ന്യൂഡൽഹി: രാജ്യത്തെ ഇന്‍റർനെറ്റ് നിരക്കുകൾ നിയന്ത്രിക്കുന്നതിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തില്‍, ജസ്റ്റിസ് സഞ്ജയ് കുമാർ ഉൾപ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ഇതൊരു സ്വതന്ത്ര വിപണിയാണെന്നും പൊതുജനങ്ങള്‍ക്ക് നിരവധി ഓപ്ഷനുകൾ ഉണ്ടെന്നും സുപ്രീംകോടതി വാദത്തിനിടെ പറഞ്ഞു. ബിഎസ്എൻഎല്ലും എംടിഎൻഎല്ലും ഇന്‍റർനെറ്റ് ദാതാക്കളാണെന്നും കോടതി കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മറ്റ് ഓപ്ഷനുകൾ ലഭ്യമാണെങ്കിലും വിപണി വിഹിതത്തിന്‍റെ ഭൂരിഭാഗവും ജിയോയും റിലയൻസും നിയന്ത്രിക്കുകയാണെന്ന് ഹർജിക്കാരൻ കോടതിയില്‍ പറഞ്ഞു. വിപണി വിഹിതത്തിന്‍റെ 80 ശതമാനം നിയന്ത്രിക്കുന്നത് ഒരു കമ്പനിയാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
അതേസമയം കാർട്ടലൈസേഷനാണ് ആരോപിക്കുന്നതെങ്കിൽ കോമ്പറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു. ഈ വിഷയത്തിൽ ഹർജി പരിഗണിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഹർജിക്കാരന് നിയമപരമായ പരിഹാരങ്ങൾ തേടാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി.