ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയില്‍ തുടര്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി അടുത്ത മാസം അഞ്ചിലേക്ക് മാറ്റി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിബിഐ തന്നെ അറസ്റ്റ് ചെയ്‌തത് ചോദ്യം ചെയത് കൂടിയാണ് കെജ്‌രിവാള്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.
വിഷയത്തില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ സൂര്യകാന്തും ഉജ്വല്‍ ഭുയാനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സിബിഐയ്ക്ക് അനുമതി നല്‍കി. ഇതില്‍ മറുപടി നല്‍കാന്‍ കെജ്‌രിവാളിന് രണ്ട് ദിവസത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ സിബിഐ ഒരു ഹര്‍ജിയില്‍ മാത്രമാണ് എതിര്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളതെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വി ചൂണ്ടിക്കാട്ടി. ഒരാഴ്‌ചയ്ക്കകം മറ്റേ ഹര്‍ജിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും എഎസ്‌ജി എസ് വി രാജു വ്യക്തമാക്കി. തുടര്‍ന്നാണ് കേസ് വീണ്ടും പരിഗണിക്കാന്‍ അടുത്തമാസം അഞ്ചിലേക്ക് മാറ്റിയത്.
ഈ മാസം പതിനാലിന് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കാന്‍ പരമോന്നത കോടതി വിസമ്മതിച്ചിരുന്നു. അന്വേഷണ ഏജന്‍സിയില്‍ നിന്ന് കോടതി പ്രതികരണം തേടുകയുമുണ്ടായി. ജൂണ്‍ 26നാണ് സിബിഐ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത്.
മാര്‍ച്ച് 21ന് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌ത മുഖ്യമന്ത്രിക്ക് വിചാരണ കോടതി ജൂണ്‍ 20ന് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് വിചാരണ കോടതി നടപടി ഹൈക്കോടതി സ്റ്റേ ചെയ്‌തു. ജൂലൈ 12ന് സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു.
മദ്യനയത്തിലെ അഴിമതിയും ക്രമക്കേടുകളും അന്വേഷിക്കാന്‍ സിബിഐയോട് ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ഉത്തരവിട്ടതോടെ മദ്യനയം ഇല്ലാതായിരുന്നു. അതിനിടെ മാനനഷ്‌ട കേസിൽ ഡൽഹി ഹൈക്കോടതിയുടെ വിധിക്കെതിരെ കെജ്‌രിവാൾ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ആറാഴ്‌ചത്തേക്ക് മാറ്റി. കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിങ്‌വി ഒത്തുതീർപ്പിന് കുറച്ച് സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് നീട്ടിവച്ചത്.
ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റേതാണ് ഉത്തരവ്. 2018ൽ യൂട്യൂബർ ധ്രുവ് റാഠി പ്രചരിപ്പിച്ച അപകീർത്തികരമായ വീഡിയോ റീട്വീറ്റ് ചെയ്‌തതിനാണ് കെജ്‌രിവാളിനെതിരെ വികാസ് സാംകൃത്യായന്‍ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തത്. ബിജെപിയുടെ ഐടി സെല്ലുമായി ബന്ധപ്പെട്ടതായിരുന്നു വീഡിയോ. വിഷയത്തിൽ പരാതിക്കാരനോട് മാപ്പ് പറയണോയെന്ന് സുപ്രീംകോടതി കെജ്‌രിവാളിനോട് ചോദിച്ചിരുന്നു. തനിക്ക് തെറ്റ് പറ്റിയെന്ന് ഫെബ്രുവരി 26ന് കെജ്‌രിവാൾ കോടതിയെ അറിയിക്കുകയും ചെയ്‌തിരുന്നു.
Also Read:കെജ്‌രിവാളിനെതിരെയുളള മാനനഷ്‌ടക്കേസ്; വാദം കേൾക്കുന്നത് നീട്ടി സുപ്രീംകോടതി