നാഗ്‌പൂര്‍: ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷം ഒരു കാരണവുമില്ലാതെ അക്രമത്തിന് വിധേയരാകുന്നുവെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദു ന്യൂനപക്ഷം അതിക്രമങ്ങളും അനീതിയും നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ നമ്മുടെ രാജ്യത്തിന് ഉത്തരവാദിത്തമുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നാഗ്‌പൂര്‍ മഹൽ ഏരിയയിലെ ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സ്വാതന്ത്ര്യ'ത്തിൻ്റെ 'സ്വ' സംരക്ഷിക്കാൻ തലമുറയ്ക്ക് കടമയുണ്ട്. കാരണം മറ്റ് രാജ്യങ്ങളിൽ ആധിപത്യം സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ എപ്പോഴും ലോകത്തിലുണ്ട്. അതിനാല്‍ നമ്മൾ ജാഗ്രത പുലർത്തുകയും അവരിൽ നിന്ന് സ്വയം പരിരക്ഷിക്കുകയും വേണം'- അദ്ദേഹം പറഞ്ഞു. ഈ ഉയർച്ച താഴ്‌ചകൾ തുടരുമെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.
മറ്റുള്ളവരെ സഹായിക്കുന്ന പാരമ്പര്യമാണ് ഇന്ത്യക്ക് ഉള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മള്‍ അത് കണ്ടതാണ്. ഇന്ത്യ ആരെയും ആക്രമിച്ചിട്ടില്ല. അതേസമയം ഇന്ത്യയോട് അവർ എങ്ങനെ പെരുമാറുന്നു എന്ന് പോലും നോക്കാതെ പലരെയും സഹായിച്ചിട്ടുമുണ്ടെന്ന് ആർഎസ്എസ് മേധാവി പറഞ്ഞു.