വകുപ്പിന് കീഴില്‍ എട്ട് പ്രാദേശിക കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.