അമേഠി (ഉത്തർപ്രദേശ്) :രാജ്യത്തെതൊഴിലില്ലായ്‌മയേയും വിലക്കയറ്റത്തെയും ഇതുവരെയായി നടപ്പിലാക്കിയ നയങ്ങളെയും അഭിസംബോധന ചെയ്‌ത് ഒരു തെരഞ്ഞെടുപ്പിലെങ്കിലും പോരാടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ചൊവ്വാഴ്‌ച അമേഠിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ ആയിരുന്നു പ്രിയങ്കയുടെ വെല്ലുവിളി. പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടി നിങ്ങൾ എന്താണ് ചെയ്‌തതെന്ന് പൊതുജനങ്ങളോട് പറയൂ എന്ന് മോദിയോട് ആവശ്യപ്പെട്ട പ്രിയങ്ക ഗാന്ധി ഒന്നും ചെയ്യാത്തതിനാൽ പറയാനും ഒന്നുമുണ്ടാകില്ലെന്നും കുറ്റപ്പെടുത്തി.
'ഈ രാജ്യത്തെ ഭരിക്കുന്ന രാഷ്‌ട്രീയം നുണകളുടെ രാഷ്‌ട്രീയമാണ് എന്നതാണ് സത്യം. അവർ കള്ളം പറയുന്നു, എല്ലായിടത്തും പോകുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ഇപ്പോൾ ബോധവാന്മാരാകണം. നിങ്ങളെ അവർ തെറ്റിദ്ധരിപ്പിക്കുകയാണ്. ദൈവത്തിൻ്റെ പേരിൽ വോട്ട് തേടുന്ന അവർ പക്ഷേ ദൈവത്തിൻ്റെ പേരിൽ ജോലി ചെയ്യുന്നില്ല', പ്രിയങ്ക കൂട്ടിച്ചേർത്തു.
ദൈവം ഇന്ന് ജനങ്ങളുടെ മുന്നിൽ നിൽക്കുകയാണെങ്കിൽ, "എൻ്റെ പേരിൽ വോട്ട് ചെയ്യരുത്" എന്ന് പറയുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. പകരം നിങ്ങളുടെ നേതാവ് നിങ്ങൾക്കായി എന്താണ് ചെയ്‌തതെന്ന് ചോദിക്കാൻ ദൈവം ആവശ്യപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദി ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാത്തതിനെയും അതേ റാലിയിൽ പ്രിയങ്ക ഗാന്ധി വിമർശിച്ചു.