കൊല്‍ക്കത്ത: സംസ്ഥാന പൊലീസ് മേധാവിയായി വിവേക് സഹായിയെ നിയമിച്ച് 24 മണിക്കൂറിനകം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടല്‍. സഞ്ജയ് മുഖര്‍ജിയെ പശ്ചിമ ബംഗാളിലെ പുതിയ പൊലീസ് മേധാവിയായി നിയമിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു.
രാജീവ് കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ വിവേക് സഹായിയെ തത്സ്ഥാനത്ത് നിയമിക്കാന്‍ കമ്മീഷന്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. ഡിസംബര്‍ അവസാനമാണ് മമത ബാനര്‍ജി സര്‍ക്കാര്‍ രാജീവ് കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചത്. രാജീവ് കുമാര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന പ്രതിപക്ഷ ആരോപണം ശക്തമായിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനത്ത് എത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും വിമര്‍ശനത്തിന് രാജീവ് കുമാര്‍ പാത്രമായിരുന്നു.
1989 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് മുഖര്‍ജിയടക്കം രാജീവ് കുമാറിന് പകരം സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് സര്‍ക്കാര്‍ മൂന്ന് പേരുകള്‍ കമ്മീഷന് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കമ്മീഷന്‍ വിവേക് സഹായിയുടെ പേരിന് അംഗീകാരം നല്‍കുകയായിരുന്നു. രാജീവ് കുമാറിനെ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം രാജീവ് കുമാറിനോട് വിവര സാങ്കേതിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചുമതല വഹിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
മെയ് അവസാന ആഴ്‌ചയോടെ വിവേക് സഹായി സര്‍വീസില്‍ നിന്ന് വിരമിക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ജൂണ്‍ ആദ്യവാരം വരെ നീളും. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.