ന്യൂഡൽഹി: ബിജെപിയെ നേരിട്ട് വെല്ലുവിളിക്കാൻ കഴിയുന്ന സീറ്റിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) ജനറൽ സെക്രട്ടറി ഡി രാജ. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കേരളത്തിലെ വയനാട്ടിൽ നിന്ന് മത്സരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഡി രാജയുടെ പരാമര്‍ശം.
വയനാട്ടിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി ഡി രാജയുടെ ഭാര്യ ആനി രാജയാണ് മത്സരിക്കുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ നേരിട്ട് വെല്ലുവിളിക്കാൻ കഴിയുന്ന സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡി രാജ. ഒരു സീറ്റിൽ നിന്ന് ആരെ മത്സരിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ഒരു രാഷ്‌ട്രീയ പാർട്ടിയുടെ അധികാരമാണെന്ന വാദത്തിന് പിന്നാലെയാണ് ഇത്തരമൊരു പരാമര്‍ശവും.
എൽഡിഎഫിനുള്ളിൽ, സിപിഐക്ക് മത്സരിക്കാൻ നാല് സീറ്റുകൾ ലഭിച്ചു, അതിലൊന്നാണ് വയനാട്, അതിനാൽ ഞങ്ങൾ ഞങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അത് ഏത് രാഷ്‌ട്രീയത്തിന്‍റെയും അവകാശമാണ്. ഒരു നിയോജക മണ്ഡലത്തിൽ നിന്ന് പാർട്ടി അതിന്‍റെ സ്ഥാനാർഥിയെ തെരഞ്ഞെടുക്കും. എന്നാൽ, ഗാന്ധി സംസ്ഥാന നേതാവല്ലെന്നും ദേശീയ നേതാവും കോൺഗ്രസിന്‍റെ മുൻ അധ്യക്ഷനുമാണെന്നും വയനാട്ടിൽ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്‍റെ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.