കേരളം

kerala

ETV Bharat / bharat

സൈന്യത്തെ ദുര്‍ബലമാക്കാന്‍ ഇന്ത്യ സഖ്യം അനുവദിക്കില്ല; അഗ്നിവീറിനെതിരെ വീണ്ടും രാഹുല്‍ - Rahul slams govt on Agniveer - RAHUL SLAMS GOVT ON AGNIVEER

വീരമൃത്യു വരിച്ച അഗ്നിവീര്‍ അജയകുമാറിന്‍റെ കുടുംബത്തിന് ആറ് മാസമായിട്ടും നഷ്‌ടപരിഹാരം നല്‍കിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി.

INDIA BLOC  ARMY  അഗ്നിവീര്‍  അജയകുമാര്‍
Rahul Gandhi (ANI)

By ETV Bharat Kerala Team

Published : Jul 6, 2024, 1:30 PM IST

ന്യൂഡല്‍ഹി:അഗ്നിവീര്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യ സഖ്യം ഒരിക്കലും സൈന്യത്തെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രക്തസാക്ഷിത്വം വഹിച്ച അജയകുമാര്‍ എന്ന അഗ്നിവീറിന്‍റെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഒരു രൂപ പോലും സഹായം കിട്ടിയിട്ടില്ലെന്നും രാഹുല്‍ എക്‌സില്‍ പോസ്റ്റ് ചെയ്‌ത ഒരു വീഡിയോയില്‍ ആരോപിച്ചു. ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്നുള്ള തുക മാത്രമാണ് ഇതുവരെ അദ്ദേഹത്തിന്‍റെ കുടുംബത്തിന് ലഭിച്ചത്. നഷ്‌ടപരിഹാരവും ഇന്‍ഷ്വറന്‍സും തമ്മില്‍ വ്യത്യാസമുണ്ട്. സര്‍ക്കാര്‍ നല്‍കേണ്ട ഒരു സഹായവും അജയകുമാറിന്‍റെ കുടുംബത്തിന് കിട്ടിയിട്ടില്ല.

രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച ഓരോ ജവാന്‍റെയും കുടുംബത്തെ നാം ആദരിക്കണം. എന്നാല്‍ മോദി സര്‍ക്കാര്‍ അവരെ വേര്‍തിരിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. താന്‍ അഗ്നിവീര്‍ വിഷയം ഇനിയും ഉയര്‍ത്തും. സര്‍ക്കാര്‍ എന്ത് പറഞ്ഞാലും ദേശീയ സുരക്ഷ പ്രശ്നമായ ഇത് താന്‍ ഉയര്‍ത്തിപ്പിടിക്കും. സൈന്യത്തെ ദുര്‍ബലപ്പെടുത്താന്‍ അനുദിക്കില്ല.

ആറ് മാസമായി അജയകുമാര്‍ മരിച്ചിട്ട്. ഇനിയും ഒരു രൂപ പോലും കിട്ടിയിട്ടില്ല. ശമ്പള കുടിശിക പോലും നല്‍കാത്തത് എന്ത് കൊണ്ടാണെന്നും രാഹുല്‍ ആരാഞ്ഞു. രാജ്യത്ത് ഇപ്പോള്‍ രണ്ട് തരം ജവാന്‍മാരുണ്ടായിരിക്കുന്നു. ഒന്ന് സാധാരണ ജവാന്‍മാരും മറ്റൊന്ന് അഗ്നിവീറുകളും. രണ്ട് പേരും പക്ഷേ രാജ്യത്തിന് വേണ്ടിയാണ് ജീവന്‍ തൃജിക്കുന്നത്.

എന്നാല്‍ ഒരാളെ മാത്രം ഔദ്യോഗിക രക്തസാക്ഷിയാക്കുന്നു. ഒരാള്‍ക്ക് പെന്‍ഷന്‍ കിട്ടുന്നു. മറ്റേയാള്‍ക്ക് അത് കിട്ടുന്നില്ല. ഒരാള്‍ക്ക് ക്യാന്‍റീന്‍ സൗകര്യങ്ങള്‍ കിട്ടുന്നു. മറ്റേയാള്‍ക്ക് ഇല്ല. ഇതാണ് സത്യം-രാഹുല്‍ ചൂണ്ടിക്കാട്ടി.

അതേസമയം ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം സൈന്യം ചില വ്യക്തത വരുത്തിയിരുന്നു. ഇന്ത്യന്‍ സേന അഗ്നിവീറുകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും വിശദീകരിച്ചു. അഗ്നിവീറിന് നഷ്‌ടപരിഹാരം നല്‍കിയിട്ടില്ലെന്ന് സൈനിക അഡീഷണല്‍ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ എക്‌സില്‍ വ്യക്തമാക്കിയിരുന്നു.

അഗ്നിവീര്‍ അജയകുമാറിന്‍റെ ജീവത്യാഗത്തെ തങ്ങള്‍ ആദരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ സൈനിക ബഹുമതികളോടെ ആയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. നല്‍കാനുള്ള ബാക്കി തുക ഉടന്‍ കൊടുത്ത് തീര്‍ക്കുമെന്നും സൈന്യം വ്യക്തമാക്കി.

സര്‍ക്കാരില്‍ നിന്നുള്ള ഇന്‍ഷ്വറന്‍സ് തുകയായ 48 ലക്ഷം രൂപയും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ഇന്‍ഷ്വറന്‍സ് തുക 50 ലക്ഷവും ധാരണാപത്രം അനുസരിച്ചുള്ള 39,000 രൂപയും അജയ്‌കുമാറിന്‍റെ കുടുംബത്തിന് കൈമാറിക്കഴിഞ്ഞു. എക്‌സ്ഗ്രേഷ്യ തുകയായ 44 ലക്ഷം രൂപയും ക്ഷേമനിധിത്തുക എട്ട് ലക്ഷവും സേവന കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് നല്‍കാനുള്ള 13 ലക്ഷവും സേവനിധിയില്‍ നിന്നുള്ള 2.3 ലക്ഷം രൂപയും അടക്കമുള്ള 67.3 ലക്ഷം രൂപ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായലുടന്‍ കൈമാറും എന്നാണ് സൈന്യത്തിന്‍റെ വിശദീകരണം.

Also Read:അഗ്നിവീറിന്‍റെ കുടുംബത്തിന് നല്‍കിയത് 98.39 ലക്ഷം രൂപ; രാഹുലിന്‍റെ വാദങ്ങള്‍ തള്ളി സൈന്യം

ABOUT THE AUTHOR

...view details