തൃശൂർ : മസ്‌തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവച്ചു. വനം വകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 65 അംഗ ദൗത്യ സംഘമാണ് ആനയെ മയക്കുവെടിവച്ചത്. രണ്ട് ദിവസമായി നടത്തി വന്നിരുന്ന തെരച്ചിലിനൊടുവിൽ ഇന്ന് (ജനുവരി 24) രാവിലെയാണ് പരിക്കേറ്റ ആനയെ കണ്ടെത്തിയത്.
ഇന്ന് (ജനുവരി 24) രാവിലെയാണ് ആന കാടിറങ്ങിയത്. ആന മുളങ്കാട്ടിലേക്കും ചാലക്കുടി പുഴയിലേക്കും പോകാതിരിക്കാനായി വാഹനങ്ങൾ കൊണ്ട് വലയം തീർത്ത ശേഷമാണ് കാലടി പ്ലാന്‍റേഷനിൽ വച്ച് മയക്കുവെടിവച്ചത്. ദൗത്യസംഘത്തിന്‍റെ നീക്കം മൂന്നാം ദിവസമാണ് ലക്ഷ്യം കണ്ടത്. നാലുതവണ മയക്കുവെടി വച്ചതിൽ ഒരെണ്ണം ആനയുടെ പിൻകാലിലേറ്റു. തുടർന്ന് ആന ക്ഷേത്രത്തിന്‍റെ സമീപത്തേക്ക് നീങ്ങിയതോടെ ദൗത്യസംഘവും പിന്തുടർന്നു.
ഇന്ന് രാവിലെ 8.30ന് ശേഷമാണ് ആനയെ മയക്കുവെടി വച്ചത്. ശേഷം ചികിത്സ ആരംഭിച്ചു. ആനയുടെ ശരീരം തണുപ്പിക്കാൻ വെള്ളം ഒഴിക്കുകയാണ് ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു. സ്‌റ്റാൻഡിങ് പൊസിഷനിൽ മയങ്ങിയ ആനയെ വിദഗ്‌ധ ഡോക്‌ടർമാരുടെ സംഘം പരിശോധിച്ച് ചികിത്സ നൽകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുറിവിൽ ഈച്ച വരാതിരിക്കുന്നതിനായി തുമ്പിക്കൈ ഉപയോഗിച്ച് പൊടിയും ചളിയും മുറിവിലേക്ക് ആന ഇട്ടിരുന്നു. ഇവ നീക്കം ചെയ്‌ത് വേണം മുറിവിന് ചികിത്സ നൽകാനെന്ന് വനപാലകർ അറിയിച്ചു. ചികിത്സയ്ക്ക് ശേഷം ആനയെ ഉൾവനത്തിലേക്ക് കടത്തിവിടാനാണ് വനം വകുപ്പിന്‍റെ തീരുമാനം.
മുറിവുണങ്ങാൻ സമയമെടുക്കുമെന്നും അവർ അറിയിച്ചു. തുടർന്ന് ആനയുടെ നീക്കം ദൗത്യസംഘം നിരീക്ഷിക്കും. ആനക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് വനപാലകരുടെ നിഗമനം. വാഴച്ചാൽ അതിരപ്പിളളി ഏഴാറ്റുമുഖം ഫോറസ്‌റ്റ് സ്‌റ്റേഷൻ പരിധിയിലാണ് മസ്‌തകത്തിൽ മുറിവേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തിയത്. കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ, കുത്തേറ്റതാണ് മുറിവിന് കാരണം.
Also Read: മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാന കരയ്‌ക്ക് കയറി; അവശനെന്ന് ഡിഎഫ്ഒ