വയനാട്: മാനന്തവാടി പഞ്ചാരകൊല്ലിയിൽ ആദിവാസി യുവതി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വനംവകുപ്പ് താത്കാലിക വാച്ചർ ആയ അച്ഛപ്പൻ്റെ ഭാര്യ രാധ ആണ് കൊല്ലപ്പെട്ടത്. കാപ്പി പറിക്കാൻ പോവുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ വച്ചാണ് കടുവയുടെ ആക്രമണമുണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജനവാസ മേഖലയിൽ നിന്ന് മാറി പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വനഭാഗത്തായാണ് ആക്രമണം ഉണ്ടായത്. രാവിലെ പരിശോധനയ്ക്ക് പോയ തണ്ടർബോൾട്ട് അംഗങ്ങളാണ് പാതി ഭക്ഷിച്ച നിലയി ലുള്ള മൃതദേഹം കണ്ടത്. വനം വകുപ്പും പൊലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്. പട്ടികജാതി-പട്ടികവർഗ വികസന മന്ത്രി ഒ ആർ കേളു സ്ഥലത്തെത്തി.
മന്ത്രിക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. പ്രദേശത്ത് ആർആർടി സേനയെ നിയോഗിച്ച് സുരക്ഷ ഉറപ്പാക്കുമെന്നും ഇന്നു തന്നെ കൂട് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. രാധയുടെ കുടുംബത്തിന് 11 ലക്ഷം സർക്കാർ ധനസഹായം നൽകുമെന്നും കേളു വ്യക്തമാക്കി.
അതേസമയം കടുവയെ പിടികൂടുകയോ അതിനു കഴിഞ്ഞില്ലെങ്കില്‍ വെടിവച്ചു കൊല്ലുകയോ ചെയ്യുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമമനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (SOP) പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും.
അതിനുശേഷം നരഭോജി കടുവയെ വെടിവച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കും. സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന മറ്റു പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും ആവശ്യമായ ദ്രുതകര്‍മ സേനയെ നിയോഗിക്കുകയും ചെയ്യും. സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വിദഗ്ദ്ധരായ ഷൂട്ടര്‍മാരെയും വെറ്റിനറി ഡോക്‌ടര്‍മാരെയും അടിയന്തരമായി വയനാട് എത്തിക്കും.
ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ എസ് ദീപയെ ചുമതലപ്പെടുത്തി. കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ മേഖലയില്‍ നിന്നും കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങള്‍ വയനാട് മേഖലയിലേക്ക് കടന്നു വരാവുന്ന സാധ്യത പരിഗണിച്ച് ആ മേഖലകളില്‍ കൂടുതല്‍ പട്രോളിംഗ് ഏര്‍പ്പെടുത്തും.
കടുവയെ പിടിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് പ്രദേശത്ത് സുരക്ഷ ഉറപ്പാക്കണമെന്നും മരിച്ചയാളുടെ മകന് സ്ഥിരം ജോലി നൽകണമെന്നും ബന്ധുവായ ബാബു മാസ്‌റ്റർ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ വലിയ പ്രതിഷേധങ്ങളിലേക്ക് പോകുമെന്നും ഇദ്ദേഹം പറഞ്ഞു. മരണപ്പെട്ടത് ക്രിക്കറ്റ് താരം മിന്നുമണിയുടെ ബന്ധു കൂടിയാണ്.
Also Read:മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാന കരയ്‌ക്ക് കയറി; അവശനെന്ന് ഡിഎഫ്ഒ