മഞ്ജു വാര്യരുമായി സംസാരിച്ചെന്ന് അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പുകളുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. മഞ്ജുവിന്‍റേതെന്ന് അവകാശപ്പെടുന്ന രണ്ട് ഓഡിയോ ക്ലിപ്പുകളാണ് സനല്‍കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്നും സിനിമ റിലീസ് ചെയ്യണമെന്നും മഞ്ജുവിനോട് ആവശ്യപ്പെട്ടെങ്കിലും തന്‍റെ നിയന്ത്രണത്തിലല്ല കാര്യങ്ങള്‍ എന്നായിരുന്നു മഞ്ജുവിന്‍റെ മറപടിയെന്നും സംവിധായകന്‍ പറയുന്നു. തന്‍റെ ജീവന്‍ മാത്രമല്ല, മകളുടെ ജീവനും ഭീഷണി ആണെന്നും മഞ്ജു വാര്യര്‍ പറഞ്ഞതായും സനല്‍കുമാര്‍ അവകാശപ്പെടുന്നു.
അതേസമയം മഞ്ജു വാര്യരുടേത് എന്ന രീതിയില്‍ സനല്‍കുമാര്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകള്‍ നടിയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഓഡിയോ ക്ലിപ്പിലെ സ്‌ത്രീ ശബ്‌ദത്തിന് മഞ്ജുവിന്‍റെ ശബ്‌ദവുമായി യാതൊരു സാമ്യവുമില്ലെന്ന് കേള്‍ക്കുന്നവര്‍ക്ക് വ്യക്‌തമാണ്.
ഫേസ്‌ബുക്കിലൂടെ മഞ്ജു വാര്യരുടേതെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഓഡിയോ ക്ലിപ്പുകള്‍ പങ്കുവച്ച് ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് സനല്‍കുമാര്‍ ശശിധരനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.
സംവിധായകന്‍ പങ്കുവച്ച ഓഡിയോ ക്ലിപ്പുകള്‍ മഞ്ജുവിന്‍റേതല്ലെങ്കില്‍ പിന്നെ ആരുടേതാണ്? സനല്‍കുമാര്‍ ശശിധരന്‍ എന്തിനീ നാടകം കളിക്കുന്നു? മഞ്‌ജു വാര്യരെ എന്തിന് വിടാതെ പിന്തുടര്‍ന്ന് അവര്‍ക്കെതിരെ മോശം പ്രചാരണം നടത്തുന്നു? സംവിധായകന്‍ മഞ്ജുവിനെതിരെ എന്തിന് അപവാദ പ്രചാരണങ്ങള്‍ നടത്തുന്നു? തുടങ്ങി നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയ സനല്‍കുമാര്‍ ശശിധരനോട് ചോദിക്കുന്നത്.
മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി 2019ല്‍ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്‌ത ചിത്രമാണ് 'കയറ്റം'. നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് കയ്യടികള്‍ നേടിയെങ്കിലും ചിത്രം ഇനിയും തിയേറ്ററുകളില്‍ റിലീസ് ചെയ്‌തിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം സനല്‍കുമാര്‍ ശശിധരൻ ചിത്രം സൗജന്യമായി ഓണ്‍ലൈനില്‍ റിലീസ് ചെയ്‌തു.
കയറ്റം സിനിമയുടെ തിയേറ്റര്‍ ഡിജിറ്റല്‍ റിലീസുകൾ തടയാൻ ചിലർ മനപ്പൂർവ്വം ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രം അപ്‌ലോഡ് ചെയ്‌ത വീമിയോ ലിങ്കും, സിനിമയുടെ ഫയല്‍ അടങ്ങിയ ഗൂഗിള്‍ ഡ്രൈവ് ലിങ്കും പുറത്തുവിട്ടത്. സിനിമ പുറത്തു വരാതിരിക്കാൻ ഒരു സംഘം ആളുകളുടെ ഗൂഢാലോചന ഉണ്ടെന്നാണ് സംവിധായകന്‍റെ പ്രധാന ആരോപണം.
നേരത്തെ സനൽകുമാർ ശശിധരന്‍റെ ഭാഗത്ത് നിന്നും മോശം സമീപനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി മഞ്ജു വാര്യർ പൊലീസിൽ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് സനൽകുമാർ ശശിധരനെ 2022ല്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നീട് പുറത്തിറങ്ങിയ സംവിധായകൻ അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു.
തനിക്കിനി ഇന്ത്യയിൽ സിനിമകൾ ചെയ്യാൻ അവസരം ലഭിക്കില്ലെന്നും സനല്‍കുമാര്‍ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. തനിക്ക് അവസരങ്ങൾ നിഷേധിക്കുക മാത്രമല്ല, തന്‍റെ ജീവനും ഭീഷണിയുണ്ടെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് താന്‍ ഇന്ത്യ വിട്ടതെന്നും അദ്ദേഹം സോഷ്യല്‍ മീഡിയിലൂടെ പ്രതികരിച്ചിരുന്നു.
2019ലായിരുന്നു 'കയറ്റം' സിനിമയുടെ ചിത്രീകരണം. ഹിമാലയത്തിൽ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.