കേരളം

kerala

ബെംഗളൂരുവില്‍ എട്ട് വര്‍ഷമായി വ്യാജ സര്‍ക്കാര്‍ രേഖ നിര്‍മ്മാണം; ശ്രീലങ്കക്കാരന്‍ പിടിയില്‍ - FAKE ID CARD RACKET

By ETV Bharat Kerala Team

Published : May 24, 2024, 8:46 PM IST

വ്യാജ രേഖകള്‍ നിര്‍മിച്ച് നല്‍കുന്ന സ്ഥാപനം നടത്തിയിരുന്ന ശ്രീലങ്കക്കാരന്‍ പിടിയില്‍. രക്ഷപ്പെടാന്‍ ശ്രമിച്ച ഭാര്യയും അറസ്‌റ്റില്‍.

FAKE ID CARD RACKET  SHARAN KUMAR KALIDAS  ഉമേഷ് ബാല രവീന്ദ്രന്‍  CREATING FAKE GOVERNMENT DOCUMENTS
Bengaluru: A Sri Lankan who ran fake ID card racket for 8 years arrested, Wife caught at airport while escaping (ETV Bharat)

ബെംഗളുരു: എട്ടു വര്‍ഷമായി വ്യാജ സര്‍ക്കാര്‍ രേഖകള്‍ തയാറാക്കി നല്‍കുന്ന സ്ഥാപനം നടത്തിയിരുന്ന ശ്രീലങ്കക്കാരന്‍ പിടിയിലായി. ശരണ്‍കുമാര്‍ കൈലാസ് എന്ന ഉമേഷ് ബാല രവീന്ദ്രന്‍ ആണ് പിടിയിലായത്. ബെംഗളുരുവിലെ രചനാഹള്ളിയിലെ ഒരു അപ്പാര്‍ട്ട്മെന്‍റില്‍ ആയിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

ഇയാളില്‍ നിന്ന് നാടന്‍ തോക്ക്, വ്യാജ ആധാര്‍ കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ്, ആപ്പിള്‍ മാക് ബുക്ക്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ബാങ്കിങ്ങ് രേഖകള്‍ തുടങ്ങിയ പിടിച്ചെടുത്തിട്ടുണ്ട്.

ശ്രീലങ്കക്കാരനായ ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തമിഴ്‌നാട്ടിലെ ചെന്നൈയിലേക്ക് എത്തിയത്. തുടര്‍ന്ന് ഇയാള്‍ വ്യാജ സര്‍ക്കാര്‍ രേഖകളുടെ നിര്‍മ്മാണത്തിലേക്ക് എത്തുകയായിരുന്നു. പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ തമിഴ്‌നാട്ടില്‍ നിന്ന് ശ്രീലങ്കയിലേക്ക് നാടുകടത്തി. എന്നാല്‍ 2016ല്‍ ഇയാള്‍ വീണ്ടും അനധികൃതമായി ഇന്ത്യയിലേക്ക് തിരിച്ചെത്തി.

ബെംഗളുരുവിലെ കനകപുരയിലായിരുന്നു പിന്നീട് താമസം. കുറച്ച് കാലം വിജയനഗറിലും താനിസാന്ദ്രയിലും താമസിച്ചു. 2021ല്‍ ഭാര്യയെയും മൂന്ന് മക്കളെയും ഇന്ത്യയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്നാണ് രചനഹള്ളിയിലെ അപ്പാര്‍ട്ട്മെന്‍റില്‍ താമസം തുടങ്ങിയത്. സിസിബി പൊലീസിന് ഇയാളുടെ അനധികൃത പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ ഈ മാസം 20ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലിനിടെ താന്‍ തമിഴ്‌നാട്ടിലെ മയിലാടുംതുറൈക്കാരനാണെന്ന് ഇയാള്‍ അവകാശപ്പെട്ടു. തുടര്‍ന്ന് തൊഴിലിനെക്കുറിച്ചുള്ള ചോദ്യം ചെയ്യലിലാണ് വ്യാജ രേഖകള്‍ ചമയ്ക്കലിനെ കുറിച്ച് ഇയാള്‍ വെളിപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ ഫോറിനേഴ്‌സ് ആക്‌ട്, ആയുധ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം 420(തട്ടിപ്പ്) തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. അന്വേഷണം തുടരുകയാണ്.

ഇയാളെ അറസ്‌റ്റ് ചെയ്‌തതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളുടെ ഭാര്യയെയും മൂന്ന് മക്കളെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവര്‍ വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ അബദ്ധത്തില്‍ ശ്രീലങ്കന്‍ തിരിച്ചറിയല്‍ കാര്‍ഡ് കാട്ടി. ഇതോടെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇവരെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

Also Read:ഇന്ത്യ വഴി നേപ്പാളിലേക്ക് കടക്കാന്‍ ശ്രമം; വ്യാജ രേഖകളുമായി രണ്ട് ഇറാനികള്‍ അറസ്‌റ്റില്‍

ABOUT THE AUTHOR

...view details