കോഴിക്കോട്: കാന്തപുരവും സിപിഎമ്മും രാഷ്ട്രീയ ലൈൻ മാറ്റിപ്പിടിക്കുന്നോ...? നിലനിൽപ്പിന് കൂട്ടായ്‌മ എന്ന തിരിച്ചറിവിൽ മുസ്‌ലീം സമുദായ സംഘടനകൾ മെല്ലെ ഒന്നിച്ചേക്കും എന്ന സൂചന നൽകുന്നതാണ് കാന്തപുരത്തിന്‍റെ പ്രസ്‌താവനകൾ. രാഷ്ട്രീയ കാര്യലാഭത്തിനപ്പുറം, മാറിയ കാലത്ത് നിലനിൽപ്പാണ് പ്രധാനം എന്ന് മുസ്‌ലീം സംഘടനകളൊക്കെ ഏറെക്കുറേ മനസിലാക്കി കഴിഞ്ഞു. സമസ്‌തയിലും മുസ്‌ലീം ലീഗിലുമെല്ലാം പാളയത്തിൽ പട ഉണ്ടാകുമ്പോൾ നേതാക്കൾ ഇടപെട്ട് പറയുന്ന ഒറ്റ കാര്യമേയുള്ളൂ, ഐക്യപ്പെടുക. അവിടെയാണ് കാന്തപുരവും ലൈൻ മാറ്റിപ്പിടിക്കുന്നത്.
മലബാർ കലാപത്തെ തുടർന്ന് നാടുവിട്ട ഏതാനും മുസ്‌ലീം പണ്ഡിതന്മാർ ഒന്നിച്ച് രൂപീകരിച്ചതാണ് കേരള മുസ്‌ലീം ഐക്യസംഘം. 1924ൽ കേരള ജംഇയ്യത്തുൽ ഉലമയെന്ന സംഘടനയായി അത് മാറി. വളരെക്കാലം സൗഹാർദത്തോടെ മുന്നേറിയ സമസ്‌തയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. 1989ൽ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ 40 അംഗ മുഷാവറ പുനഃസംഘടിപ്പിച്ചു. അതാണ് സുന്നി എപി വിഭാഗം.
രണ്ടായതിന് പിന്നാലെ എപി - ഇകെ വിഭാഗങ്ങൾ തമ്മിൽ വലിയ തർക്കങ്ങളുണ്ടായി. സ്വത്തിന്‍റെയും പള്ളിയുടെയും പേരിലായിരുന്നു അത്. എന്നാൽ നിലവിൽ തർക്കങ്ങളൊക്കെ ഏറെക്കുറേ തീർന്ന മട്ടാണ്. ഉണ്ടെങ്കിൽ തന്നെ അത് സ്ഥാനമാനങ്ങളുടെ പേരിലാണ്. അവിടെയാണ് വീണ്ടും സമുദായ സംഘടനകൾ ഒന്നിച്ച് മുന്നോട്ട് പോകുന്നതിന്‍റെ ചില സൂചനകൾ പ്രകടമാകുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അന്യരായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് വ്യായാമത്തിൽ ഏർപ്പെടുന്നതിനെ കാന്തപുരം വിമർശിച്ചപ്പോൾ അനുകൂലിച്ച് കൂടെ നിന്നത് മുസ്‌ലീം സംഘടന നേതാക്കളും സമസ്‌തയിലെ മത പണ്ഡിതരുമായിരുന്നു. സിപിഎം പക്ഷേ ആ പ്രസ്‌താവനയെ തള്ളി. അത് എപി - സിപിഎം വിള്ളലിന്‍റെ വ്യാപ്‌തിയാണ് തുറന്ന് കാണിക്കുന്നതെന്ന് ഇടത് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ഇത് സിപിഎം പ്രാവർത്തിമാക്കാൻ പോകുന്ന രാഷ്ട്രീയ ലൈനിന്‍റെ പ്രകടമായ ഉദാഹരണമായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ മുസ്‌ലീം ലീഗിനെയും സമസ്‌തയേയും വാനോളം പുകഴ്ത്തിയ സിപിഎം തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്നും പാഠം ഉൾക്കൊണ്ട് തിരിച്ചടിച്ചു. പുകഴ്ത്തിയ നാവുകൊണ്ട് തന്നെ ഇകഴ്ത്തി. കാന്തപുരം വിഭാഗത്തിന്‍റെ വോട്ടിലും ചോർച്ചയുണ്ടായെന്ന് സിപിഎം വൈകാതെ മനസിലാക്കി.
