ഇന്ന് ദേശീയ ബാലികാദിനം. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനുമാണ് ബാലികാ ദിനം ആചരിക്കുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ജീവിത നിലവാരം എന്നിവ ഉയര്‍ത്തുക, അവര്‍ നേരിടുന്ന വേര്‍തിരിവുകള്‍ ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പെൺകുട്ടികൾക്കായി ഈ ദിനം ആചരിക്കുന്നത്.
പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കുക, അവരുടെ കരുത്ത്, കഴിവുകള്‍ എന്നിവ അംഗീകരിക്കാനും ആഘോഷിക്കാനുമുള്ള അവസരം ഒരുക്കുക, പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയെല്ലാമാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
2008ലാണ് വനിതാ-ശിശു വികസന മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ ദേശീയ ബാലികാദിനം പ്രഖ്യാപിച്ചത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവക്ക് മികച്ച അവസരങ്ങൾ നൽകുക. ലിംഗാധിഷ്‌ഠിത വിവേചനം പരിഹരിക്കുക. സമൂഹത്തിൽ പെൺകുട്ടികളെ മുന്നോട്ട് നയിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ദേശീയ ബാലികാദിനം പ്രഖ്യാപിച്ചത്.
1966 ജനുവരി 24 ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി
ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. 1966 ജനുവരി 24നാണ് ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്‌തത്. അധികാരത്തിൻ്റെയും ഉത്തരവാദിത്തത്തിൻ്റെയും ഉന്നത സ്ഥാനങ്ങള്‍ വഹിക്കാൻ സ്‌ത്രീകള്‍ക്കും സാധിക്കുമെന്ന് തെളിയിച്ച ഈ ദിവസം തന്നെ ദേശീയ ബാലികാദിനമായി മാറിയത് പെണ്‍കുട്ടികള്‍ക്കുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണ്.
ദേശീയ ബാലികാദിനം ആചരിക്കുന്നതിൻ്റെ പ്രാധാന്യം
ലിംഗബോധത്തിനുള്ളില്‍ പെണ്‍കുട്ടികളെ തളച്ചിടുന്നത് ഇല്ലാതാക്കുക എന്നത് തന്നെയാണ് ഈ ദിനാചരണം കൊണ്ട് അധികൃതര്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തെ പെണ്‍കുട്ടികളെ ഉദ്ധരിക്കുക എന്നതും ദിനാചരണത്തിൻ്റെ ലക്ഷ്യമാണ്.
പെണ്‍കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്‌കരിക്കുക, വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവരിലും സമൂഹത്തിലും ബോധമുണ്ടാക്കുക, പെണ്‍കുട്ടികളുടെ ആരോഗ്യം, പോഷണം തുടങ്ങിയവക്ക് ഊന്നല്‍ കൊടുക്കുക തുടങ്ങിയവയും ദിനാചരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലിംഗ അനുപാതത്തിലുണ്ടാകുന്ന വ്യതിയാനത്തെക്കുറിച്ച് ബോധവത്‌കരിക്കാനും പെണ്‍ഭ്രൂണഹത്യകള്‍ പൂര്‍ണമായി ഇല്ലാതാക്കാനും പെണ്ണിനോടുള്ള സമൂഹത്തിൻ്റെ കാഴ്‌ചപ്പാട് മാറ്റിയെടുക്കാനും ഇത്തരമൊരു ദിനാചരണത്തിലൂടെ അധികൃതര്‍ ശ്രമിക്കുന്നു.
ലിംഗ നിര്‍ണയം നടത്തി പെണ്‍കുഞ്ഞാണെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്ന ക്രൂരമായ നടപടി രാജ്യത്ത് നിലവിലുണ്ട്. രാജ്യത്തെ ലിംഗ അസമത്വത്തിൻ്റെ ഏറ്റവും ക്രൂരമായ രീതി. ഇത്തരത്തില്‍ 2000നും 2019നുമിടയില്‍ രാജ്യത്ത് 90 ലക്ഷം പെണ്‍കുഞ്ഞുങ്ങളെയാണ് പിറക്കും മുൻപ് കൊന്നുകളഞ്ഞത്. ഇതാണ് ലിംഗനിര്‍ണയവും പെണ്‍ഭ്രൂണഹത്യയും തടയാനുള്ള നിയമത്തിലേക്ക് ഇന്ത്യന്‍ പാര്‍ലമെൻ്റിനെ എത്തിച്ചത്. ഇതിലൂടെ രാജ്യത്തെ ലിംഗ അനുപാതത്തിലെ അസമത്വം മറികടക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നു.
പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായുള്ള ഇന്ത്യന്‍ നിയമങ്ങള്‍
- ലിംഗ നിര്‍ണയ നിരോധന നിയമം 1994
- ഹിന്ദു പിന്തുടര്‍ച്ച ഭേദഗതി നിയമം 2005
- കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം 2009
- ശൈശവ വിവാഹ നിരോധന നിയമം 2006
- ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ചില്‍ഡ്രന്‍) ആക്‌ട് 2015.