ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ആംആദ്‌മി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. നാളെ (ഫെബ്രുവരി 5) ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കെജ്‌രിവാളിന്‍റെ പ്രതികരണം. ആംആദ്‌മി പാർട്ടി 55 സീറ്റുകൾ നേടി വീണ്ടും അധികാരത്തില്‍ വരുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.
ആം ആദ്‌മി പാർട്ടി ചരിത്ര വിജയത്തിലേക്ക് നീങ്ങുകയാണെന്നും ബിജെപി ഏറ്റവും വലിയ പരാജയം നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സ്‌ത്രീകള്‍ കൂടുതല്‍ വോട്ട് ചെയ്‌താല്‍ 60 സീറ്റുകള്‍ വരെ എഎപി നേടാൻ സാധ്യതയുണ്ട്. "എന്‍റെ കണക്കനുസരിച്ച്, ആം ആദ്‌മി പാർട്ടിക്ക് 55 സീറ്റുകൾ ലഭിക്കുമെന്ന് ഞാൻ കരുതുന്നു, പക്ഷേ സ്‌ത്രീകൾ എല്ലാവരും വോട്ടുചെയ്‌താല്‍ 60 ൽ കൂടുതൽ സീറ്റുകൾ ലഭിക്കും," എന്ന് കെജ്‌രിവാൾ എക്‌സിൽ കുറിച്ചു.
കെജ്‌രിവാൾ, മനീഷ് സിസോഡിയ, അതിഷി എന്നിവർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ന്യൂഡൽഹി, ജങ്പുര, കൽക്കാജി എന്നീ മണ്ഡലങ്ങളില്‍ എഎപി ചരിത്രപരമായ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഡൽഹി പൊലീസിനെ ഉപയോഗിച്ച് ഗുണ്ടായിസം നടത്തുകയാണെന്നും വോട്ടിനായി പണം നല്‍കുന്നുണ്ടെന്നും കെജ്രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു.
ബിജെപി വിജയിക്കുമെന്ന് രാജ്‌നാഥ് സിങ്
അതേസമയം, നാളെ നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഇത്തവണ ഡൽഹിയിലെ ജനങ്ങൾ ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം നൽകാൻ തീരുമാനിച്ചു.
ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളർന്നു, വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ഈ കണക്കുകൾ ആർക്കും അവഗണിക്കാൻ കഴിയില്ല. ആംആദ്‌മി ഡൽഹിയിലെ ജനങ്ങളെ വഞ്ചിച്ചു എന്നതിൽ സംശയമില്ല," സിങ് പറഞ്ഞു.
ഡല്‍ഹി ആര്‍ക്കൊപ്പം?
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആം ആദ്‌മി പാർട്ടി വലിയ ഭൂരിപക്ഷത്തോടെയാണ് ഡല്‍ഹിയില്‍ അധികാരം നിലനിര്‍ത്തിയത്. 2015 ൽ 70 ൽ 67 സീറ്റുകൾ നേടി, 2020 ൽ 62 സീറ്റുകൾ നേടിയുമാണ് എഎപി വിജയിച്ചത്. ബിജെപിക്ക് മൂന്ന് സീറ്റുകൾ മാത്രമേ നേടാനായത്.
അതേസമയം കോൺഗ്രസിന് രണ്ട് തവണയും ഒരു സീറ്റും നേടാനായില്ല. എങ്കിലും, ഈ തെരഞ്ഞെടുപ്പ് ഇഞ്ചോടിഞ്ച് മത്സരമായിരിക്കുമെന്നാണ് പ്രവചനം. ആം ആദ്‌മിയുടെ കുതിപ്പ് തകർക്കുമെന്ന് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍, തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
2013 വരെ 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസ്, മുസ്‌ലിം, ദളിത് ജനസംഖ്യയുള്ള മണ്ഡലങ്ങളിൽ, പരമ്പരാഗത വോട്ടർ അടിത്തറ വീണ്ടെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സീലംപൂർ, മാതിയ മഹൽ, ബല്ലിമാരൻ, ഓഖ്‌ല, ചാന്ദ്‌നി ചൗക്ക്, സീമാപുരി, സുൽത്താൻപൂർ മജ്‌റ എന്നിവയുൾപ്പെടെ കുറഞ്ഞത് 12 പ്രധാന സീറ്റുകളിലെങ്കിലും കോണ്‍ഗ്രസും ആം ആദ്‌മിയും തമ്മില്‍ വലിയ പോരാട്ടം നടക്കുമെന്നാണ് പ്രവചനം.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദളിത്, മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള മണ്ഡലങ്ങൾ ലക്ഷ്യമിട്ട് സജീവമായി പ്രചാരണം നടത്തിയിരുന്നു. ഡല്‍ഹിയിലെ 70 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. ഫെബ്രുവരി 8 ന് ഫലം പ്രഖ്യാപിക്കും.