ന്യൂഡൽഹി: തെറ്റിദ്ധാരണാജനകമായ പരസ്യങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ പതഞ്ജലി ആയുർവേദ് പ്രമോട്ടർ ബാബാ രാംദേവിനെയും മാനേജിങ് ഡയറക്‌ടർ ആചാര്യ ബാലകൃഷ്‌ണയെയും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് കമ്പനിയുടെ അവകാശവാദങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിന് കോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ചു. കമ്പനിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ കോടതിയുടെ നിർദേശങ്ങൾ അനുസരിക്കുന്നതിൽ പരാജയപ്പെട്ടതിന് രാംദേവിനെയും ബാലകൃഷ്‌ണയെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.
കോടതി ഉത്തരവുകൾ അവഗണിച്ച് പതഞ്ജലി തെറ്റിദ്ധാരണാജനകമായ അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ കണ്ണടച്ചതെന്നും, കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും അവരുടെ പ്രവർത്തനങ്ങളിൽ കൂട്ടുനിൽക്കുകയാണോ എന്നും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. നിങ്ങൾക്ക് ഒന്നും എഴുതി രക്ഷപ്പെടാനാവില്ലെന്ന് ജസ്‌റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് രാംദേവിനും ബാലകൃഷ്‌ണയ്ക്കും വേണ്ടി ഹാജരായ അഭിഭാഷകനോട് പറഞ്ഞു. അനുചിതമായ സത്യവാങ്മൂലം സമർപ്പിച്ചതിന് രാംദേവിനെയും ബാലകൃഷ്‌ണയെയും ബെഞ്ച് വിമർശിച്ചു.
സുപ്രീം കോടതി മാത്രമല്ല, ഈ രാജ്യത്തുടനീളമുള്ള കോടതികൾ പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും മാനിക്കപ്പെടേണ്ടതുണ്ടെന്നും നിങ്ങൾ കോടതിയിൽ നൽകിയ ഉറപ്പ് പാലിക്കണമെന്നും കോടതി പറഞ്ഞു. യോഗ ഗുരു സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന സത്യവാങ്മൂലത്തിലെ പൊരുത്തക്കേടുകളും കോടതി ചൂണ്ടിക്കാട്ടി. ഏപ്രിൽ 10 ന് കേസ് കൂടുതൽ വാദം കേൾക്കാൻ ഷെഡ്യൂൾ ചെയ്‌ത സുപ്രീം കോടതി, അവസരമെന്ന നിലയ്‌ക്ക് രാംദേവിനോടും ബാലകൃഷ്‌ണയോടും അടുത്ത തീയതിയിൽ ഹാജരാകാൻ നിർദേശിച്ചു.