2005ലെ മലപ്പുറം സമ്മേളനത്തിന് പിന്നാലെ സിപിഎം നടപ്പിലാക്കിയ അടവ് നയത്തിൽ പാർട്ടി വലിയ വിജയം കണ്ടിരുന്നു. സ്വതന്ത്രന്മാരെ ഇറക്കി ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കി സീറ്റുകൾ കൈക്കലാക്കാനും സിപിഎമ്മിന് സാധിച്ചു. എന്നാൽ ആ പടക്കുതിരകൾ ഇന്ന് സിപിഎം റൂട്ടിലല്ല. പിവി അൻവറും കാരാട്ട് റസാഖും പോയി. കെടി ജലീൽ മൗനത്തിലാണ്. ബാക്കിയുള്ളത് പിടിഎ റഹീം മാത്രം.
പൊന്നാനിയിൽ കെഎച്ച് ഹംസക്ക് നേരിടേണ്ടി വന്ന വലിയ തിരിച്ചടി കാന്തപുരം വിഭാഗം മുഖം തിരിച്ചത് കൊണ്ടാണെന്ന് സിപിഎമ്മിന് ബോധ്യമായി. ഇവർക്കിടയിലെ പ്രധാന പാലമായ ജലീലിന്‍റെ നീക്കങ്ങളിൽ നിന്ന് കാന്തപുരം വിഭാഗത്തിന് പലതും മനസിലായി കഴിഞ്ഞു. തത്വത്തിൽ ഇതെല്ലാം ഗുണം ചെയ്യുന്നത് മുസ്‌ലീം ലീഗിനാണ്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ സിപിഎം ആഗ്രഹിക്കുന്നതും അത് തന്നെയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ അടിവരയിടുന്നു. ബിജെപിക്ക് വോട്ട് വർധിച്ചപ്പോൾ വലിയ ക്ഷീണം വന്നത് സിപിഎമ്മിനാണ്. ഹിന്ദു വോട്ടുകളിൽ പ്രധാനമായും പരമ്പരാഗത ഈഴവ വോട്ടുകളിൽ വലിയ ചോർച്ച വന്നു. മുസ്‌ലീം പ്രീണനം അമിതമായതാണ് ഈ ചോർച്ചക്ക് കാരണമായതെന്ന് കമ്മിറ്റികൾ ചേർന്ന് അവർ വിലയിരുത്തി. അവിടെയാണ് ഒരു ഹിന്ദുത്വ ലൈൻ എന്ന ആശയത്തിലേക്ക് സിപിഎമ്മും കടന്നത്.
അത് നേതാക്കൾ തുറന്ന് പറയുന്നില്ലെങ്കിലും പ്രവർത്തികളിലും പ്രസ്‌താവനകളിലും അത് പ്രകടമാണ്. എൺപതുകളിലെ ശരീഅത്ത് കാലത്തേതിന് സമാനമായ ഒരു മുസ്‌ലീം വിരുദ്ധതയും ഇതിലൂടെ ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അടർത്തി മാറ്റിയുള്ള രാഷ്ട്രീയത്തിന് വലിയ ആയുസില്ലെന്ന തിരിച്ചറിവിൽ മുന്നോട്ട് പോകുന്ന സിപിഎമ്മിന്‍റെയും നിലനിൽപ്പിന്‍റെ രാഷ്ട്രീയമാണ് മുഖ്യം എന്ന ബോധ്യത്തിൽ നീങ്ങുന്ന കാന്തപുരത്തിന്‍റെയും തുടർ നീക്കങ്ങൾ ഏറെ പ്രസക്തമാണ്.
Also Read: 'ഇസ്‌ലാമിന്‍റെ നിയമങ്ങൾ മതപണ്ഡിതർ പറയും'; എം വി ഗോവിന്ദന് മറുപടിയുമായി കാന്തപുരം